കേരളാ ക്രിക്കറ്റില്‍ നിലവിലെ ഏറ്റവും മികച്ച ബാറ്റര്‍ ആരാണെന്നു ചോദിച്ചാല്‍ ആദ്യം മനസ്സിലേക്കു വരിക ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ കൂടിയായ സഞ്ജു സാംസണിന്റെ പേരായിരിക്കും. കാരണം സഞ്ജുവിനോളം പ്രശസ്തിയും ആരാധകപിന്തുണയുമുള്ള മറ്റൊരു ക്രിക്കറ്റര്‍ നിലവില്‍ കേരളത്തിലില്ല. എന്നാല്‍ സഞ്ജുവിന്റെ അത്ര തന്നെ അംഗീകാരവും കൈയടിയുമെല്ലാം അര്‍ഹിക്കുന്ന മറ്റൊരു മലയാളി താരമുണ്ട്- അതു സച്ചിന്‍ ബേബിയാണ്.
മിന്നുന്ന പ്രകടനങ്ങളിലൂടെ ഇപ്പോള്‍ വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുകയാണ് അദ്ദേഹം. പ്രഥമ കേരളാ ക്രിക്കറ്റ് ലീഗില്‍ (KCL) കഴിഞ്ഞ ദിവസം ഏരീസ് കൊല്ലം സെയിലേഴ്‌സ് കിരീടം ചൂടിയപ്പോള്‍ ടീമിനെ നയിച്ചത് സച്ചിനായിരുന്നു. കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സുമായുള്ള ഫൈനലില്‍ അപരാജിത സെഞ്ച്വറിയുമായി അദ്ദേഹം ടീമിന്റെ കിരീടധാരണത്തിനു ചുക്കാന്‍ പിടിക്കുകയും ചെയ്തിരുന്നു.

യഥാര്‍ഥത്തില്‍ കേരളാ ക്രിക്കറ്റില്‍ സഞ്ജുവിനോളം തന്നെ ആഘോഷിക്കപ്പെടേണ്ട താരമാണ് സച്ചിന്‍. പക്ഷെ നിര്‍ഭാഗ്യവശാല്‍ അദ്ദേഹത്തിനു സഞ്ജുവിന്റെ പകുതി പോലും അംഗീകാരമോ, കൈയടിയോ ഇനിയും ലഭിച്ചിട്ടില്ലെന്നതാണ് സത്യം.
കെസിഎല്ലിലെ റണ്‍വേട്ടക്കാരന്‍
സമാപിച്ച കേരളാ ക്രിക്കറ്റ് ലീഗില്‍ റണ്‍വേട്ടയില്‍ തലപ്പത്ത് എത്തിയത് ഏരീസ് കൊല്ലം സെയിലേഴ്‌സ് ക്യാപ്റ്റനായ സച്ചിന്‍ ബേബിയാണ്. 528 റണ്‍സാണ് ടൂര്‍ണമെന്റില്‍ അദ്ദേഹം വാരിക്കൂട്ടിയത്. രണ്ടു മാച്ച് വിന്നിങ് സെഞ്ച്വറികളും ഇതിലുള്‍പ്പെടും. ടൂര്‍ണമെന്റില്‍ കന്നി സെഞ്ച്വറി കുറിക്കപ്പെട്ടതും സച്ചിന്റെ പേരില്‍ തന്നെയാണ്. കൊച്ചി ബ്ലൂ ടൈഗേഴ്‌സുമായുള്ള മല്‍സരത്തിലാണ് അദ്ദേഹം ആദ്യ സെഞ്ച്വറി കണ്ടെത്തിയത്. 50 ബോളില്‍ പുറത്താവാതെ 105 റണ്‍സാണ് താരം അടിച്ചെടുത്തത്.
പിന്നീട് കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സുമായുള്ള കലാശപ്പോരാട്ടത്തിലും ബാറ്റിങില്‍ സച്ചിന്‍ തീയായി മാറി. 214 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ പിന്തുടരവെ അദ്ദേഹം ഏറെക്കുറെ തനിച്ചു തന്നെ ടീമിനെ വിജയത്തിലേക്കു കൈപിടിച്ചുയര്‍ത്തുകയായിരുന്നു. 54 ബോളില്‍ നിന്നും പുറത്താവാതെ 105 റണ്‍സാണ് സച്ചിന്‍ വാരിക്കൂട്ടിയത്. പ്രതിസന്ധി ഘട്ടങ്ങളില്‍ ബാറ്റ് ചെയ്യാനുള്ള അദ്ദേഹത്തിന്റെ മിടുക്ക് ഒരിക്കല്‍ക്കൂടി തെളിയിക്കുന്നതായിരുന്നു ഈ പ്രകടനം.
രഞ്ജിയിലെ റണ്‍വേട്ട
കേരളാ ക്രിക്കറ്റ് ലീഗില്‍ മാത്രമല്ല കഴിഞ്ഞ സീസണിലെ രഞ്ജി ട്രോഫിയില്‍ കേരളാ ടീമിനു വേണ്ടിയും റണ്‍വേട്ട നടത്താന്‍ സച്ചിന്‍ ബേബിക്കായിരുന്നു. സീസണില്‍ ഏറ്റവുമധികം റണ്‍സ് സ്‌കോര്‍ ചെയ്ത താരങ്ങളില്‍ അദ്ദേഹം രണ്ടാംസ്ഥാനത്തുമുണ്ടായിരുന്നു. കേരളത്തിനായി ഏഴു മല്‍സരങ്ങളിലായി 12 ഇന്നിങ്‌സുകളിലാണ് സച്ചിന്‍ ബാറ്റ് ചെയ്തത്. ഇവയില്‍ നിന്നും 83 എന്ന ഞെട്ടിക്കുന്ന ശരാശരിയില്‍ 830 റണ്‍സ് താരം വാരിക്കൂട്ടി. നാലു വീതം സെഞ്ച്വറികളും ഫിഫ്റ്റികളും ഇതിലുള്‍പ്പെടും.
പക്ഷെ സച്ചിന്റെ ഈ പ്രകടനം മലയാളി ക്രിക്കറ്റ് ആരാധകര്‍ക്കിടയില്‍ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ലെന്നതാണ് നിരാശപ്പെടുത്തുന്ന കാര്യം. രഞ്ജിയിലെ ഈ റണ്‍വേട്ട ഇപ്പോള്‍ നടക്കുന്ന ദുലീപ് ട്രോഫിയില്‍ തനിക്കു അവസരം നേടിത്തരുമെന്നും സച്ചിന്‍ പ്രതീക്ഷിച്ചിരുന്നു. ഇക്കാര്യം അദ്ദേഹം ഒരു അഭിമുഖത്തില്‍ തുറന്നു പറയുകയും ചെയ്തിരുന്നു. പക്ഷെ സച്ചിന്‍ തഴയപ്പെട്ടപ്പോള്‍ സഞ്ജു സാംസണിനു പകരക്കാരമായി അവസാന നിമിഷം ടീമിലേക്കു വിളിയെത്തുകയും ചെയ്തു.

സച്ചിന്റെ കരിയര്‍
സച്ചിന്‍ ബേബിയുടെ കരിയറെടുത്താല്‍ ഇന്ത്യക്കു വേണ്ടി അരങ്ങേറാന്‍ അദ്ദേഹത്തിനു ഇനിയും അവസരം ലഭിച്ചിട്ടില്ല. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 90 മല്‍സരങ്ങളില്‍ താരം കളിച്ചു കഴിഞ്ഞു. ഇവയില്‍ നിന്നും 40.23 എന്ന ശരാശരിയില്‍ 5231 റണ്‍സും സച്ചിന്‍ സ്‌കോര്‍ ചെയ്തിട്ടുണ്ട്. 14 സെഞ്ച്വറികളും 24 ഫിഫ്റ്റികളും ഉള്‍പ്പെടെയാണിത്. പുറത്താവാതെ നേടിയ 250 റണ്‍സാണ് സച്ചിന്റെ ഉയര്‍ന്ന സ്‌കോര്‍.
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ റണ്‍വേട്ടയുടെ കാര്യത്തില്‍ സഞ്ജു സാംസണിനേക്കാള്‍ ഏറെ മുന്നിലാണ് സച്ചിന്‍. കേരളത്തിനായി ആഭ്യന്തര ക്രിക്കറ്റില്‍ 63 മല്‍സരങ്ങളില്‍ നിന്നും 3668 റണ്‍സ് മാത്രമേ സഞ്ജു സ്‌കോര്‍ ചെയ്തിട്ടുള്ളൂ.
ലിസ്റ്റ് എ ക്രിക്കറ്റിലേക്കു വന്നാല്‍ 102 മല്‍സരങ്ങളില്‍ നിന്നും 3266 റണ്‍സ് സച്ചിന്റെ പേരിലുണ്ട്. നാലു സെഞ്ച്വറികളും 22 ഫിഫ്റ്റികളുമടക്കമാണിത്. ടി20 കരിയറില്‍ 98 മല്‍സരങ്ങളില്‍ നിന്നും 1925 റണ്‍സാണ് സച്ചിന്റെ സമ്പാദ്യം. ഐപിഎല്ലില്‍ കളിക്കാന്‍ അദ്ദേഹത്തിനായിട്ടുണ്ടെങ്കിലും ലഭിച്ച കുറച്ചു അവസരങ്ങള്‍ വേണ്ട രീതിയില്‍ പ്രയോജനപ്പെടുത്താനായിട്ടില്ല.