ലോകം കണ്ട എക്കാലത്തെയും മികച്ച ബാറ്റിങ് ഇതിഹാസങ്ങളെയെടുത്താല്‍ അവിടെ തീര്‍ച്ചയായും തലപ്പത്തു തന്നെ നമുക്കു ഇന്ത്യന്‍ വിസ്മയം സച്ചിന്‍ ടെണ്ടുല്‍ക്കറെ കാണാം. വ്യത്യസ്ത തലമുറകളില്‍പ്പെട്ട ലോകോത്തര ബൗളര്‍മാരെ തന്റെ അസാധാരണ ബാറ്റിങ് പാടവം കൊണ്ടു മെരുക്കിയെടുത്ത താരമാണ് അദ്ദേഹം. റെക്കോര്‍ഡുകള്‍ തകര്‍ക്കുന്നത് ഒരു ഹോബിയാക്കി മാറ്റിയ സച്ചിന്‍ വിരമിക്കുമ്പോഴേക്കും ഒട്ടുമിക്ക റെക്കോര്‍ഡുകളും തന്റെ പേരില്‍ കുറിക്കുകയും ചെയ്തിരുന്നു. ഇതില്‍ പലതും എക്കാലവും തകര്‍ക്കപ്പെടാതെ നിലനില്‍ക്കുകയും ചെയ്യുന്നവയാണ്.
യഥാര്‍ഥത്തില്‍ വെറുമൊരു ബാറ്റിങ് ജീനിയസ് മാത്രമായി ഒതുക്കപ്പെടേണ്ട ക്രിക്കറ്ററല്ല സച്ചിനെന്നു പറയാം. ബൗളിങില്‍ അദ്ദേഹത്തിന്റെ ചില പ്രകടനങ്ങള്‍ ആരെയും അതിശയിപ്പിക്കുന്നതാണ്. എന്നാല്‍ സച്ചിന്റെ മാജിക്കല്‍ ബൗളിങ് പ്രകടനങ്ങളെക്കുറിച്ച് ആരും തന്നെ ചര്‍ച്ച ചെയ്യാറില്ലെന്നതാണ് യാഥാര്‍ഥ്യം. വിക്കറ്റുകളെടുക്കാന്‍ ശേഷിയുള്ള മികച്ചൊരു വലംകൈയന്‍ ലെഗ് ബ്രേക്ക്- ഓഫ് ബ്രേക്ക് ബൗളര്‍ കൂടിയായിരുന്നു സച്ചിന്‍.

ഏകദിന ക്രിക്കറ്റില്‍ ഇതിഹാസ ബൗളര്‍മാരായ ഗ്ലെന്‍ മഗ്രാത്ത്, ബ്രെറ്റ് ലീ, വസീം അക്രം, ഷുഐബ് അക്തര്‍, അലന്‍ ഡൊണാള്‍ഡ്, ഷെയ്ന്‍ ബോണ്ട് തുടങ്ങിയവര്‍ക്കോ ആധുനിക ക്രിക്കറ്റിലെ ബെസ്റ്റായ ജസ്പ്രീത് ബുംറയ്‌ക്കോയില്ലാത്ത ഒരു അപൂവ്വ റെക്കോര്‍ഡ് ഇപ്പോഴും സച്ചിന്റെ പേരില്‍ ഭദ്രമാണ്. ഇതു എന്താണെന്നു അറിയാം.
ഏകദിന മല്‍സരത്തില്‍ ഒന്നിലേറെ തവണ 50ാം ഓവറില്‍ ആറോ, അതില്‍ താഴെയോ റണ്‍സ് പ്രതിരോധിച്ചു ടീമിനെ വിജയിപ്പിച്ചിട്ടുള്ള ലോക ക്രിക്കറ്റിലെ ഒരേയൊരു ബൗളര്‍ സച്ചിനാണ്. ഇതു ആര്‍ക്കും അവിശ്വസനീയമായി തോന്നിയേക്കാം. പക്ഷെ സത്യമാണിത്.
രണ്ടു തവണയാണ് ഇന്നിങ്‌സിലെ അവസാനത്തെ ഓവറില്‍ റണ്‍സ് പ്രതിരോധിച്ച് സച്ചിന്‍ ഇന്ത്യയുടെ ഹീറോയായിട്ടുള്ളത്. 1993ലായിരുന്നു ആദ്യമായി ഇതു സംഭവിച്ചതെങ്കില്‍ മൂന്നു വര്‍ഷങ്ങള്‍ക്കു ശേഷം 1996ല്‍ സച്ചിന്‍ ഈ മാജിക്ക് ഒരിക്കല്‍ക്കൂടി ആവര്‍ത്തിക്കുകയും ചെയ്തു.
1993ല്‍ കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ വച്ച് സൗത്താഫ്രിക്കയ്‌ക്കെതിരേയായിരുന്നു സച്ചിന്‍ ആദ്യമായി ആറോ അതില്‍ താഴെയോ റണ്‍സ് പ്രതിരോധിച്ചു ഇന്ത്യക്കു നാടകീയ വിജയം സമ്മാനിച്ചത്. ഹീറോ കപ്പിന്റെ ആദ്യ സെമി ഫൈലിലായിരുന്നു ഇത്.
അന്നു തോല്‍വിയുടെ വക്കില്‍ നിന്നും ഇന്ത്യ രണ്ടു റണ്‍സിന്റെ ത്രസിപ്പിക്കുന്ന വിജയം സ്വന്തമാക്കുകയും ചെയ്തു. ഒരോവര്‍ മാത്രമേ ഈ കളിയില്‍ സച്ചിനെക്കൊണ്ട് അന്നത്തെ ക്യാപ്റ്റനായിരുന്ന മുഹമ്മദ് അസ്ഹറുദ്ദീന്‍ ബൗള്‍ ചെയ്യിച്ചുള്ളൂ. ഇതാവട്ടെ 50ാം ഓവറുമായിരുന്നു. വിക്കറ്റൊന്നുംം ലഭിച്ചില്ലെങ്കിലും മൂന്നു റണ്‍സ് മാത്രമേ സച്ചിന്‍ വിട്ടുകൊടുത്തുള്ളൂ.

അതിനു ശേഷം 1996ല്‍ മൊഹാലിയില്‍ വച്ച് ഓസ്‌ട്രേലിയക്കെതിരേയായിരുന്നു പന്ത് കൊണ്ട് സച്ചിന്റെ മാജിക്കല്‍ പ്രകടനം. ടൈറ്റന്‍ കപ്പിലെ ഒമ്പതാമത്തെ മല്‍സരത്തിലായിരുന്നു ഇത്. അന്നു ടീമിനെ നയിച്ചതും സച്ചിനാണ്. അവസാന ഓവറില്‍ അദ്ദേഹം സ്വയം ബൗള്‍ ചെയ്യാന്‍ മുന്നോട്ടു വരികയായിരുന്നു. മല്‍സരത്തില്‍ ഇന്ത്യ അഞ്ചു റണ്‍സിനു ഓസ്‌ട്രേലിയയെ വീഴ്ത്തുകയും ചെയ്തിരുന്നു.
അതേസമയം, സച്ചിന്റെ ബൗളിങ് റെക്കോര്‍ഡ് നോക്കിയാല്‍ ഏകദിനത്തിലും ടെസ്റ്റിലും മികച്ച പ്രകടനമാണ് നടത്തിയിട്ടുള്ളതെന്നു കാണാം. ഏകദിനത്തില്‍ 463 മല്‍സരങ്ങളില്‍ കളിച്ചിട്ടുള്ള അദ്ദേഹം 154 വിക്കറ്റുകളും തന്റെ പേരില്‍ കുറിച്ചിട്ടുണ്ട്. രണ്ടു അഞ്ചു വിക്കറ്റ് നേട്ടമുള്‍പ്പെടെയാണിത്. 32 റണ്‍സിനു അഞ്ചു പേരെ പുറത്താക്കിയതാണ് സച്ചിന്റെ കരിയര്‍ ബെസ്റ്റ് പ്രകടനം. ടെസ്റ്റിലാവട്ടെ 200 മല്‍സരങ്ങളില്‍ നിന്നും 46 വിക്കറ്റുകളും അദ്ദേഹം വീഴ്ത്തിയിട്ടുണ്ട്.