Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കേരള ടി20 ലീഗ്: സഞ്ജുവിന്റെ ടീമിനെ സച്ചിന്‍ നയിച്ചേക്കും! ഒപ്പം ആരൊക്കെ? നോട്ടമിടുന്നത് ഇവരെ

കൊച്ചി: ഐപിഎല്‍ മാതൃകയിലുള്ള ടി20 ക്രിക്കറ്റ് ലീഗുകള്‍ ഇപ്പോള്‍ മിക്ക സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനുകളും നടത്തുന്നുണ്ട്. യുവ പ്രതിഭകളെ വളര്‍ത്താനും സംസ്ഥാനത്തെ ക്രിക്കറ്റ് വരുമാനം വര്‍ധിപ്പിക്കാനും ഇത്തരം ക്രിക്കറ്റ് ലീഗുകള്‍ സഹായിക്കാറുണ്ട്. ഇപ്പോഴിതാ ഐപിഎല്‍ മാതൃകയില്‍ വലിയ ക്രിക്കറ്റ് ലീഗ് മത്സരം ആരംഭിക്കാന്‍ കേരള ക്രിക്കറ്റ് അസോസിയേഷനും തയ്യാറെടുക്കുകയാണ്. ആറ് ടീമുകളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള കേരള ടി20 ലീഗ് ക്രിക്കറ്റ് സെപ്തംബറില്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.

ആകെ 33 മത്സരങ്ങള്‍ വരുന്ന തരത്തില്‍ തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ മത്സരം നടത്താനാണ് കെസിഎയുടെ പദ്ധതി. 3 മണി, 7 മണി എന്നിങ്ങനെ ദിവസം രണ്ട് മത്സരങ്ങള്‍ നടത്താനാണ് കെസിഎ പദ്ധതിയിടുന്നത്. ലേലത്തിലൂടെയാവും താരങ്ങളെ തിരഞ്ഞെടുക്കാന്‍ സാധിക്കുക. ഈ ടൂര്‍ണമെന്റിനായുള്ള പ്രവര്‍ത്തനങ്ങള്‍ അണിയറയില്‍ സജീവമാകവെ പല പ്രമുഖരും ടീമുകളെ ഇറക്കാന്‍ തയ്യാറെടുക്കുന്നുണ്ടെന്നാണ് വിവരം.

ഇതില്‍ സഞ്ജു സാംസണിന്റെ ഉടമസ്ഥതയിലുള്ള റിയല്‍ എസ്റ്റേറ്റ് കമ്പനിയുമുണ്ടെന്നാണ് വിവരം. അങ്ങനെ വന്നാല്‍ സഞ്ജു സാംസണിന്റ ഉടമസ്ഥതയിലുള്ള ടീമിനെ കേരള ടി20 ലീഗില്‍ പ്രതീക്ഷിക്കാം. മറ്റ് സംസ്ഥാനങ്ങളിലെ യുവതാരങ്ങളേയും പരിഗണിച്ചാവും ലേലം നടക്കുകയെന്നാണ് വിവരം. അങ്ങനെ വന്നാല്‍ സഞ്ജുവിന് കീഴിലെത്തുന്ന ടീമില്‍ ആരൊക്കെയാവും ഇടം പിടിക്കുക?. സഞ്ജു പരിഗണിക്കാന്‍ സാധ്യതയുള്ള കേരള താരങ്ങളേയും മറ്റ് യുവതാരങ്ങളും ആരൊക്കെയാണെന്ന് നോക്കാം.

സീനിയര്‍ താരം സച്ചിന്‍ ബേബിയെയാവും സഞ്ജു നായകസ്ഥാനത്തേക്ക് പരിഗണിക്കാന്‍ സാധ്യത. സഞ്ജുവുമായി അടുത്ത സൗഹൃദം സച്ചിനുണ്ട്. കേരളത്തിനായി നിരവധി മത്സരങ്ങള്‍ കളിച്ചിട്ടുള്ള സച്ചിന്‍ ഐപിഎല്ലിലും കളിച്ചിട്ടുള്ള താരമാണ്. അതുകൊണ്ടുതന്നെ സച്ചിന്‍ ബേബിക്ക് കീഴില്‍ ടീമിനെ ഇറക്കാനാവും സഞ്ജു കൂടുതല്‍ താല്‍പര്യം കാട്ടുക. സീനിയര്‍ പേസര്‍ ബേസില്‍ തമ്പിയുമായും സഞ്ജുവിന് അടുത്ത സൗഹൃദമുണ്ട്.

sachin baby

താരത്തേയും സഞ്ജു ടീമിലേക്കെത്തിക്കാന്‍ ശ്രമിച്ചേക്കും. വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് മുഹമ്മദ് അസ്ഹറുദ്ദീനെയാവും സഞ്ജു നോട്ടമിടുക. വെടിക്കെട്ട് ബാറ്റിങ് പ്രകടനം നടത്താന്‍ അസ്ഹറുദ്ദീന് കരുത്തുണ്ട്. അതുകൊണ്ടുതന്നെ സഞ്ജു യുവ വിക്കറ്റ് കീപ്പര്‍ക്ക് നിര്‍ണ്ണായക പരിഗണന നല്‍കിയേക്കും. രോഹന്‍ കുന്നുമ്മലിനേയും സഞ്ജു ടീമിലേക്കെത്തിക്കാന്‍ ശ്രമിച്ചേക്കും. കേരളത്തില്‍ നിന്ന് പ്രമുഖരായ ഇവരെ ഒപ്പം കൂട്ടിയാല്‍ത്തന്നെ ടീം കരുത്തുറ്റതാവും.

മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് പ്രധാന താരങ്ങളെയൊന്നും ടൂര്‍ണമെന്റില്‍ പങ്കെടുപ്പിക്കാന്‍ സാധിച്ചേക്കില്ല. യുവ താരങ്ങളില്‍ പലരേയും കൊണ്ടുവരാന്‍ സഞ്ജുവിന് അനായാസം സാധിക്കും. നിലവില്‍ രാജസ്ഥാന്‍ റോയല്‍സ് നായകനായ സഞ്ജു സാംസണിന് നിരവധി യുവതാരങ്ങളുമായി അടുത്ത സൗഹൃദമുണ്ട്. രാജസ്ഥാന്റെ കണ്ടെത്തലുകളായ പല യുവതാരങ്ങളേയും കൊണ്ടുവരാന്‍ സഞ്ജുവിന് സാധിച്ചേക്കും. വലിയ നിലവാരത്തിലാണ് ടൂര്‍ണമെന്റ് വരുന്നതെങ്കില്‍ വലിയ ആരാധക പിന്തുണയും ഉറപ്പാണ്.

അതുകൊണ്ടുതന്നെ കഴിയുന്നത്ര സൂപ്പര്‍ താരങ്ങളെ കൊണ്ടുവന്ന് ആദ്യ സീസണിലൂടെത്തന്നെ ടൂര്‍ണമെന്റിനെ ശ്രദ്ധേയമാക്കാനാവും കെ സി എ ശ്രമിക്കുക. ഉമ്രാന്‍ മാലിക് ഉള്‍പ്പെടെ ഇന്ത്യന്‍ ടീമില്‍ സജീവമല്ലാത്തവരും പ്രശസ്തരാവുകയും ചെയ്ത താരങ്ങളെ കൊണ്ടുവരാന്‍ സഞ്ജു വിചാരിച്ചാല്‍ നടക്കും. ബിസിസി ഐ പ്രാദേശിക ടി20 ലീഗുകളെ പിന്തുണക്കുന്നുണ്ട്. ടി നടരാജന്‍ ഉള്‍പ്പെടെ പല താരങ്ങളും കേരളത്തില്‍ കളിക്കാന്‍ തയ്യാറായേക്കും.

അതുകൊണ്ടുതന്നെ ആദ്യ സീസണ്‍കൊണ്ട് തന്നെ കേരള ടി20 ലീഗ് ഹിറ്റായി മാറിയേക്കും. മുന്‍ ഇന്ത്യന്‍ താരം ശ്രീശാന്തും ടീമിനെ ഇറക്കാന്‍ ശ്രമം നടത്തുന്നുണ്ടെന്നാണ് വിവരം. സിനിമാ മേഖലയില്‍ നിന്നുള്ള ചിലരും രംഗത്തുണ്ട്. കഴിഞ്ഞിടെ പൃഥ്വിരാജ് കേരള പ്രീമിയര്‍ ലീഗില്‍ ഫുട്‌ബോള്‍ ടീമിനെ സ്വന്തമാക്കിയിരുന്നു. എന്തായാലും കേരള ടി20 ലീഗ് വരുമ്പോള്‍ കേരളത്തില്‍ നിന്ന് കൂടുതല്‍ പ്രതിഭകള്‍ ഇന്ത്യന്‍ ടീമിലേക്ക് വളരുമെന്ന് പ്രതീക്ഷിക്കാം.

Story first published: Saturday, July 27, 2024, 7:32 [IST]
Other articles published on Jul 27, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+