ഒപ്പമുണ്ടെങ്കില്‍ പേടി വേണ്ട, ചെയ്യേണ്ടത് ഒന്നു മാത്രം.. സച്ചിന്‍ ഇഫക്ടിനെക്കുറിച്ച് മുന്‍ താരങ്ങള്‍
മുംബൈ: ഇന്നു 47ാം പിറന്നാള്‍ ആഘോഷിക്കുന്ന ഇന്ത്യന്‍ ബാറ്റിങ് വിസ്മയം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ കളിച്ചിരുന്ന കാലഘട്ടത്തില്‍ മാത്രമല്ല ഇപ്പോഴും വളര്‍ന്നു വരുന്ന യുവതാരങ്ങള്‍ക്കു പ്രചോദനമാണ്. ക്രിക്കറ്റിലേക്കു വരുന്ന പല താരങ്ങുടെയും ഹീറോ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ തന്നെയാണ്. കളിച്ചിരുന്ന കാലഘട്ടത്തില്‍ സച്ചിന്റെ സാന്നിധ്യം ടീമിലെ യുവതാരങ്ങളെ വളരെയധികം സ്വാധീനിച്ചിട്ടുണ്ട്. സീനിയര്‍, ജൂനിയര്‍ വ്യത്യാസമില്ലാതെ ടീമിലെ ഓരോ താരത്തെയും പരിഗണിക്കുകയും പിന്തുണയ്ക്കുകയും ചെയ്തിരുന്ന താരമാണ് സച്ചിന്‍.
1998ല്‍ ഷാര്‍ജയില്‍ നടന്ന ത്രിരാഷ്ട്ര പരമ്പരയില്‍ സച്ചിന്റെ ക്ലാസിക് ബാറ്റിങ് പ്രകടനം ഇന്നും ആരാധകരെ ഹരം കൊള്ളിക്കും. ഓസ്‌ട്രേലിയക്കെതിരായ ഫൈനലില്‍ തകര്‍പ്പന്‍ സെഞ്ച്വറിയുമായി ഇന്ത്യന്‍ വിജയത്തിനു ചുക്കാന്‍ പിടിച്ചത് അദ്ദേഹമായിരുന്നു. ടൂര്‍ണമെന്റില്‍ രണ്ടു സെഞ്ച്വറികള്‍ സച്ചിന്‍ അടിച്ചെടുത്തിരുന്നു. 131 പന്തില്‍ 143 റണ്‍സെടുത്ത് ഇന്ത്യയെ ഫൈനലിലെത്തിച്ച സച്ചിന്റെ ഇന്നിങ്‌സ് മരുഭൂമിയിലെ കൊടുങ്കാറ്റെന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. അന്നു ഇന്ത്യന്‍ ടീമിലെ യുവതാരങ്ങളായിരുന്ന റിഷികേഷ് കനിത്കറും രാഹുല്‍ സാങ്‌വിയും സച്ചിന്‍ തങ്ങളിലുണ്ടാക്കിയ പ്രചോദനത്തെക്കുറിച്ച് ഓര്‍മിച്ചെടുക്കുകയാണ്.

സച്ചിനുണ്ടെങ്കില്‍ പേടിക്കാനില്ല
ഇന്ത്യ വെന്നിക്കൊടി പാറിച്ച ഫൈനലില്‍ ടീമിന്റെ ഹീറോ സച്ചിനായിരുന്നെങ്കിലും വിജയറണ്‍സ് കുറിച്ചത് കനിത്കറായിരുന്നു. തന്റെ ജോലി മനോഹരമായി നിറവേറ്റാനാണ് അന്നു ശ്രമിച്ചത്. കൂട്ടുകെട്ടുകളുണ്ടാക്കുന്നതിനാണ് ടീം മുന്‍തൂക്കം നല്‍കിയത്. സച്ചിന്‍ അവസാനം വരെ ക്രീസിലുണ്ടെങ്കില്‍ ബൗണ്ടറിയോ, സിക്‌സറോ നേടുന്നതിനെക്കുറിച്ച് പിന്നെയൊന്നും ഭയക്കാനില്ല. അദ്ദേഹത്തിനു സ്‌ട്രൈക്ക് കൈമാറുക മാത്രമേ ചെയ്യേണ്ടതുള്ളൂവെന്നും കനിത്കര്‍ വിശദമാക്കി.

സച്ചിന്റെ പ്രകടനം
അന്നു ഫൈനലില്‍ ആദ്യം ബാറ്റ് ചെയ്ത ഓസീസ് 272 റണ്‍സായിരുന്നു നേടിയത്. പക്ഷെ ടീം ഫൈനലിലെത്തിയ രീതി തങ്ങളുടെ ആത്മവിശ്വാസമുയര്‍ത്തിയിരുന്നു. സച്ചിന്റെ മികച്ച ഫോം ടീമിന്റെ പ്രതീക്ഷകള്‍ വര്‍ധിപ്പിച്ചിരുന്നു. അദ്ദേഹത്തിനൊപ്പം കളിക്കുന്നതിന്റെ ത്രില്ലിലായിരുന്നു എല്ലാവരും. സച്ചിനെ അത്രയെളുപ്പത്തിലൊന്നും പുറത്താക്കാന്‍ സാധക്കില്ലെന്നു തങ്ങള്‍ക്ക് അറിയാമായിരുന്നു. അതിനാല്‍ തന്നെ സച്ചിനെ കേന്ദ്രീകരിച്ചായിരുന്നു ടീം കളിച്ചതെന്നും കനിത്കര്‍ പറഞ്ഞു.
സച്ചിനെക്കൂടാതെ സൗരവ് ഗാംഗുലി, മുഹ്മമദ് അസ്ഹറുദ്ദീന്‍, അജയ് ജഡേജ എന്നിവരും അന്നു ടീമിലുണ്ടായിരുന്നു. ഇവരെല്ലാം മല്‍സരം ജയിപ്പിക്കാന്‍ ശേഷിയുള്ളളവരായിരുന്നെങ്കിലും സച്ചിന്റെ ഫോം, ചിന്താഗതി എന്നിവയെല്ലാം അവര്‍ക്കു മുകളിലായിരുന്നുവെന്നും കനിത്കര്‍ വ്യക്തമാക്കി.

സച്ചിന്റെ ഉപദേശം
1998 ജനുവരിയില്‍ ധാക്കയില്‍ നടന്ന സില്‍വര്‍ ജൂബിലി ഇന്‍ഡിപെന്‍ഡന്‍സ് കപ്പില്‍ ചിരവൈരികളായ പാകിസ്താനെതിരേ ഇന്ത്യയുടെ വിജയറണ്‍സ് നേടിയത് കനിത്കറായിരുന്നു. സഖ്‌ലൈന്‍ മുഷ്താഖിനെതിരേ ബൗണ്ടറി പറത്തിയാണ് താരം ഇന്ത്യന്‍ ജയം പൂര്‍ത്തിയാക്കിയത്. സമ്മര്‍ദ്ദഘട്ടങ്ങളെ അതിജീവിക്കാന്‍ തന്നെ സഹായിച്ചിട്ടുള്ളത് സച്ചിന്റെ ഉപദേശമാണെന്നു കനിത്കര്‍ പറയുന്നു.
ബാഹ്യസമ്മര്‍ദ്ദം കാരണം മോശമായ ഷോട്ട് കളിക്കാന്‍ ശ്രമിക്കരുത്. സ്വന്തം പ്ലാന്‍ അനുസരിച്ച് മാത്രം ബാറ്റ് ചെയ്യുക. ഏതു തരത്തിലുള്ള ഷോട്ട് കളിക്കണമെന്ന് ആദ്യം തീരുമാനിക്കണം. സമ്മര്‍ദ്ദഘട്ടമാണെന്നു കരുതി ഒരിക്കലും തനിക്കു പരിചയമില്ലാത്ത ഷോട്ടുകള്‍ കളിക്കരുത്. ഇത് സാമാന്യബുദ്ധിയുള്ള ഏതൊരാള്‍ക്കും അറിയുന്നതാണെന്നു നീ ചിന്തിക്കാം. എന്നാല്‍ കളിക്കളത്തില്‍ കടുത്ത സമ്മര്‍ദ്ദത്തില്‍ ബാറ്റ് ചെയ്യുമ്പോള്‍ ഇതൊന്നും മനസ്സിലേക്കു വരില്ല, വിഡ്ഢിത്തരമായ കാര്യങ്ങള്‍ ചെയ്തു പോവുകയും ചെയ്തതായി സച്ചിന്‍ ഉപദേശിച്ചു.

സച്ചിനെക്കുറിച്ച് സാങ്‌വി
പരസ്പരം വളരെ അടുപ്പമുള്ള ഒരു മികച്ച ടീമായിരുന്നു അന്നത്തേത്. ഇതിനൊരു പ്രധാനപ്പെട്ട കാരണം സച്ചിനായിരുന്നു. തന്നെപ്പോലുള്ള യുവതാരങ്ങള്‍ക്കു സച്ചിനുള്‍പ്പെട്ട ടീമില്‍ കളിക്കുകയെന്നത് അന്നു വലിയ സംഭവമായിരുന്നു. അന്നു വൈകുന്നേരങ്ങളില്‍ ഒരുമിച്ച് തങ്ങള്‍ ഏറെ സമയം പങ്കിട്ടതിനാല്‍ തന്നെ കളിക്കളത്തിലും ഈ ഒത്തൊരുമ പ്രകടമായിരുന്നു. വളരെ നല്ല രീതിയിലായിരുന്നു സച്ചിന്‍ യുവതാരങ്ങളോടു പെരുമാറിയിരുന്നത്. സ്വതന്ത്രമായി എന്തും സംസാരിക്കാനുള്ള സ്വാതന്ത്ര്യം അദ്ദേഹം നല്‍കിയിരുന്നു. ടീമിലെ എല്ലാ താരത്തെയും ഒരുപോലെ സന്തോഷവാനായി, കൂളായി നിര്‍ത്താന്‍ സച്ചിന് സാധിച്ചിരുന്നതായും സാങ്‌വി കൂട്ടിച്ചേര്‍ത്തു.

മരുഭൂമിയിലെ കൊടുങ്കാറ്റ്
മരുഭൂമിയിലെ കൊടുങ്കാറ്റെന്നു വിശേഷിപ്പിക്കപ്പെടുന്ന സച്ചിന്റെ ഇന്നിങ്‌സ് ടീമിലുണ്ടാക്കിയ ഒത്തൊരുമയും ധൈര്യവും വളലെ വലുതായിരുന്നുവെന്ന് സാങ്‌വി പറയുന്നു. ഫൈനലില്‍ ഇറങ്ങുമ്പോള്‍ തങ്ങളുടെ കാഴ്ചപ്പാടാകെ ഇതു മാറ്റിയിരുന്നു. സച്ചിന്റെ ഇന്നിങ്‌സിനാണ് ഞങ്ങള്‍ അന്നു കാത്തിരുന്നത്. കരുത്തരായ എതിരാളികള്‍ക്കെതിരേ എങ്ങനെ കളിക്കണമെന്ന് അദ്ദേഹം അന്നു കാണിച്ചു തന്നു. സച്ചിന്‍ എല്ലായ്‌പ്പോഴും പോരാട്ടത്തിന് തയ്യാറായിരുന്നു. അതുകൊണ്ടാണ് മണല്‍ക്കാറ്റിനു പിന്നാലെ സച്ചിന്‍ കൊടുങ്കാറ്റും വന്നതെന്നും സാങ്‌വി വിശദമാക്കി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications