For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്നും അതോര്‍ത്ത് ഖേദിക്കുന്നു, ചെയ്യാന്‍ പാടില്ലായിരുന്നു! വലിയ നിരാശ പങ്കുവെച്ച് സച്ചിന്‍

ലോക ക്രിക്കറ്റിന്റെ ഇതിഹാസമാണ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍. കാല്‍വെച്ച മൈതാനങ്ങളിലെല്ലാം വിസ്മയങ്ങള്‍ സൃഷ്ടിച്ച അതുല്യ പ്രതിഭയാണ് സച്ചിന്‍. അന്താരാഷ്ട്ര ക്രിക്കറ്റില്‍ കൂടുതല്‍ റണ്‍സ്, സെഞ്ച്വറി, മത്സരം തുടങ്ങി പല വമ്പന്‍ റെക്കോഡും സച്ചിന്റെ പേരില്‍ ഇപ്പോഴും തുടരുകയാണ്. ക്രിക്കറ്റിലെ 'ദൈവം' എന്ന വിശേഷണം നേടിയ താരമാണ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍. വിരോധികളില്ലാത്ത ക്രിക്കറ്റ് താരങ്ങളിലൊരാളാണ് സച്ചിനെന്ന് പറയാം.

നേട്ടങ്ങളുടെ കൊടുമുടികള്‍ സ്വന്തമാക്കി ഇതിഹാസമായി നില്‍ക്കുന്ന സച്ചിന്‍ തന്റെ കരിയറിലെ ഏറ്റവും വലിയ നിരാശയെക്കുറിച്ച് ഒരിക്കല്‍ തുറന്ന് പറഞ്ഞിരുന്നു. അത് 1999ലെ പാകിസ്താന്റെ ഇന്ത്യന്‍ പര്യടനത്തിലെ ടെസ്റ്റ് മത്സരത്തിലാണ് സംഭവിച്ചതെന്നാണ് സച്ചിന്‍ പറയുന്നത്. വലിയ ഇടവേളക്ക് ശേഷം നടന്ന ഇന്ത്യ-പാക് മത്സരമായിരുന്നു അത്. ഇന്ത്യ ജയിക്കുമെന്നുറപ്പിച്ച മത്സരത്തില്‍ 12 റണ്‍സിന് പാകിസ്താനോട് തോല്‍ക്കേണ്ടി വന്നു.

ഈ മത്സരത്തില്‍ കളിയിലെ താരമായത് സച്ചിനായിരുന്നു. എന്നാല്‍ തോല്‍വിയുടെ നിരാശകൊണ്ട് സച്ചിന്‍ പുരസ്‌കാരം ഏറ്റുവാങ്ങാന്‍ വന്നില്ല. ഡ്രസിങ് റൂമിലിരുന്ന് കരയുകയാണ് അദ്ദേഹം ചെയ്തത്. പിന്നീട് തിരിഞ്ഞു നോക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ ഖേദം തോന്നുന്നത് ഈ സംഭവം ഓര്‍ത്താണെന്നാണ് സച്ചിന്‍ പറയുന്നത്. അന്ന് ഭീരുവിനെപ്പോലെ തിരിഞ്ഞുനില്‍ക്കുകയായിരുന്നില്ല വേണ്ടിയിരുന്നത്. ലോകത്തെ അഭിമുഖീകരിക്കാന്‍ തയ്യാറാവണമായിരുന്നു.

അന്ന് പുരസ്‌കാരം വാങ്ങാന്‍ വരാത്തതാണ് ഇന്നും ഖേദമായി തോന്നുന്നതെന്നാണ് ഇതിഹാസം പറയുന്നത്. ഇന്ത്യ-പാക് മത്സരങ്ങള്‍ക്ക് സ്വാഭാവികമായ വാശിയുണ്ടാവും. മുന്‍ കാലങ്ങളില്‍ ഇന്ത്യ-പാക് ക്രിക്കറ്റ് മത്സരം രണ്ട് രാജ്യങ്ങളുടെ അഭിമാന പോരാട്ടം കൂടിയായിരുന്നു. അതുകൊണ്ടുതന്നെ പ്രത്യേകമായ പോരാട്ടവീര്യം ഈ മത്സരങ്ങള്‍ക്കുണ്ടാവും. ഓരോ തോല്‍വികളും വൈകാരികമായിത്തന്നെ താരങ്ങളേയും ആരാധകരേയും ബാധിച്ചിരുന്നുവെന്നതാണ് വസ്തുത.

sachin tendulkar

1999ല്‍ ചെന്നൈയില്‍ നടന്ന ടെസ്റ്റ് മത്സരമാണ് സച്ചിന്റെ കരിയറിലെ ഏറ്റവും വലിയ നിരാശയായി മാറിയത്. ടോസ് നേടിയ പാക് നായകന്‍ വസിം അക്രം ആദ്യം ബാറ്റുചെയ്യാനാണ് തീരുമാനിച്ചത്. 238 റണ്‍സിന് സന്ദര്‍ശകരെ ഒന്നാം ഇന്നിങ്‌സില്‍ പുറത്താക്കാന്‍ ഇന്ത്യക്കായി. അനില്‍ കുംബ്ലെ ആറ് വിക്കറ്റുമായി ശോഭിച്ചപ്പോള്‍ ജവഗല്‍ ശ്രീനാഥ് മൂന്നും സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഒരു വിക്കറ്റും നേടി.

മറുപടിക്കിറങ്ങിയ ഇന്ത്യ 254 റണ്‍സ് നേടി ഒന്നാം ഇന്നിങ്‌സ് ലീഡും സ്വന്തമാക്കി. സൗരവ് ഗാംഗുലി (54), രാഹുല്‍ ദ്രാവിഡ് (53) എന്നിവരുടെ അര്‍ധ സെഞ്ച്വറി പ്രകടനങ്ങളാണ് ഇന്ത്യക്ക് കരുത്തായത്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ പൂജ്യത്തിനാണ് പുറത്തായത്. സക്ലെയ്ന്‍ മുഷ്താഖിനായിരുന്നു വിക്കറ്റ്. ലീഡ് വഴങ്ങി രണ്ടാം ഇന്നിങ്‌സിനിറങ്ങിയ പാകിസ്താന്‍ 286 റണ്‍സാണ് അടിച്ചെടുത്തത്. ഷാഹിദ് അഫ്രീദിയുടെ (141) തകര്‍പ്പന്‍ സെഞ്ച്വറിയും ഇന്‍സമാം ഉല്‍ ഹഖിന്റെ (51) അര്‍ധ സെഞ്ച്വറിയുമാണ് പാകിസ്താന് കരുത്തായത്.

ഇന്ത്യക്കായി വെങ്കടേഷ് പ്രസാദ് ആറും സച്ചിന്‍ ടെണ്ടുല്‍ക്കര്‍ രണ്ടു വിക്കറ്റും വീഴ്ത്തി. 271 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യക്കായി സച്ചിന്‍ (136) സെഞ്ച്വറി നേടി. വാലറ്റത്ത് നയന്‍ മോംഗിയ (52) പൊരുതി നോക്കിയെങ്കിലും 12 റണ്‍സകലെ ഇന്ത്യ വീണു. അഞ്ച് വിക്കറ്റ് വീഴ്ത്തിയ സക്ലെയ്ന്‍ മുഷ്താഖും മൂന്ന് വിക്കറ്റ് വീഴ്ത്തിയ വസിം അക്രവും രണ്ട് വിക്കറ്റ് വീഴ്ത്തിയ വഖാര്‍ യൂനിസും ചേര്‍ന്ന് ഇന്ത്യയെ തകര്‍ക്കുകയായിരുന്നു.

സച്ചിന്റെ തകര്‍പ്പന്‍ പോരാട്ടമാണ് മത്സരത്തില്‍ കണ്ടത്. ഇതോടെയാണ് ഇന്ത്യ തോറ്റിട്ടും സച്ചിനെ തേടി മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരമെത്തിയത്. പന്തുകൊണ്ടും സച്ചിന്‍ തിളങ്ങിയെങ്കിലും വിജയം നേടാനാവാത്തതിന്റെ നിരാശയില്‍ സച്ചിന്‍ മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരം വാങ്ങാന്‍ വിസമ്മതിക്കുകയായിരുന്നു. സച്ചിന്‍ വൈകാരികമായി ഇത്തരത്തില്‍ പ്രതികരിച്ചിട്ടുള്ളത് ചുരുക്കം ചില സന്ദര്‍ഭങ്ങളിലാണെന്ന് പറയാം.

Story first published: Saturday, September 23, 2023, 14:40 [IST]
Other articles published on Sep 23, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+