ആധുനിക ക്രിക്കറ്റിലെ ബാറ്റര്‍മാരെയെടുത്താല്‍ പരമ്പരാഗത ശൈലിയില്‍ നിന്നും മാറി തികച്ചും വ്യത്യസ്തമായി ഷോട്ടുകള്‍ കളിക്കാനിഷ്ടപ്പെടുന്നയാളാണ് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത്. അദ്ദേഹത്തിന്റെ ഈ സുപരിചിതമല്ലാത്ത ബാറ്റിങ് ശൈലിക്കു ആരാധകരും അതേ പോലെ തന്നെ വിമര്‍ശകരുമുണ്ട്.
ഒരു വിഭാഗം റിഷഭിന്റെ ഈ അഗ്രസീവ് ബാറ്റിങിനെ പ്രശംസിക്കുമ്പോള്‍ മറുഭാഗത്തുള്ളവര്‍ അദ്ദേഹം കൂടുതല്‍ പരമ്പരാഗതമായ രീതിയില്‍ ഷോട്ടുകള്‍ കളിക്കാന്‍ ശ്രമിക്കണമെന്നു ആവശ്യപ്പെടുന്നവരാണ്. പക്ഷെ വിമര്‍ശനങ്ങളുടെ പേരിലൊന്നും റിഷഭ് തന്റെ ഷോട്ട് മേക്കിങിലോ, സമീപനത്തിലോയൊന്നും മാറ്റം വരുത്തിയിട്ടില്ല.
സ്വീപ്പ് ഷോട്ടുകള്‍ക്കു ശ്രമിക്കവെ റിഷഭ് പലപ്പോഴും താഴെ വീഴുന്നതും, ഇടയ്ക്കു കിടന്നു കൊണ്ട് ഷോട്ടിനായി ശ്രമിക്കുന്നതുമെല്ലാം നമ്മള്‍ കണ്ടിട്ടുള്ളതാണ്. എന്തുകൊണ്ടാണ് ഈ തരത്തില്‍ റിഷഭ് പലപ്പോഴും അടിതെറ്റി വീഴുന്നതെന്നു വിശദീകരിക്കുകയാണ് ഇന്ത്യയുടെ മുന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍.

എന്തുകൊണ്ടു വീഴുന്നു
റിഷഭ പന്തിന്റെ അഗ്രസീവും അതോടൊപ്പം അസാധാരണവുമായ ബാറ്റിങ് ശൈലി തനിക്കു ഇഷ്ടമാണെന്നും അതു ആസ്വദിക്കാറുണ്ടെന്നും തുറന്നു പറഞ്ഞിരിക്കുകയാണ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍. റെഡിറ്റില്‍ (Reddit) പോസ്റ്റ് ചെയ്ത ഒരു വീഡിയോയിയണ് റിഷഭിന്റെ ബാറ്റിങ് ശൈലിയെ കുറിച്ച് അദ്ദേഹം സംസാരിച്ചത്.
പാഡില്‍ സ്വീപ്പ് കളിക്കാന്‍ ശ്രമിക്കവെയാണ് റിഷഭ് പലപ്പോഴും താഴെ വീഴാറുള്ളത്. എന്നാല്‍ അതു ആ ഷോട്ട് കളിക്കാനുള്ള അദ്ദേഹത്തിന്റെ ഒരു ടെക്‌നിക്കാണെന്നാണ് സച്ചിന്‍ ചൂണ്ടിക്കാണിക്കുന്നത്. സ്വീപ്പ് ഷോട്ടിനു ശ്രമിക്കുമ്പോള്‍ അല്‍പ്പം എലവേഷനോടു കൂടി ബോളിനു അടിയിലെത്തി സ്‌കൂപ്പ് ചെയ്യാന്‍ ഇഷ്ടപ്പെടുന്നയാളാണ് റിഷഭ് പന്ത്.
ആളുകളുടെ വിചാരം അദ്ദേഹം താഴെ വീണു പോയെന്നാണ്. പക്ഷെ അതു മനപ്പൂര്‍വ്വം തന്നെ ചെയ്യുന്നതാണ്. അങ്ങനെ ചെയ്താല്‍ ബോളിനു താഴെ പോവാന്‍ തനിക്കു സാധിക്കുമെന്നു റിഷഭിനറിയാം. അത്തരത്തിലുള്ള ഷോട്ടുകള്‍ക്കു പിന്നിലെ രഹസ്യമെന്നത് ബോളിനു അടിയില്‍ പോവുകയെന്നതാണെന്നും സച്ചിന്‍ വിശദീകരിക്കുന്നു.
വീഴുക അപ്പോള്‍ മാത്രം
ഒരു ബോളിന്റെ ഫുള്ളര്‍ ലെങ്ത്ത് മനസ്സിലാക്കുമ്പോള്‍ മാത്രമേ റിഷഭ് പന്ത് താഴെ വീഴാറുള്ളൂവെന്നും അല്ലാകെ വെറുതെ നിയന്ത്രണം വീട്ട് വീഴുകയല്ല ചെയ്യുന്നതെന്നും സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ചൂണ്ടിക്കാട്ടി. ബാറ്റിങിനിടെയുള്ള വീഴ്ച റിഷഭ് പന്ത് നേരത്തേ പ്ലാന്‍ ചെയ്യുന്നതാണ്. അല്ലാതെ ബാലന്‍സ് തെറ്റി വീഴാറുള്ളതല്ല.

ഒരു ബൗളര്‍ എറിയുന്ന ബോളിനെ ആശ്രയിച്ചിരിക്കും റിഷഭിന്റെ വീഴ്ചയും. ഫുള്ളര്‍ ലെങ്ത് ബോളുകള്‍ വരുമ്പോള്‍ മാത്രമേ അദ്ദേഹം വീഴാറുള്ളൂ. ലെങ്ത്ത് കൂടുതല്‍ അകലെയായിരിക്കുമ്പോള്‍ വളരെ അനായാസം റിഷഭിനു അതു കളിക്കാനും സാധിക്കുന്നതായി സച്ചിന്‍ വിലയിരുത്തി.
ചില സന്ദര്‍ഭങ്ങളില്‍ റിഷഭ് ആ ഷോട്ട് കളിക്കാന്‍ പാടില്ലായിരുന്നുവെന്നു ആളുകള്‍ക്കു തോന്നാറുണ്ട്. പക്ഷെ റിഷഭിനു പക്വതയുണ്ട്. ഏതൊക്കെ ബോളുകളാണ് താന്‍ കളിക്കേണ്ടതെന്ന ധാരണയും അദ്ദേഹത്തിനുണ്ട്. നിങ്ങള്‍ ഒരു മല്‍സരത്തില്‍ തോല്‍വിയൊഴിവാക്കാനാണ് ശ്രമിക്കുന്നതെങ്കില്‍ റിഷഭിനു വ്യത്യസ്തമായ സമീപനം സ്വീകരിക്കേണ്ടതായി വരും.
പക്ഷെ അതു സാഹചര്യത്തെയും സമയത്തെയുമെല്ലാം ആശ്രയിച്ചിരിക്കും. തന്റെ അനുഭവസമ്പത്ത് വളരെ നന്നായി അദ്ദേഹം ഉപയോഗിക്കാറുണ്ടെന്നും സച്ചിന്‍ കൂട്ടിച്ചേര്‍ത്തു.
ഇംഗ്ലണ്ടിനെതിരേ സമാപിച്ച പരമ്പരയില്‍ തകര്‍പ്പന്‍ പ്രകടനമാണ് വൈസ് ക്യാപ്റ്റന്‍ കൂടിയായ റിഷഭ് കാഴ്ചവച്ചത്. ഏഴിന്നിങ്‌സുകൡലായി 68.42 ശരാശരിയോടെ 479 റണ്‍സ് അദ്ദേഹം സ്‌കോര്‍ ചെയ്തിരുന്നു. രണ്ടു സെഞ്ച്വറിയും മൂന്നു ഫിഫ്റ്റി പ്ലസ് സ്‌കോറുകളും ഇതിലുള്‍പ്പെടും.