Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

രണ്ടോവര്‍ കൊണ്ട് സച്ചിന്‍ ഡബിള്‍ അടിച്ചേനെ! എന്തിന് ഡിക്ലയര്‍ ചെയ്തു? തുറന്നടിച്ച് യുവി

ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തില്‍ എക്കാലവും ഓര്‍മിക്കപ്പെടുകയും ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്തിട്ടുള്ള വിവാദ സംഭവങ്ങളിലൊന്നാണ് 2004ല്‍ പാകിസ്താനുമായുള്ള മുള്‍ത്താന്‍ ടെസ്റ്റ്. വര്‍ഷങ്ങള്‍ ഏറെ കഴിഞ്ഞിട്ടും ഇപ്പോഴും അന്നത്തെ വിവാദം കത്തിയെരിഞ്ഞിട്ടില്ല. ഇന്ത്യയുടെ ബാറ്റിങ് ഇതിഹാസമായ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഡബിള്‍ സെഞ്ച്വറിക്കു വെറും ആറു റണ്‍സ് മാത്രം അടുത്തെത്തി നില്‍ക്കവെ എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട് അന്നത്തെ ക്യാപ്റ്റനായ രാഹുല്‍ ദ്രാവിഡ് ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു.

ഇതിന്റെ പേരില്‍ ദ്രാവിഡ് ഇപ്പോഴും ക്രൂശിക്കപ്പെടുമ്പോള്‍ സച്ചിനാവട്ടെ ഈ നിരാശ മറക്കാന്‍ ഇനിയും സാധിച്ചിട്ടില്ല. അന്നു ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുമ്പോള്‍ സച്ചിനോടൊപ്പം ക്രീസിന്റെ മറുവശത്തുണ്ടായിരുന്നത് മുന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ യുവരാജ് സിങായിരുന്നു.

SACHIN TENDULKAR

ദ്രാവിഡിന്റെയും അന്നത്തെ ടീം മാനേജ്‌മെന്റിന്റെയും തീരുമാനത്തെ താന്‍ അനുകൂലിക്കുന്നില്ലെന്നാണ് യുവി ഒരു അഭിമുഖത്തില്‍ തുറന്നു പറഞ്ഞത്. അന്നു സ്‌കോറിങിന്റെ വേഗത വര്‍ധിപ്പിക്കണമെന്നും ഡിക്ലയര്‍ ചെയ്യാന്‍ പോവുകയാണെന്നും അതിനു കുറച്ചു മുമ്പ് എനിക്കും സച്ചിനും ടീം മാനേജ്‌മെന്റിന്റെ ഭാഗത്തു നിന്നും സന്ദേശം ലഭിച്ചിരുന്നു.

അതുകൊണ്ടു തന്നെ ഞാനും സച്ചിനും വളരെ അഗ്രസീവായി തന്നെയാണ് ബാറ്റ് ചെയ്തു കൊണ്ടിരുന്നത്. 180കളില്‍ നിന്നും അദ്ദേഹം വളരെ പെട്ടെന്നു 194 റണ്‍സിലെത്തുകയും ചെയ്തു. ഒന്ന്- രണ്ട് ഓവറിനുള്ളില്‍ ആറു റണ്‍സെടുത്ത് സച്ചിനു ഡബിള്‍ തികയ്ക്കാന്‍ കഴിയുമായിരുന്നുവെന്നും യുവരാജ് വ്യക്തമാക്കി.

ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തതിനു ശേഷം ആ ദിവസം എട്ടോ, പത്തോ ഓവറുകള്‍ മാത്രമേ ഞങ്ങള്‍ ബൗള്‍ ചെയ്തിട്ടുള്ളൂ. ഒന്നോ, രണ്ടോ ഓവര്‍ കൊണ്ട് ഈ ടെസ്റ്റില്‍ എന്തെങ്കിലും വ്യത്യാസം വരുമായിരുന്നുവെന്നു ഞാന്‍ കരുതുന്നില്ല. ഞാന്‍ പുറത്തായ ഉടന്‍ തന്നെ അവര്‍ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു.

ആ സമയത്തു ഞാന്‍ സച്ചിന്റെ മുഖത്തേക്കു നോക്കിയപ്പോള്‍ അദ്ദേഹം ഒട്ടും സന്തോഷവാനായല്ല കാണപ്പെട്ടത്. ഒന്ന്- രണ്ടു ഓവറുകള്‍ കൂടി നല്‍കാമായിരുന്നു. സച്ചിന് അനായാസം ഡബിള്‍ സെഞ്ച്വറി തികയ്ക്കാനും കഴിയുമായിരുന്നെന്നും യുവരാജ് സിങ് ചൂണ്ടിക്കാട്ടി.

നിങ്ങള്‍ 180-190 റണ്‍സില്‍ ബാറ്റ് ചെയ്തു കൊണ്ടിരിക്കുമ്പോള്‍ തീര്‍ച്ചയായും ഡബിള്‍ സെഞ്ച്വറി നേടണമെന്നു ആഗ്രഹിക്കും. ടീമാണ് ആദ്യം വരേണ്ടതെന്നു എനിക്കു മനസ്സിലാവും. ഓരോരുത്തര്‍ക്കും വ്യത്യസ്തമായ ബാറ്റിങ് ശൈലിയാണുള്ളത്.

വീരേന്ദര്‍ സെവാഗാണെങ്കില്‍ 194ല്‍ നില്‍ക്കെ സിക്‌സറിനായിരിക്കും ശ്രമിക്കുക. അദ്ദേഹം ഒരുപാട് തവണ 190കളില്‍ പുറത്താവുകയും ചെയ്തിട്ടുണ്ട്. അന്നു സച്ചിന്‍ നല്ല വേഗതയിലാണ് സ്‌കോര്‍ ചെയ്തു കൊണ്ടിരുന്നത്. അദ്ദേഹത്തിനു ഡബിള്‍ സെഞ്ച്വറി വൈകാതെ തന്നെ തികയ്ക്കാനും കഴിയുമായിരുന്നെന്നു യുവി പറയുന്നു.

YUVRAJ SINGH

ടീം ഡിക്ലയര്‍ ചെയ്യാന്‍ ആഗ്രഹിച്ചിരുന്നെങ്കില്‍ സച്ചിന്റെ ഡബിള്‍ സെഞ്ച്വറിക്കു ശേഷം അതു ചെയ്യാമായിരുന്നു. പക്ഷെ അതു ക്യാപ്റ്റന്റെയും കോച്ചിന്റെയുമെല്ലാം തീരുമാനമാണ്. വ്യത്യസ്തമായ അഭിപ്രായങ്ങളായിരിക്കും അവരുടേത്. നമ്മള്‍ അഞ്ചാം ദിവസം രാവിലെ തന്നെ ടെസ്റ്റ് വിജയിക്കുകയും ചെയ്തിരുന്നു.

കളി തീരാന്‍ അഞ്ച്- ആറ് മണിക്കൂറുകള്‍ ശേഷിക്കുകയും ചെയ്തിരുന്നു. പക്ഷെ അതു നമുക്കു നേരത്തേ അറിയുന്ന കാര്യമല്ല. എങ്കിലും ആറു റണ്‍സ് കൂടി നല്‍കാന്‍ സച്ചിനെ അനുവദിക്കുകയായിരുന്നു നമ്മള്‍ അന്നു ചെയ്യേണ്ടിയിരുന്നതെന്നു ഇപ്പോഴും താന്‍ വിശ്വസിക്കുന്നതായും യുവരാജ് കൂട്ടിച്ചേര്‍ത്തു.

ഇന്ത്യ ഇന്നിങ്‌സിനും 52 റണ്‍സിനുമാണ് അന്നു പാകിസ്താനെ തകര്‍ത്തുവിട്ടത്. ഒന്നാമിന്നിങ്‌സില്‍ അഞ്ചു വിക്കറ്റിനു 675 റണ്‍സെന്ന കൂറ്റന്‍ സ്‌കോറില്‍ നില്‍ക്കെയാണ് ഇന്ത്യ ഡിക്ലയര്‍ ചെയ്തത്. വീരേന്ദര്‍ സെവാഗ് (309) കന്നി ട്രിപ്പിള്‍ സെഞ്ച്വറി കുറിച്ച ടെസ്റ്റ് കൂടിയായിരുന്നു ഇത്. സച്ചിന്‍ 348 ബോളില്‍ 21 ഫോറുള്‍പ്പെടെയാണ് പുറത്താവാതെ 194 റണ്‍സെടുത്തത്.

Story first published: Monday, February 12, 2024, 14:47 [IST]
Other articles published on Feb 12, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+