മുംബൈ: വരാനിരിക്കുന്ന ടി20 ലോകകപ്പ് ഇന്ത്യയെ സംബന്ധിച്ച് വളരെ നിര്‍ണ്ണായകമാണ്. ഇതുവരെ ഐസിസി കിരീടം സ്വന്തമാക്കാന്‍ സാധിക്കാത്ത വിരാട് കോലിക്കും പരിശീലകന്‍ രവി ശാസ്ത്രിക്കും മുന്നിലുള്ള അവസാന അവസരമാണിത്. ടി20 ലോകകപ്പ് കിരീടം കൂടി കൈവിട്ടാല്‍ ഇരുവരുടെയും നിലനില്‍പ്പിനെത്തന്നെ അത് സാരമായി ബാധിച്ചേക്കും.
മികച്ച താരങ്ങളുടെ നീണ്ട നിര ഇന്ത്യക്കൊപ്പം ഉള്ളതിനാല്‍ ആരെ ഉള്‍ക്കൊള്ളും ആരെ ഒഴിവാക്കും എന്നത് മാത്രമാണ് മുന്നിലുള്ള വെല്ലുവിളി. ഇന്ത്യയില്‍ നടക്കേണ്ട ലോകകപ്പായിരുന്നെങ്കിലും കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് ടൂര്‍ണമെന്റ് വേദി യുഎഇയിലേക്ക് മാറ്റുകയായിരുന്നു. ലോകകപ്പ് ഫേവറേറ്റുകളില്‍ ഇന്ത്യന്‍ മുന്‍നിരയിലുണ്ടെങ്കിലും ജയം എളുപ്പമാവില്ല.
ഇപ്പോഴിതാ ഹര്‍ദിക് പാണ്ഡ്യ പൂര്‍ണ്ണ ഫിറ്റാണെങ്കില്‍ ഇന്ത്യ ലോകകപ്പ് നേടാന്‍ ഇരട്ടി സാധ്യതയാണെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം സാബ കരീം. 'ശ്രീലങ്കന്‍ പര്യടനം ഹര്‍ദികിനെ സംബന്ധിച്ച് വെല്ലുവിളിയാണ്. കാരണം ബാറ്റ്‌സ്മാനെന്ന നിലയില്‍ ചെന്നൈയിലെ സ്ലോ പിച്ചില്‍ അവന്‍ ബുദ്ധിമുട്ടിയിരുന്നു. സമാന രീതിയിലുള്ള പിച്ചാണ് ശ്രീലങ്കയിലേത്. അതിനാല്‍ത്തന്നെ വെല്ലുവിളി നിറഞ്ഞ സാഹചര്യത്തില്‍ മികച്ച സ്‌ട്രൈക്കറേറ്റില്‍ അവന് സ്‌കോര്‍ നേടാനാവുമോയെന്ന് കണ്ടറിയണം'- സാബ കരീം പറഞ്ഞു.

ഹര്‍ദിക് പാണ്ഡ്യയുടെ സേവനം ഇന്ത്യക്ക് നിര്‍ണ്ണായകമായതിനാല്‍ അവന്റെ ജോലിഭാരം കൃത്യമായി നിയന്ത്രിക്കണമെന്നും സാബ കരീം ഓര്‍മ്മിപ്പിച്ചു. പൂര്‍ണ്ണ കായിക ക്ഷമതയോടെ പന്തെറിയാനും ബാറ്റ് ചെയ്യാനും ഹര്‍ദിക്കിന് സാധിച്ചാല്‍ അത് ഇന്ത്യയുടെ ലോകകപ്പ് കിരീട സാധ്യത ഇരട്ടിയാക്കും. എന്നാല്‍ താരങ്ങളുടെ ജോലിഭാരം എങ്ങനെ നിയന്ത്രിക്കുമെന്നത് ടീം മാനേജ്‌മെന്റിന്റെ കൈയിലാണെന്നും സാബ കരീം പറഞ്ഞു.
നിലവില്‍ ഇന്ത്യയുടെ ഏക പേസ് ഓള്‍റൗണ്ടറാണ് ഹര്‍ദിക് പാണ്ഡ്യ. എന്നാല്‍ പരിക്കേറ്റതിന് ശേഷം പുറം വേദനയെത്തുടര്‍ന്ന് ഏറെ നാള്‍ അദ്ദേഹം പന്തെറിഞ്ഞിരുന്നില്ല. ഇതോടെ ഇന്ത്യയുടെ ടെസ്റ്റ് ടീമില്‍ നിന്നും അദ്ദേഹം തഴയപ്പെട്ടു. ഹര്‍ദികിന് വീണ്ടും പന്തെറിയാനായാല്‍ ടീമിനത് വലിയ ഗുണം ചെയ്‌തേക്കും. അതിവേഗം റണ്‍സുയര്‍ത്താന്‍ കെല്‍പ്പുള്ള താരമാണ് ഹര്‍ദിക്. മധ്യ ഓവറുകളില്‍ വിക്കറ്റ് വീഴ്ത്താനും അദ്ദേഹത്തിന് മികവുണ്ട്.
ഇന്ത്യക്കായി 48 ടി20യില്‍ നിന്ന് 42 റണ്‍സും 41 വിക്കറ്റും ഹര്‍ദിക് വീഴ്ത്തിയിട്ടുണ്ട്. 87 ഐപിഎല്ലില്‍ നിന്നായി 1401 വിക്കറ്റും 42 വിക്കറ്റുമാണ് ഹര്‍ദികിന്റെ പേരിലുള്ളത്.