Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഗില്ലിനെക്കൊണ്ടാവില്ല, ഇന്ത്യയുടെ ഭാവി ക്യാപ്റ്റനാവേണ്ടത് റുതുരാജ്! കാരണങ്ങള്‍ നിരത്തി മിശ്ര

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഭാവി ക്യാപ്റ്റന്‍ സ്ഥാനത്തേക്കു ശുഭ്മന്‍ ഗില്ലിനെ വളര്‍ത്തിക്കൊണ്ടുവരാനുള്ള ബിസിസിഐയുടെ നീക്കത്തെ രൂക്ഷമായി വിമര്‍ശിച്ചിരിക്കുകയാണ് മുന്‍ ലെഗ് സ്പിന്നര്‍ അമിത് മിശ്ര. ഗില്ലിനെയല്ല മറിച്ച് റുതുരാജ് ഗെയ്ക്വാദിനെയാണ് അടുത്ത നായകനായി ഇന്ത്യ ഉയര്‍ത്തിക്കൊണ്ടു വരേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതിന്റെ കാരണങ്ങള്‍ മിശ്ര വിശദീകരിക്കുകയും ചെയ്തു. ശുഭാങ്കര്‍ മിശ്രയുടെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഞാന്‍ ശുഭ്മന്‍ ഗില്ലിന്റെ ഹേറ്ററൊന്നുമല്ല, എനിക്കു അവനെ ഇഷ്ടമാണ്. പക്ഷെ ക്യാപ്റ്റന്‍സിക്കു കൊള്ളില്ലെന്നാണ് എന്റെ അഭിപ്രായം. ഐപിഎല്ലിനിടെ ഞാന്‍ ഇതു കണ്ടിട്ടുള്ളതാണ്. ടീമിനെ എങ്ങനെ നയിക്കണമെന്നു പോലും ഗില്ലിനറിയില്ലെന്നതാണ് സത്യം. പക്ഷെ റുതുരാജ് ഇങ്ങനെയല്ല. അവന്‍ കുറേക്കൂടി മിടുക്കനാണ്, മാത്രമല്ല കടുപ്പമേറിയ സാഹചര്യങ്ങളില്‍ റണ്‍സും നേടിയിട്ടുണ്ട്. ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പം ഐപിഎല്ലിലും ഇന്ത്യക്കു വേണ്ടു ഏഷ്യന്‍ ഗെയിംസിലുമെല്ലാം നമ്മള്‍ ഇതു കണ്ടതാണണെന്നും മിശ്ര പറയുന്നു.

SHUBMAN GILL

റുതുരാജ് ഇന്ത്യയുടെ നായകസ്ഥാനത്തേക്കു വളരെ നല്ലൊരു ഓപ്ഷന്‍ തന്നെയാണ്. ടി20 ലോകകപ്പില്‍ യശസ്വി ജയ്‌സ്വാളിനെ ടീമില്‍ നിര്‍ത്തിയതു പോലെ അവനെയും തീര്‍ച്ചയായും ടീമിനോടൊപ്പം നിലനിര്‍ത്തുക തന്നെ വേണം. ടി20, ഏകദിനം, ടെസ്റ്റ് തുടങ്ങി എല്ലാ ഫോര്‍മാറ്റുകളിലും പെര്‍ഫോം ചെയ്യാന്‍ സാധിക്കുന്നയാളാണ് റുതുരാജ്. ഏറ്റവും പ്രധാനപ്പെട്ട കാര്യം അവന്‍ ടീമിലേക്കു കൊണ്ടുവരുന്ന ശാന്തതയാണ്. റിസ്‌ക്കുള്ള ഷോട്ടുകള്‍ റുതുരാജ് അധികം കളിക്കാറില്ല. അവന്‍ നല്ലൊരു മാനേജരെ നിയമിക്കണമെന്നും മിശ്ര ആവശ്യപ്പെട്ടു.

സമാപിച്ച ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ നയിച്ചത് റുതുരാജായിരുന്നു. സീസണിനു തൊട്ടുമുമ്പാണ് ഇതിഹാസ താരം എംഎസ് ധോണി ടീമിന്റെ ക്യാപ്റ്റന്‍സി റുതുരാജിനു കൈമാറിയത്. അതു വളരെ മികച്ച രീതിയില്‍ കൈകാര്യം ചെയ്യാനും അദ്ദേഹത്തിനു സാധിച്ചു. നിര്‍ണായക ഘട്ടങ്ങളില്‍ ധോണിയുടെ സഹായവും റുതുരാജിനെ ക്യാപ്റ്റനെന്ന നിലയില്‍ ഒരുപാട് സഹായിക്കുകയും ചെയ്തു. നേരിയ വ്യത്യാസത്തിലാണ് സിഎസകെയ്ക്കു പ്ലേഓഫില്‍ സ്ഥാനം നഷ്ടമായത്.

നെറ്റ് റണ്‍റേറ്റ് മോശമായതു കാരണം റുതുരാജിനും സംഘത്തിനും അഞ്ചാംസ്ഥാനം കൊണ്ടു തൃപ്തിപ്പെടേണ്ടി വരികയായിരുന്നു. എങ്കിലും വരും സീസണുകളില്‍ റുതുരാജിനു കീഴില്‍ സിഎസ്‌കെ ശക്തമായ തിരിച്ചുവരവ് നടത്തുമെന്നു തന്നെയാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വര്‍ഷം നടന്ന ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യ ക്രിക്കറ്റില്‍ മല്‍സരിച്ചപ്പോള്‍ ടീമിനെ നയിച്ചത് റുതുരാജായിരുന്നു. അദ്ദേഹത്തിനു കീഴില്‍ ഇന്ത്യയുടെ യുവനിര സ്വര്‍ണം നേടുകയും ചെയ്തു.

RUTURAJ GAIKWAD

ഇന്ത്യന്‍ സീനിയര്‍ ടീമിനായി വൈറ്റ് ബോള്‍ ഫോര്‍മാറ്റുകളില്‍ ഇതിനകം കളിച്ചുകഴിഞ്ഞ റുതുരാജ് മികച്ച പ്രകടനവും നടത്തിയിട്ടുണ്ട്. ഏകദിനത്തില്‍ ആറു മല്‍സരങ്ങളിലാണ് താരത്തിനു കളിക്കാന്‍ അവസരം ലഭിച്ചത്. ഇവയില്‍ നിന്നും 115 റണ്‍സ് നേടുകയും ചെയ്തു. ഒരു ഫിഫ്റ്റിയുള്‍പ്പെടെയാണിത്.

ടി20യില്‍ 23 മല്‍സരങ്ങളിലാണ് റുതുരാജിന് കളിക്കാനായത്. ഇവയില്‍ 20 ഇന്നിങ്‌സുകളില്‍ ബാറ്റ് ചെയ്ത താരം 39.56 ശരാശരിയില്‍ 143.54 സ്‌ട്രൈക്ക് റേറ്റില്‍ 633 റണ്‍സും അടിച്ചെടുത്തു. ഒരു സെഞ്ച്വറിയും നാലു ഫിഫ്റ്റിയുമുള്‍പ്പെടെയാണിത്. അവസാനമായി ഇന്ത്യയുടെ സിംബാബ് വെ പര്യടനത്തിലും റുതുരാജ് ബാറ്റിങില്‍ തിളങ്ങിയിരുന്നു. അധികം വൈാകാതെ ടെസ്റ്റിലേക്കും വിളിയെത്തുമെന്ന പ്രതീക്ഷയിലാണ് 27 കാരനായ താരം.

Story first published: Thursday, July 18, 2024, 19:05 [IST]
Other articles published on Jul 18, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+