ഇന്ത്യന്‍ ക്രിക്കറ്റിന്റെ ചരിത്രത്തില്‍ സുവര്‍ണ ലിപികളാല്‍ കുറിക്കപ്പെട്ട പേരുകളിലൊന്നാണ് മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണിയുടേത്. കാരണം മറ്റൊരു ഇന്ത്യന്‍ ക്യാപറ്റനും സാധിച്ചട്ടില്ലാത്ത അപൂര്‍നേട്ടങ്ങളുടെ അവകാശിയാണ് അദ്ദേഹം. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത് മൂന്ന് ഐസിസി ട്രോഫികള്‍ സ്വന്തമാക്കിയ ലോകത്തിലെ ഏക ക്യാപ്റ്റന്‍ ധോണിയാണെന്നതാണ്.
ടി20 ലോകകപ്പ്, ഏകദിന ലോകകപ്പ്, ചാംപ്യന്‍സ് ട്രോഫി എന്നിവയാണ് അദ്ദേഹം ടീമിനു സമ്മാനിച്ചിട്ടിള്ള പകരം വയ്ക്കാനില്ലാത്ത ട്രോഫികള്‍. 2007ലെ പ്രഥമ ടി20 ലോകകപ്പില്‍ ഇന്ത്യയെ ജേതക്കളാക്കി വരവറിയിച്ച ധോണി 2011ല്‍ ഏകദിന ലോകകപ്പും 13ല്‍ ചാംപ്യന്‍സ് ട്രോഫിയും ടീമിനു നേടിത്തന്നു.

ടെസ്റ്റില്‍ ചരിത്രത്തിലാദ്യമായി ഇന്ത്യയെ നമ്പര്‍ വണ്‍ റാങ്കിലെത്തിച്ച ക്യാപ്റ്റനും ധോണി തന്നെ. 2009ലായിരുന്നു ഇത്. എന്നാല്‍ അദ്ദേഹത്തെ ദേശീയ ടീമിന്റെ നായകസ്ഥാനത്തേക്കു കൊണ്ടുവരുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചത് ബാറ്റിങ് ഇതിഹാസമായ സാക്ഷാല്‍ സച്ചിന്‍ ടെണ്ടുല്‍ക്കറാണ്. ഇതു എങ്ങനെയാണെന്നു അറിയാം.
ധോണി നായകസ്ഥാനത്തേക്ക്
എംഎസ് ധോണി ഇന്ത്യന്‍ ടീമിന്റെ നായകസ്ഥാനത്തേക്കു എങ്ങനെയാണ് എത്തുന്നതെന്നു സച്ചിന്‍ ടെണ്ടുല്‍ക്കര്‍ തന്നെയാണ് ഒരിക്കല്‍ വെളിപ്പെടുത്തിയത്. 2022ല്‍ ഇന്‍ഫോസിസ് സംഘടിപ്പിച്ച ഒരു പരിപാടിയില്‍ സംസാരിക്കവെയാണ് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ ഇതേക്കുറിച്ച് പറഞ്ഞത്.
തന്നേക്കാല്‍ ജൂനിയറായ ധോണിയില്‍ നല്ലൊരു ലീഡറെ തനിക്കു കാണാന്‍ സാധിച്ചുവെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. അവിശ്വസനീയ ക്രിക്കറ്റ് കരിയറില്‍ ഒരു ബാറ്ററെന്ന നിലയില്‍ ഒട്ടുമിക്ക റെക്കോഡുകള്‍ കുറിച്ചിച്ചും സച്ചിന്റെ കരിയറിലെ ഏക കുറവ് ഒരു ലോക കിരീടമില്ലെന്നതായിരുന്നു. 2011ല്‍ അദ്ദേഹത്തിന്് ഇതു നേടിക്കൊടുത്തതും ധോണി തന്നെയാണ്. സച്ചിന്റെ കരിയറിലെ ആറാമത്തെയും അവസാനത്തെയും ലോകകപ്പ് കൂടിയായിരുന്നു ഇത്.
അന്ന് ഇംഗ്ലണ്ടില്‍ വച്ചായിരുന്നു ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റന്‍സി എനിക്ക് ഓഫര്‍ ചെയ്യപ്പെട്ടത്. എന്നേക്കാള്‍ ജൂനിയറായിട്ടുള്ള വളരെ നല്ലൊരു ലീഡര്‍ ടീമിലുണ്ടെന്നു ഞാന്‍ അവരോടു പറഞ്ഞു. നിങ്ങള്‍ അവനെ വളരെ സൂക്ഷ്മമായി നിരീക്ഷണമെന്നും ആവശ്യപ്പെട്ടു. സ്ലിപ്പില്‍ ഫീല്‍ഡ് ചെയ്യവെ ഒരുപാട് ഞങ്ങള്‍ തമ്മില്‍ പല കാര്യങ്ങളും ചര്‍ച്ച ചെയ്തിട്ടുണ്ട്. നിനക്ക് എന്താണ് തോന്നുന്നതെന്നും ചോദിക്കാറുണ്ടായിരുന്നു.

ക്യാപ്റ്റന്‍ രാഹുലായിരുന്നെങ്കിലും (രാഹുല്‍ ദ്രാവിഡ്) ഞാന്‍ ധോണിയോടു പല കാര്യങ്ങളിലും അഭിപ്രായങ്ങള്‍ തിരക്കിയികുന്നു. വളരെ ശാന്തമായി, സന്തുലിതവും പക്വതയുമുള്ള മറുപടികളാണ് എനിക്കു അവനില്‍ നിന്നും ലഭിച്ചിരുന്നത്. എതിരാളികളേക്കാള്‍ ഒരുപടി മുന്നി നില്‍ക്കുന്നതാണ് മികച്ച ക്യാപ്റ്റന്‍സി. ആ തരത്തില്‍ സ്മാര്‍ട്ടായി കാര്യങ്ങള്‍ ചെയ്യുന്നയാളെയാണ് വേണ്ടത്.
പെട്ടെന്നു അതു സംഭവിക്കില്ല, 10 ബോളുകളില്‍ നിങ്ങള്‍ക്കു 10 വിക്കറ്റുകള്‍ ലഭിക്കില്ല. നിങ്ങള്‍ അതു പ്ലാന്‍ ചെയ്യണം. ഏറ്റവും അവസാനം സ്‌കോര്‍ ബോര്‍ഡ് തന്നെയാണ് പ്രധാനം. ധോണിയില്‍ ഞാന്‍ ഈ ഗുണങ്ങളെല്ലാം ഞാന്‍ കണ്ടു. അതുകൊണ്ടാണ് നായകസ്ഥാനത്തേക്കു പേരും ശുപാര്‍ശ ചെയ്തതെന്നും സച്ചിന്‍ വിശദമാക്കിയിരുന്നു.
2007ലെ ടി20 ലോകകപ്പിലൂടെയാണ് ക്യാപ്റ്റനായുള്ള ധോണിയുടെ തുടക്കം. 2008ന്റെ അവസാനത്തോടെ അദ്ദേഹം ഓള്‍ ഫോര്‍മാറ്റ് ക്യാപ്റ്റനാവുകയും ചെയ്തു. 200 ഏകദിനങ്ങളിലാണ് ധോണി ടീമിനെ നയിച്ചത്. ഇതില്‍ 110ലും ടീം വിജയിച്ചു.
ഇത്രയും കളി ജയിച്ച മറ്റൊരു ഇന്ത്യന്‍ ക്യാപ്റ്റനുമില്ല. ടെസ്റ്റില്‍ 60 മല്‍സരങ്ങളില്‍ 27 ജയമാണ് ധോണിക്കു കീഴില്‍ ടീം നേടിയത്. ടി20യിലാവട്ടെ 72 മല്‍സരങ്ങളില്‍ 41 ജയവും അദ്ദേഹം ടീമിനു നേടിത്തന്നു.