തോൽക്കുമ്പോൾ ദേഷ്യപ്പെടുകയല്ല വേണ്ടത്, ആദ്യം ഒരു ജ്യേഷ്ഠനാകൂ സാർ! ഗൗതം ഗംഭീറിനെതിരെ ആഞ്ഞടിച്ച് ശ്രീശാന്ത്
മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായി തുടരുന്നതിനിടയിൽ, അദ്ദേഹത്തിന്റെ കോച്ചിങ് ശൈലിയെ രൂക്ഷമായി വിമർശിച്ച് മലയാളി പേസ് ഇതിഹാസം എസ്. ശ്രീശാന്ത് രംഗത്ത്. ഇന്ത്യൻ ടീമിന് കളിക്കാരെ നിർബന്ധിച്ച് കാര്യങ്ങൾ ചെയ്യിപ്പിക്കുന്ന ഒരു പരിശീലകന്റെ ആവശ്യമില്ലെന്നും, തോൽവിയിലും വിജയത്തിലും കളിക്കാരെ മനസ്സിലാക്കുന്ന ഒരാളാണ് കോച്ചാകേണ്ടതെന്നും ശ്രീശാന്ത് തുറന്നടിച്ചു. പ്രമുഖ മാധ്യമമായ 'ദി ലല്ലൻടോപ്പിന്' നൽകിയ അഭിമുഖത്തിലാണ് ശ്രീശാന്ത് തന്റെ മുൻ സഹതാരത്തിനെതിരെ കടുത്ത ഭാഷയിൽ പ്രതികരിച്ചത്.
ഇന്ത്യൻ ടീമിന് നിലവിൽ ഒരു കോച്ചിന്റെ ആവശ്യമില്ലെന്നാണ് തനിക്ക് തോന്നുന്നതെന്ന് ശ്രീശാന്ത് പറഞ്ഞു.
"താൻ പറയുന്നത് അനുസരിച്ചില്ലെങ്കിൽ ടീമിൽ നിന്ന് പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തുന്ന ഒരു പരിശീലകനെ നമുക്ക് ആവശ്യമില്ല. കോച്ചാകുന്നയാൾ ആദ്യം ഒരു ജ്യേഷ്ഠനെപ്പോലെ പെരുമാറാൻ പഠിക്കണം. വിജയിക്കുമ്പോൾ മാത്രം ചിരിക്കുകയും തോൽക്കുമ്പോൾ കളിക്കാരോട് ദേഷ്യപ്പെടുകയുമല്ല വേണ്ടത്. നിങ്ങൾ രാജ്യത്തിന് വേണ്ടി മികച്ച കാര്യങ്ങൾ ചെയ്തിട്ടുണ്ട്, അതിന് നന്ദിയുള്ളവരായിരിക്കുക. അതിനർത്ഥം ടീമിലെ ബാക്കി കളിക്കാരെല്ലാം മനഃപൂർവ്വം തോൽക്കാൻ വേണ്ടി കളിക്കുകയാണെന്നല്ല. രാജ്യത്തിന് വേണ്ടിയോ ഏതൊരു ടീമിന് വേണ്ടിയോ കളത്തിലിറങ്ങുന്ന എല്ലാവരും ജയിക്കാൻ തന്നെയാണ് ആഗ്രഹിക്കുന്നത്. ആ ഒരു മാനസികാവസ്ഥ മനസ്സിലാക്കുന്ന ആളുകളെ വേണം ഒപ്പം നിർത്താൻ." ശ്രീശാന്ത് വ്യക്തമാക്കി.

ആശിഷ് നെഹ്‌റയെപ്പോലുള്ളവർ വരണം; ഗംഭീറിനെതിരെ വീണ്ടും ചർച്ചകൾ സജീവം!
ഗംഭീറിന്റെ കർക്കശമായ സ്വഭാവത്തിന് ബദലായി മുൻ ഇന്ത്യൻ പേസർ ആശിഷ് നെഹ്‌റയുടെ കോച്ചിങ് ശൈലിയെ ശ്രീശാന്ത് പ്രശംസിച്ചു. ആശിഷ് നെഹ്‌റയെപ്പോലെയുള്ള ഒരാളാണ് കോച്ചാകുന്നതെങ്കിൽ അത് ടീമിന് ഗുണം ചെയ്യുമെന്നും, അദ്ദേഹം കളിക്കാരുമായി വ്യക്തിപരമായി ഇടപെടുകയും അവരുടെ മാനസികാവസ്ഥ മനസ്സിലാക്കുകയും ചെയ്യുന്ന പരിശീലകനാണെന്നും ശ്രീശാന്ത് കൂട്ടിച്ചേർത്തു. ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിനൊപ്പം നെഹ്‌റ വിജയം കൊയ്ത ശൈലി ഇതിന് ഉദാഹരണമായി ക്രിക്കറ്റ് ലോകം ചൂണ്ടിക്കാണിക്കുന്നുണ്ട്.
നേരത്തെയും ഐപിഎൽ ഉൾപ്പെടെയുള്ള വേദികളിൽ ഗൗതം ഗംഭീറും ശ്രീശാന്തും തമ്മിൽ വാക്പോരുകളിൽ ഏർപ്പെട്ടിട്ടുണ്ട്. എന്നാൽ ഇന്ത്യൻ കോച്ചിന്റെ പദവിയിലിരിക്കുന്ന ഗംഭീറിന്റെ സമീപനത്തെയും കടുത്ത തീരുമാനങ്ങളെയും പരസ്യമായി ചോദ്യം ചെയ്തുകൊണ്ടുള്ള ശ്രീശാന്തിന്റെ ഈ പുതിയ പ്രസ്താവന ക്രിക്കറ്റ് വൃത്തങ്ങളിൽ വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്. സോഷ്യൽ മീഡിയയിലും ഗംഭീർ അനുകൂലികളും ശ്രീശാന്ത് അനുകൂലികളും തമ്മിൽ ചേരിതിരിഞ്ഞ് വാദപ്രതിവാദങ്ങൾ ആരംഭിച്ചുകഴിഞ്ഞു.
ഒരു കോച്ച് എന്ന നിലയിൽ ഏകദിന - ടി20 ഫോർമാറ്റുകളിൽ ഗൗതം ഗംഭീർ ഇന്ത്യയ്ക്കായി മികച്ച പെർഫോമൻസ് തന്നെയാണ് കാഴ്ചവച്ചുകൊണ്ടിരിക്കുന്നത്. ചാമ്പ്യൻസ് ട്രോഫിയും ടി20 ലോകകപ്പും ഗംഭീറിന്റെ പരിശീലനത്തിൽ ഇന്ത്യ നേടി. 2027 ലോകകപ്പ് വരെയാണ് അദ്ദേഹത്തിന്റെ കരാർ നിലനിൽക്കുന്നത്. എന്നാൽ ടെസ്റ്റ് ഫോർമാറ്റിൽ ഗംഭീറിന് കീഴിൽ വലിയ മുന്നേറ്റമൊന്നും ഇന്ത്യ നടത്തിയിട്ടില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications