
ബെംഗളുരു: ഇന്ത്യന്‍ ഫുട്‌ബോള്‍ ക്യാപ്റ്റന്‍ സുനില്‍ ഛേത്രിക്ക് ആശംസകളുമായി ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍. മുപ്പത്തിനാലാം വയസിലെത്തിനില്‍ക്കുന്ന സുനില്‍ ഛേത്രിക്ക് ട്വിറ്ററിലൂടെയാണ് സച്ചിന്‍ ആശംസ നല്‍കിയത്. ആശംസയ്‌ക്കൊപ്പം കൂടുതല്‍ വിജയം വരിച്ച് അടുത്ത ഘട്ടത്തിലേക്ക് കടക്കണമെന്ന ആഗ്രഹവും സച്ചിന്‍ പ്രകടിപ്പിച്ചിട്ടുണ്ട്.
വ്യത്യസ്ത കളികളില്‍ ആണെങ്കിലും ഇന്ത്യന്‍ കായിക രംഗത്തെ പ്രമുഖരായ ഇരുവരും അടുത്ത സുഹൃത്തുക്കള്‍ കൂടിയാണ്. അടുത്തിടെ ഛേത്രിക്കൊപ്പമെടുത്ത ചിത്രവും സച്ചിന്‍ ആശംസയ്‌ക്കൊപ്പം ചേര്‍ത്തിട്ടുണ്ട്. രാജ്യത്തിന് കൂടുതല്‍ കിരീടങ്ങള്‍ നേടിക്കൊടുക്കാന്‍ ഛേത്രിക്ക് കഴിയുമെന്നാണ് സച്ചിന്റെ പ്രതീക്ഷയും വിശ്വാസവും.

സച്ചിന് പിന്നാലെ ഛേത്രിയുടെ ക്ലബ്ബായ ബെംഗളുരു എഫ്‌സിയും ക്യാപ്റ്റന് ആശംസയുമായെത്തി. പൂണെ സിറ്റിക്കെതിരെ ഛേത്രി നേടിയ പനേങ്ക കിക്കിന്റെ വീഡിയോയും അവര്‍ ട്വിറ്ററില്‍ പങ്കുവെച്ചു. കഴിഞ്ഞ ഐഎസ്എല്‍ സെമി ഫൈനലിലായിരുന്നു ഛേത്രി പനേങ്ക കിക്കിലൂടെ പെനാല്‍റ്റി ഗോളാക്കി മാറ്റിയത്.
ഇന്ത്യയ്ക്കുവേണ്ടി ഏറ്റവും അധികം മത്സരങ്ങളില്‍ കളിച്ച ഛേത്രിയാണ് കൂടുതല്‍ ഗോള്‍ നേടിയ താരവും. നിലവില്‍ കളിച്ചുകൊണ്ടിരിക്കുന്ന അന്താരാഷ്ട്ര താരങ്ങളില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയവരില്‍ മൂന്നാം സ്ഥാനത്താണിപ്പോള്‍ ഇന്ത്യന്‍താരം. അടുത്തമാസം യുഎഇയില്‍ നടക്കാനിരിക്കുന്ന എഎഫ്‌സി ഏഷ്യന്‍ കപ്പില്‍ ഛേത്രി തന്നെയാണ് ഇന്ത്യയെ നയിക്കുക.