സെഞ്ച്വറിയടിക്കാന്‍ സച്ചിനറിയാം, അത് ഡബിളും ട്രിപ്പിളുമാക്കാനറിയില്ല!- കപില്‍ ദേവ്
ഇന്ത്യന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ പ്രതിഭയുടെ കാര്യത്തില്‍ ആര്‍ക്കും എതിരഭിപ്രായം ഉണ്ടാവില്ല. കാരണം മാസ്റ്റര്‍ ബ്ലാസ്റ്ററുടെ റെക്കോര്‍ഡുകള്‍ ആരെയും അദ്ഭുതപ്പെടുത്തുന്നതാണ്. എന്നാല്‍ സച്ചിന്‍ തന്റെ കഴിവ് പൂര്‍ണമായി ഉപയോഗപ്പെടുത്തിയില്ലെന്നു അഭിപ്രായപ്പെട്ടിരിക്കുകയാണ് 1983ല്‍ ഇന്ത്യയെ ലോകകപ്പ് വിജയത്തിലേക്കു നയിച്ച മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ കപില്‍ ദേവ്.
ടെസ്റ്റ് ക്രിക്കറ്റിലെ സച്ചിന്റെ ബാറ്റിങ് പ്രകടനത്തെക്കുറിച്ചാണ് കപില്‍ അഭിപ്രായംതുറന്നു പറഞ്ഞിരിക്കുന്നത്. സെഞ്ച്വറികള്‍ എങ്ങനെ ഡബിളും ട്രിപ്പിളുമാക്കി മാറ്റണമെന്ന് സച്ചിന് അറിയില്ലായിരുന്നുവെന്നാണ് കപില്‍ പറയുന്നത്. ടെസ്റ്റില്‍ ആറു ഡബിളുകള്‍ നേടിയ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ക്കു പക്ഷെ ഒരു ട്രിപ്പിള്‍ സെഞ്ച്വറി അവകാശപ്പെടാനില്ല. ടെസ്റ്റിലെ ഡബിള്‍ സെഞ്ച്വറിക്കാരുടെ ലിസ്റ്റെടുത്താല്‍ ആദ്യ പത്തില്‍പ്പോലും സച്ചിന്‍ ഇല്ല. 12ാം സ്ഥാനത്താണ് അദ്ദേഹം.

സച്ചിനെപ്പോലെ ഒരാളെ കണ്ടിട്ടില്ല
സച്ചിനോളം പ്രതിഭയുള്ള മറ്റൊരു താരത്തെ താന്‍ കണ്ടിട്ടില്ലെന്നു കപില്‍ പറയുന്നു. എങ്ങനെ സെഞ്ച്വറിയടിക്കാമെന്ന് അദ്ദേഹത്തിനറിയാം. പക്ഷെ ബൗളറോട് ദയ കാണിക്കാതെ റണ്‍സ് വാരിക്കൂട്ടുന്ന ബാറ്റ്‌സ്മാനായി ഒരിക്കലും മാറാന്‍ കഴിഞ്ഞില്ല.
സെഞ്ച്വറികള്‍ പൂര്‍ത്തിയാക്കുക എങ്ങനെയെന്നു സച്ചിനു അറിയാമായിരുന്നു. പക്ഷെ ഈ സെഞ്ച്വറികള്‍ എങ്ങനെ ഡബിളും ട്രിപ്പിളുമാക്കാമെന്നതിനെക്കുറിച്ച് അദ്ദേഹത്തിന് വലിയ ധാരണയില്ലായിരുന്നുവെന്നും മുന്‍ ഇന്ത്യന്‍ താരവും നിലവില്‍ വനിതാ ടീമിന്റെ കോച്ചുമായ ഡബ്ല്യുവി രാമനുമായുള്ള അഭിമുഖത്തില്‍ കപില്‍ അഭിപ്രായപ്പെട്ടു.

മൂന്നു ട്രിപ്പിളെങ്കിലും നേടണമായിരുന്നു
ടെസ്റ്റില്‍ ചുരുങ്ങിയത് മൂന്നു ട്രിപ്പിള്‍ സെഞ്ച്വറികളെങ്കിലും സച്ചിന്‍ നേടണമായിരുന്നു. കൂടാതെ 10 ഡബിള്‍ സെഞ്ച്വറി കൂടി കളി മതിയാക്കുന്നതിനു മുമ്പ് അദ്ദേഹം നേടണമായിരുന്നു. കാരണം ഫാസ്റ്റ് ബൗളര്‍മാര്‍ക്കും സ്പിന്നര്‍മാര്‍ക്കുമെതിരേ എല്ലാ ഓവറിലും അദ്ദേഹത്തിനു ബൗണ്ടറി നേടാന്‍ സാധിക്കുമായിരുന്നുവെന്നും കപില്‍ വ്യക്തമാക്കി.
ടെസ്റ്റില്‍ 51 സെഞ്ച്വറികള്‍ സച്ചിന്‍ നേടിയിട്ടുണ്ടെങ്കിലും കന്നി ഡബിള്‍ സെഞ്ച്വറിക്കായി അദ്ദേഹത്തിനു 10 വര്‍ഷം കാത്തിരിക്കേണ്ടി വന്നു. 1999ല്‍ ന്യൂസിലാന്‍ഡില്‍ ഹൈദരാബാദില്‍ നടന്ന ടെസ്റ്റിലായിരുന്നു സച്ചിന്റെ ആദ്യത്തെ ഡബിള്‍ സെഞ്ച്വറി. മാത്രമല്ല ടെസ്റ്റിലെ 51 സെഞ്ച്വറികളില്‍ 20 എണ്ണത്തില്‍ മാത്രമേ അദ്ദേഹത്തിനു 150ന് മുകളില്‍ സ്‌കോര്‍ ചെയ്യാനായിട്ടുള്ളൂ.

മുംബൈയ്ക്കാരുടെ ശൈലി
ഒരുപക്ഷെ മുംബൈക്കാരനായതിനാല്‍ ആയിരിക്കാം സച്ചിന് സെഞ്ച്വറികള്‍ വലിയ ഇന്നിങ്‌സുകളിലേക്കു മാറ്റാന്‍ സാധിക്കാതിരുന്നതെന്നു കപില്‍ പറയുന്നു. പ്രത്യേക മാനസികാവസ്ഥയുള്ളവരാണ് മുംബൈ താരങ്ങള്‍. സെഞ്ച്വറി നേടിയ ശേഷം അടുത്ത മല്‍സരത്തില്‍ പൂജ്യത്തില്‍ നിന്നു തുടങ്ങുകയെന്ന രീതി പിന്തുടരുന്നവരാണ് അവര്‍. ഇതാണ് സച്ചിനും ചെയ്തു പോന്നിരുന്നത്.
എന്നാല്‍ നിങ്ങള്‍ ഈ പാതയില്‍ പോവരുതെന്നും അപകടകാരിയായ ബാറ്റ്‌സ്മാനായി നിങ്ങള്‍ മാറണമെന്നും ബൗളര്‍മാര്‍ ഭയപ്പെടണമെന്നും സച്ചിനോടു പറഞ്ഞിരുന്നു. വളരെ മികച്ച ബാറ്റ്‌സ്മാനായിരുന്നു അദ്ദേഹം. പക്ഷെ സെഞ്ച്വറി നേടിയ ശേഷം പിന്നീട് സിംഗിളുകള്‍ കളിച്ചാണ് സച്ചിന്‍ സ്‌കോര്‍ മുന്നോട്ട് കൊണ്ടുപോയിരുന്നത്. ബൗളറോട് ദയ കാണിക്കാതെ ആക്രമിച്ച് അദ്ദേഹം കളിച്ചിരുന്നില്ലെന്നും കപില്‍ വിലയിരുത്തി.

ഡബിള്‍ സെഞ്ച്വറിയില്‍ കോലി ഒന്നാമന്‍
നിലവിലെ ക്യാപ്റ്റന്‍ വിരാട് കോലിയാണ് ടെസ്റ്റില്‍ കൂടുതല്‍ ഡബിള്‍ സെഞ്ച്വറികളടിച്ച ഇന്ത്യന്‍ താരം. ഏഴു ഡബിളുകള്‍ അദ്ദേഹത്തിന്റെ പേരിലുണ്ട്. അതേസമയം, വീരേന്ദന്ദര്‍ സെവാഗിനും (രണ്ടു തവണ) കരുണ്‍ നായര്‍ക്കും മാത്രമേ ടെസ്റ്റില്‍ ഇന്ത്യക്കായി ട്രിപ്പിള്‍ നേടാനായിട്ടുള്ളൂ.
2013ലാണ് സച്ചിന്‍ ക്രിക്കറ്റില്‍ നിന്നും വിരമിച്ചത്. 200 ടെസ്റ്റുകളില്‍ നിന്നും 54.04 ശരാശരിയില്‍ 15,921 റണ്‍സും 463 ഏകദിനങ്ങളില്‍ നിന്നും 44.83 ശരാശരിയില്‍ 18,426 റണ്‍സും അദ്ദേഹം നേടിയിട്ടുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications