ടി20 ക്രിക്കറ്റിന്റെ വരവരോടെ അല്‍പ്പമൊന്നു ക്ഷീണം സംഭവിച്ചെങ്കിലും ഏകദിന ഫോര്‍മാറ്റിനു ഇപ്പോഴും ആരാധകരേറെയാണ്. പതിയെ കത്തിത്തുടങ്ങി അവസാനമാവുമ്പോഴേക്കും ആളിപ്പടരുന്നതാണ് ഏകദിനത്തെ സ്‌പെഷ്യലാക്കി മാറ്റുന്നത്. ഏകദിന ക്രിക്കറ്റിന്റെ ചരിത്രമെടുത്താല്‍ വ്യത്യസ്ത കാലഘട്ടങ്ങളില്‍ മഹാന്‍മാരായ നിരവധി താരങ്ങളെ നമുക്കു ചൂണ്ടിക്കാണിക്കാന്‍ കഴിയും.
അവസാനത്തെ 25 വര്‍ഷത്തിനിടെ ഏകദിന ക്രിക്കറ്റില്‍ വിവിധ ടീമുകളോടൊപ്പം വിലസിയിട്ടുള്ള ഇതിഹാസ താരങ്ങളെ അണിനിരത്തി സംയുക്ത പ്ലെയിങ് ഇലവനെ തിരഞ്ഞെടുത്താല്‍ എങ്ങനെയിരിക്കും? ഇന്ത്യയുടെ രണ്ടു പേര്‍ക്കു മാത്രമേ ഈ ഇലവനില്‍ സ്ഥാനമുള്ളൂ. ഏകദിനത്തിലെ ഈ സൂപ്പര്‍ ഇലവനിലുള്ള കളിക്കാര്‍ ആരൊക്കെയാണെന്നു നമുക്കു നോക്കാം.

ടോപ്പ് ത്രീയില്‍ ഇവര്‍
ഏകദിനത്തിലെ ബെസ്റ്റ് ഇലവനെ തിരഞ്ഞെടുക്കുമ്പോള്‍ ഓപ്പണിങ് റോളിലെത്തുക ഇന്ത്യന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറും ഓസ്‌ട്രേലിയയുടെ മുന്‍ വെടിക്കെട്ട് താരവും വിക്കറ്റ് കീപ്പറുമായ ആദം ഗില്‍ക്രിസ്റ്റുമായിരിക്കും. ഏകദിനത്തില്‍ ഒട്ടുമിക്ക റെക്കോര്‍ഡുകളും സ്വന്തം പേരിലാക്കിയ ശേഷമാണ് സച്ചിന്‍ പാഡഴിച്ചത്. ഈ ഫോര്‍മാറ്റില്‍ ഒരു ഘട്ടം വരെ അസാധ്യമെന്നു കരുതപ്പെട്ടിരുന്ന ഡബിള്‍ സെഞ്ച്വറി ആദ്യമായി കുറിച്ചത് അദ്ദേഹമാണ്. അങ്ങനെ തുടങ്ങി ഒരുപിടി റെക്കോര്‍ഡുകളുടെ അവകാശിയാണ് മാസ്റ്റര്‍ ബ്ലാസ്റ്റര്‍.
ആരാധകര്‍ ഗില്ലിയെന്നു വിളിച്ച ഗില്‍ക്രിസ്റ്റാവട്ടെ എതിര്‍ ടീം ബൗളര്‍മാരുടെ പേടിസ്വപ്നമായിരുന്നു. എത്ര മികച്ച ബൗളര്‍മാരെയും കടന്നാക്രമിക്കാന്‍ മടിയില്ലാത്ത അദ്ദേഹം വിക്കറ്റ് കീപ്പറെന്ന റോളിനെ അടിമുടി മാറ്റിയെഴുതുകയും ചെയ്തു. ഗില്ലിയുടെ പാത പിന്തുടര്‍ന്നാണ് പിന്നീട് കൂടുതല്‍ അഗ്രസീവായിട്ടുള്ള നിരവധി വിക്കറ്റ് കീപ്പര്‍മാര്‍ പല ടീമുകള്‍ക്കൊപ്പവും ഉയര്‍ന്നു വന്നിട്ടുള്ളത്.
സച്ചിനും ഗില്ലിക്കും ശേഷം മൂന്നാം നമ്പര്‍ ഇന്ത്യന്‍ സൂപ്പര്‍ താരം വിരാട് കോലിയുടെ കൈകളില്‍ ഭദ്രമാണ്. ആധുനിക ക്രിക്കറ്റിലെ ബെസ്റ്റെന്നു വിശേഷിപ്പിക്കപ്പെടുന്ന അദ്ദേഹം ഒരിക്കലും തകരില്ലെന്നു കരുതപ്പെട്ടിരുന്ന സച്ചിന്റെ സെഞ്ച്വറി നേട്ടമുള്‍പ്പെടെ തിരുത്തിക്കഴിഞ്ഞു. ഈ ഫോര്‍മാറ്റില്‍ കോലിയുടെ പ്രകടനം ഗംഭീരമാണെന്നു കാണാം. കഴിഞ്ഞ ഏകദിന ലോകകപ്പില്‍ വലിയ റണ്‍വേട്ട നടത്തിയ അദ്ദേഹം ഒരുപാട് റെക്കോര്‍ഡുകളും പഴങ്കഥയാക്കിയിരുന്നു.
മധ്യനിര ഇങ്ങനെ
ഏകദിന ഇലവന്റെ മധ്യനിരയിലേക്കു വന്നാല്‍ നാലു മുതല്‍ ആറു വരെ സ്ഥാനങ്ങളില്‍ ഓസ്‌ട്രേലിയയുടെ മുന്‍ ഇതിഹാസ ബാറ്ററും ക്യാപ്റ്റനുമായിരുന്ന റിക്കി പോണ്ടിങ്, വെസ്റ്റ് ഇന്‍ഡീസിസിന്റെ മുന്‍ ബാറ്റിങ് വിസ്മയം ബ്രയാന്‍ ലാറ, സൗത്താഫ്രിക്കയുടെ മുന്‍ സൂപ്പര്‍ ഹീറോ എബി ഡിവില്ലിയേഴ്‌സ് എന്നിവരുമാണ്.

ഓസീസ് ക്രിക്കറ്റ് ചരിത്രത്തിലെ മാത്രമല്ല, ഏകദിന ചരിത്രത്തിലെയും ഏറ്റവും മികച്ച ബാറ്റര്‍മാരിലൊരാളായി പോണ്ടിങിനെ തീര്‍ച്ചയായും വിശേഷിപ്പിക്കാം. ഓസീസിനു വേണ്ടി ഐസിസി ടൂര്‍ണമെന്റുകളിലടക്കം നിരവധി മാച്ച് വിന്നിങ് ഇന്നിങ്‌സുകള്‍ കളിച്ചിട്ടുള്ള താരമാണ് അദ്ദേഹം. ലാറയാവട്ടെ വിന്‍ഡീസ് ക്രിക്കറ്റിലെ ഐക്കണ്‍ താരങ്ങളിലൊരാളാണ്. ക്ലാസിക്ക് ശൈലിയുടെ വക്താവായിരുന്ന അദ്ദേഹം ടെസ്റ്റിലും ഗംഭീര നേട്ടങ്ങള്‍ കൊയ്താണ് കളി മതിയാക്കിയത്.
360 ബാറ്റിങിലൂടെ ക്രിക്കറ്റ് പ്രേമികളെ അദ്ഭുതപ്പെടുത്തിയ ബാറ്ററാണ് എബിഡി. അതിവേഗത്തില്‍ സ്‌കോര്‍ ചെയ്ത് വളരെ വേഗത്തില്‍ മല്‍സഗതി മാറ്റാനുള്ള കഴിവ് അദ്ദേഹത്തെ സ്‌പെഷ്യലാക്കി മാറ്റുന്നു. സൗത്താഫ്രിക്കയുടെ മുന്‍ ക്യാപ്റ്റന്‍ കൂടിയായ എബിഡി ഗംഭീര ഫീല്‍ഡറുമായിരുന്നു.
ബൗളിങ് നിര
ഇലവനില്‍ ഏഴാം നമ്പറിലുള്ളത് ഇംഗ്ലണ്ടിന്റെ മുന്‍ സീം ബൗളിങ് ഓള്‍റൗണ്ടര്‍ ആന്‍ഡ്രു ഫ്‌ളിന്റോഫാണ്. ബൗളിങ് നിരയില്‍ നാലു ഇതിഹാസ താരങ്ങളെയാണ് കാണാന്‍ സാധിക്കുക.
ഓസ്‌ട്രേലിയന്‍ ജോടികളായ ഗ്ലെന്‍ മഗ്രാത്ത്, ബ്രെറ്റ് ലീ എന്നിവര്‍ക്കൊപ്പം സ്വിങ് ബൗളിങിലെ രാജാവായ പാകിസ്താന്റെ മുന്‍ നായകന്‍ വസീം അക്രവുമുണ്ട്. ടീമിലെ സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍ ശ്രീലങ്കയുടെ മജീഷ്യനായിരുന്ന മുത്തയ്യ മുരളീധരനാണ്.
25 വര്‍ഷത്തിനിടയിലെ ബെസ്റ്റ് ഏകദിന 11
സച്ചിന്‍ ടെണ്ടുല്‍ക്കര്‍, ആദം ഗില്‍ക്രിസ്റ്റ് (വിക്കറ്റ് കീപ്പര്‍), വിരാട് കോലി, റിക്കി പോണ്ടിങ് (ക്യാപ്റ്റന്‍), ബ്രയാന്‍ ലാറ, എബി ഡിവില്ലിയേഴ്‌സ്, ആന്‍ഡ്രു ഫ്‌ളിന്റോഫ്, വസീം അക്രം, ബ്രെറ്റ് ലീ, മുത്തയ്യ മുരളീധരന്‍, ഗ്ലെന്‍ മഗ്രാത്ത്.