
ഇന്ത്യയുടെ മുന്‍ ബാറ്റിങ് വിസ്മയം സച്ചിന്‍ ടെണ്ടുല്‍ക്കറെ പുകഴ്ത്തി സൗത്താഫ്രിക്കയുടെ മുന്‍ പേസ് ഇതിഹാസം അലന്‍ ഡൊണാള്‍ഡ്. കരിയറില്‍ താന്‍ നേരിട്ടിട്ടുള്ളവരില്‍ വച്ച് ഏറ്റവും മികച്ച സാങ്കേതികത്തികവുളള ബാറ്റ്‌സ്മാന്‍ സച്ചിനാണെന്നു അദ്ദേഹം വെളിപ്പെടുത്തി. ക്രിക്കറ്റ് ലൈഫ് സ്‌റ്റോറീസെന്ന യൂട്യൂബ് ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് ഡൊണാള്‍ഡ് ഇക്കാര്യം പറഞ്ഞത്.
കരിയറില്‍ ഞാന്‍ നേരിട്ടവരില്‍ ഏറ്റവും സാങ്കേതികത്തികവുള്ള താരം സച്ചിനായിരുന്നു. സൗത്താഫ്രിക്കയില്‍ ഇന്ത്യന്‍ ടീമിനൊപ്പം കളിക്കാന്‍ അദ്ദേഹം വന്നപ്പോഴായിരുന്നു എനിക്ക് ഇതു ബോധ്യമായത്. ഏതു സാഹചര്യത്തിലും ബാറ്റ് ചെയ്യാന്‍ സച്ചിന് സാധിക്കുമെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. ആ സമയത്ത് ഇന്ത്യന്‍ ടീമിലുണ്ടായിരുന്ന മറ്റു താരങ്ങളേക്കാള്‍ മികച്ച ബാറ്റിങ് ടെക്‌നിക്കും സച്ചിനായിരുന്നു. 28-30 ഓവറുകള്‍ സച്ചിന്‍ ക്രീസില്‍ നില്‍ക്കുകയാണെങ്കില്‍ പിന്നീട് അദ്ദേഹത്തെ പുറത്താക്കുകയെന്നത് വളരെയധികം ബുദ്ധിമുട്ടേറിയ കാര്യമായിരുന്നു. മറ്റു ബാറ്റ്‌സ്മാന്‍മാരേക്കാള്‍ നന്നായി സച്ചിന്‍ ബാറ്റ് ചെയ്തു, മാത്രമല്ല മികച്ച ബോളുകളെ അതു പോലെ മികച്ച രീതിയില്‍ തന്നെ ലീവ് ചെയ്തിരുന്നതായും ഡൊണാള്‍ഡ് വിശദമാക്കി.

വെസ്റ്റ് ഇന്‍ഡീസിന്റെ മുന്‍ ബാറ്റിങ് ഇതിഹാസവും ടെസ്റ്റിലെ ഉയര്‍ന്ന വ്യക്തിഗത സ്‌കോറിന്റെ അവകാശിയുമായ ബ്രയാന്‍ ലാറയെയും ഡൊണാള്‍ഡ് പുകഴ്ത്തി. സ്‌ട്രോക്ക് പ്ലേയില്‍ ലാറയെ വെല്ലാന്‍ ലോക ക്രിക്കറ്റില്‍ തന്നെ മറ്റൊരു ബാറ്റ്‌സ്മാന്‍ ഉണ്ടായിരുന്നില്ലെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി. ഞാന്‍ ബൗള്‍ ചെയ്തവരില്‍ എറ്റവും മികച്ച സ്‌ട്രോക്ക് മേക്കര്‍ ലാറയായിരുന്നു. മികച്ച ബാക്ക് ലിഫ്റ്റായിരുന്നു അദ്ദേഹത്തിന്റേത്, വളരെ അഗ്രസീവായി കളിക്കാന്‍ ലാറയ്ക്കാവുമായിരുന്നു. അദ്ദേഹത്തെ പിടിച്ചുനിര്‍ത്താന്‍ നമ്മള്‍ക്കും അതുപോലെ തന്നെ അഗ്രസീവ് കളിക്കേണ്ടിയിരുന്നു.
കാണുന്നയാള്‍ക്കു ചിരി വരുന്ന ചില അസാധാരണ ഷോട്ടുകളും ലാറ കളിക്കുമായിരുന്നുവെന്നും ഡൊണാള്‍ഡ് നിരീക്ഷിച്ചു. സച്ചിന്‍, ലാറ എന്നിവരെക്കൂടാതെ ഓസ്‌ട്രേലിയയുട മുന്‍ നായകന്‍ സ്റ്റീവ് വോ, ഇംഗ്ലണ്ടിന്റെ മൈക്കല്‍ അതേര്‍ട്ടന്‍ എന്നിവരാണ് താന്‍ കണ്ടിട്ടുള്ള മറ്റു മികച്ച ബാറ്റ്‌സ്മാന്‍മാരെന്നും ഡൊണാള്‍ഡ് കൂട്ടിച്ചേര്‍ത്തു.
അതേസമയം, ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ ദീര്‍ഘവീക്ഷണത്തെയും ആത്മവിശ്വാസത്തെയും ഡൊണാള്‍ഡ് പ്രശംസിക്കുകയും ചെയ്തിട്ടുണ്ട്. ടെസ്റ്റില്‍ ലോകത്തിലെ നമ്പര്‍ വണ്‍ ടീമായി ഇന്ത്യ മാറുനെന്നു കോലിക്കു നേരത്തേ തന്നെ ഉറപ്പുണ്ടായിരുന്നുവെന്നും ഇക്കാര്യം തന്നോടു 2015ല്‍ പറഞ്ഞിരുന്നതായും അദ്ദേഹം വെളിപ്പെടുത്തി. 2015ല്‍ കോലിയുമായി ഞാന്‍ സംസാരിച്ചിരുന്നു. ഇന്ത്യന്‍ ടീമിന്റെ ഭാവിടെക്കുറിച്ച് അദ്ദേഹത്തിനു കൃത്യമായ പ്ലാനിങുണ്ടായിരുന്നു. ലോകത്തിലെ ഏറ്റവും ഫിറ്റ്‌നസുള്ള ടീമായി ഇന്ത്യയെ മാറ്റിയെടുക്കണമെന്നാണ് ആഗ്രഹിക്കുന്നത്. കൂടാതെ ലോകത്തിലെ ഏറ്റവും മികച്ച ടീമായും ഇന്ത്യയെ താന്‍ മാറ്റുമെന്നു കോലി പറഞ്ഞിരുന്നതായി ഡൊണാള്‍ഡ് വ്യക്തമാക്കി.
ഇന്ത്യന്‍ പേസ് ബൗളിങിന്റെ കുന്തമുനയായ ജസ്പ്രീത്് ബുംറയെ സൗത്താഫ്രിക്കന്‍ ഇതിഹാസം പ്രശംസിക്കുകയും ചെയ്തു. കരിയറില്‍ ബുംറ ഇപ്പോള്‍ ഏറെ ദൂരം മുന്നേറിയിരിക്കുകയാണ്. ഏതെങ്കിലുമൊരു ഫോര്‍മാറ്റിലല്ല, മറിച്ച് എല്ലാ ഫോര്‍മാറ്റുകളിലും അദ്ദേഹം സെന്‍സേഷനായി മാറിയിരിക്കുകയാണെന്നും ഡൊണാള്‍ഡ് വിലയിരുത്തി. ഇംഗ്ലണ്ടിനെതിരേ ഇപ്പോള്‍ നടക്കുന്ന ടെസ്റ്റ് പരമ്പരയില്‍ മികച്ച പ്രകടനമാണ് ബുംറ കാഴ്ചവച്ചു കൊണ്ടിരിക്കുന്നത്. നിലവില്‍ പരമ്പരയില്‍ കൂടുതല്‍ വിക്കറ്റുകളെടുത്തതും അദ്ദേഹമാണ്. രണ്ടു ടെസ്റ്റുകളില്‍ നിന്നും 12 വിക്കറ്റുകളാണ് ബുംറ കൊയ്തത്. ഓരോ തവണ അഞ്ചു വിക്കറ്റും നാലു വിക്കറ്റും അദ്ദേഹം നേടുകയും ചെയ്തു.