ബെംഗളൂരു: റോഡരികില്‍ ഒരു ലിഫ്റ്റിനായി കാത്തുനില്‍ക്കുന്ന സച്ചിന്‍ തെണ്ടുല്‍ക്കറുടെ ചിത്രമായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയിലെ സൂപ്പര്‍ഹിറ്റ്. വിംബിള്‍ഡണ്‍ കാണാന്‍ ഇംഗ്ലണ്ടിലെത്തിയ സച്ചിന് അവസാന ബസ്സ് മിസ്സായി, ലിഫ്റ്റ് ചോദിച്ച് ബസ് സ്‌റ്റോപ്പില്‍ സച്ചിന്‍ കാത്തിരിക്കുന്നു എന്നായിരുന്നു ചര്‍ച്ച.
'ഗ്രേറ്റ് ഹാസ്ലെ ഓക്‌സ്‌ഫോര്‍ഡിലാണ്. അവസാനത്തെ ബസ്സും മിസ്സായി. ആരങ്കിലും ഒരു ലിഫ്റ്റ് തരാമോ' - എന്ന് ചോദിച്ച് സച്ചിന്‍ തന്നെയാണ് ട്വിറ്ററില്‍ ചിത്രം പോസ്റ്റ് ചെയ്തത്. തങ്ങള്‍ അവിടെയുണ്ടായിരുന്നെങ്കില്‍ എന്ന് സങ്കടപ്പെട്ട് ഇഷ്ടം പോലെ ആരാധകര്‍ സച്ചിന് മറുപടിയും വിട്ടു. താന്‍ അവിടെയുണ്ടായിരുന്നെങ്കില്‍ ലിഫ്റ്റല്ല സച്ചിന് കാര്‍ തന്നെ തന്നേനെ എന്ന് വരെ പറഞ്ഞുകളഞ്ഞു ഒരു ആരാധകന്‍.

പിന്നീടുളള രണ്ട് ദിവസം ഇക്കാര്യത്തെക്കുറിച്ച് വാര്‍ത്തകളൊന്നും ഉണ്ടായിരുന്നില്ല. സച്ചിന്‍ വല്ല വണ്ടിയും കിട്ടി വീട്ടില്‍ പോയോ അവിടെത്തന്നെ കുടുങ്ങിയോ എന്ന് പോലും ആരും അന്വേഷിച്ചില്ല. എന്നാല്‍ അന്ന് തനിക്ക് ബസ് മിസ്സായിട്ടില്ല എന്ന് സച്ചിന്‍ തന്നെ പറഞ്ഞു. താനൊരു തമാശ പറഞ്ഞതാണ് എന്നും അതിലെ തമാശ മാത്രം ആര്‍ക്കും മനസിലായില്ല എന്നും സച്ചിന്‍ ട്വിറ്ററിലെ പുതിയ ചിത്രത്തില്‍ പറയുന്നു.