
മുന്‍ ഇന്ത്യന്‍ താരവും മുഖ്യ സെലക്ടറുമായിരുന്ന ആളാണ് ദിലീപ് വെങ്‌സര്‍ക്കാര്‍. അദ്ദേഹത്തിന്റെ വിശ്വാസം രസകരമാണ്. ടെസ്റ്റ് മത്സരത്തിനിടെ ദിലീപ് ഷേവ് ചെയ്യില്ല. ആദ്യ ദിവസം ഇറങ്ങുന്നത് എങ്ങനെയോ അങ്ങനെ തന്നെയാവും അദ്ദേഹം തുടര്‍ന്നുള്ള നാല് ദിവസവും ഇറങ്ങുക. മുടിയിലോ താടിയിലോ യാതൊരു മാറ്റവും വരുത്തില്ല. അത് ഭാഗ്യക്കേടാണെന്നാണ് അദ്ദേഹത്തിന്റെ വിശ്വാസം. ഇന്ത്യയുടെ മുന്‍ നായകനും ഇതിഹാസവുമായ സുനില്‍ ഗവാസ്‌കറിന് ഓരോ മത്സരത്തിലും പുതിയ വസ്ത്രങ്ങള്‍ വേണമെന്നത് നിര്‍ബന്ധമായിരുന്നു. കൂടാതെ ഗ്രൗണ്ടിലേക്കിറങ്ങുമ്പോള്‍ കാല്‍ ഗ്രൗണ്ടില്‍ തൊടുന്നതിന് മുമ്പ് ബാറ്റ് ഗ്രൗണ്ടില്‍ തൊടണമെന്നത് അദ്ദേഹത്തിന്റെ നിര്‍ബന്ധമായിരുന്നു. ഇതിനെ ഭാഗ്യമായാണ് ഗവാസ്‌കര്‍ കണ്ടിരുന്നത്.

മുന്‍ ഇന്ത്യന്‍ താരം മൊഹീന്ദര്‍ അമര്‍നാഥിന്റെ ഐശ്വര്യം ചുവപ്പുനിറത്തിലുള്ള തൂവാലയായിരുന്നു. ഇതിനെ അദ്ദേഹം തന്റെ ഭാഗ്യമായാണ് കരുതിയിരുന്നത്. ചുവപ്പ് തൂവാല തന്റെ കീശയില്‍ വെച്ചാണ് അദ്ദേഹം മത്സരത്തിനിറങ്ങിയിരുന്നതെന്നത് അക്കാലത്ത് വളരെ പ്രശസ്തമായിരുന്നു. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറും ഇത്തരം വിശ്വാസങ്ങളുടെ കാര്യത്തില്‍ പിന്നിലല്ല. ആദ്യം ഗ്രൗണ്ടിലേക്ക് ഇടത് കാലാണ് സച്ചിന്‍ എടുത്തുവെക്കുന്നത്. കൂടാതെ മുകളിലേക്ക് നോക്കിയ ശേഷമാവും അദ്ദേഹം ക്രീസിലേക്ക് പോവുക. തൂവാല സൂക്ഷിക്കുന്ന ശീലവും സച്ചിന് ഉണ്ടായിരുന്നു.

മുന്‍ ഇന്ത്യന്‍ താരവും നിലവിലെ ഇന്ത്യന്‍ പരിശീലകനുമായ രാഹുല്‍ ദ്രാവിഡ് വലത് കാലാണ് ആദ്യം ഗ്രൗണ്ടിലേക്ക് വയ്ക്കുക. ഇത് തന്റെ ഭാഗ്യമായാണ് ദ്രാവിഡ് കണ്ടിരുന്നത്. വീരേന്ദര്‍ സെവാഗ് ഇന്ത്യന്‍ ക്രിക്കറ്റിലെ വെടിക്കെട്ട് ഓപ്പണറാണ്. അതിവേഗം റണ്‍സുയര്‍ത്തുന്ന സെവാഗ് ഒരു ബൗളറെയും ഭയപ്പെടാത്ത ബാറ്റ്‌സ്മാനാണ്. സെവാഗ് നമ്പറില്ലാത്ത ജഴ്‌സിയാണ് കൂടുതലും ഉപയോഗിച്ചിരുന്നത്. ഇത് തന്റെ ഭാഗ്യമായാണ് സെവാഗ് കരുതിയിരുന്നത്. എംഎസ് ധോണി ഇന്ത്യയുടെ എക്കാലത്തെയും മികച്ച നായകന്മാരിലൊരാളാണ്. ധോണിയുടെ ജഴ്‌സി നമ്പര്‍ ഏഴാണ്. തന്റെ ജന്മദിനം ഏഴാം തീയ്യതിയാണ്. അതുകൊണ്ട് തന്നെ ഏഴാം നമ്പര്‍ ജഴ്‌സി തന്റെ ഭാഗ്യ ചിഹ്നമായാണ് ധോണി കരുതുന്നത്.

മറ്റ് പ്രമുഖ താരങ്ങളെ പരിഗണിച്ചാല്‍ അവരിലും ഇത്തരം കൗതുക വിശ്വാസമുള്ള താരങ്ങളെ കണ്ടെത്താനാവും. മുന്‍ ഓസീസ് നായകന്‍ മൈക്കല്‍ ക്ലാര്‍ക്ക് ബാറ്റ് ചെയ്യാനെത്തുന്നതിന് മുമ്പ് ഉച്ചത്തില്‍ പാട്ടുകേട്ടാണ് ഇറങ്ങുന്നത്. ഇത് കൂടുതല്‍ ശ്രദ്ധ ലഭിക്കാന്‍ സഹായിക്കുമെന്നാണ് അദ്ദേഹത്തിന്റെ വിശ്വാസം. ലസിത് മലിംഗ പേസ് ബൗളിങ്ങുകൊണ്ട് വിസ്മയിപ്പിച്ച താരമാണ്. പന്തെറിയുന്നതിന് മുമ്പ് ഓരോ തവണയും പന്തില്‍ ചുംബിക്കുന്നതാണ് മലിംഗ ഭാഗ്യമായി കരുതുന്നത്. മുന്‍ ശ്രീലങ്കന്‍ ഓപ്പണര്‍ സനത് ജയസൂര്യ ഓരോ പന്ത് നേരിടുന്നതിന് മുമ്പും തന്റെ ഹെല്‍മറ്റിലും പാഡിലും തൊടും. ഇത് ഭാഗ്യമായാണ് അദ്ദേഹം കരുതിയിരുന്നത്.


Click it and Unblock the Notifications
