ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യ യുടെ ഏകദിന, ടി20 ടീമുകളെ പ്രഖ്യാപിച്ചിരിക്കുകയാണ്. മൂന്നു ഏകദിനങ്ങളും പിന്നാലെ അഞ്ചു ടി20കളുമാണ് ഓസ്‌ട്രേലിയയില്‍ ടീം ഇന്ത്യയെ കാത്തിരിക്കുന്നത്. അടുത്ത വര്‍ഷത്തെ ടി20 ലോകകപ്പിനുള്ള പടയൊരുക്കമാണ് ടി20 പരമ്പരയെങ്കില്‍ 2027ലെ ഏകദിന ലോകകപ്പിനായുള്ള തയ്യാറെടുപ്പാാണ് ഏകദിനത്തെ ഇന്ത്യ കാണുക.
ഏകദിന ലോകകപ്പില്‍ ഇന്ത്യന്‍ ടീമിനെക്കുറിച്ചുള്ള കോച്ച് ഗൗതം ഗംഭീറിന്റെ പ്ലാനുകള്‍ എന്തൊക്കെയാണെന്നു കൂടിയാണ് ഈ പരമ്പരയ്ക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡ് സൂചിപ്പിക്കുന്നത്. രോഹിത് ശര്‍മയെ മാറ്റി ശുഭ്മന്‍ ഗില്ലിനെ ക്യാപ്റ്റനാക്കിയതും ഗംഭീറിന്റെ ദീര്‍ഘവീക്ഷണത്തിന്റെ ഭാഗം തന്നെയാണ്.

ഗംഭീര്‍ കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ ടീം കോച്ചായി എത്തിയ ശേഷം ചില മികച്ച താരങ്ങളുടെ ഏകദിന കരിയര്‍ തന്നെ അവതാളത്തിലായിരിക്കുകയാണ്. പ്രതിഭാശാലികളായ ചില കളിക്കാരെ അദ്ദേഹം ടീമില്‍ നിന്നും പൂര്‍ണമായി മാറ്റി നിര്‍ത്തിയിരിക്കുകയാണെന്നു തന്നെ പറയേണ്ടി വരും. ആരൊക്കെയാണ് ഈ കൡക്കാരെന്നു നമുക്കു നോക്കാം.
റുതുരാജ് ഗെയ്ക്വാദ്
ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെയും ആഭ്യന്തര ക്രിക്കറ്റില്‍ മഹാരാഷ്ട്ര ടീമിന്റെയും ക്യാപ്റ്റനായ മുന്‍നിര ബാറ്റര്‍ റുതുരാജ് ഗെയ്ക്വാദാണ് ഈ ലിസ്റ്റിലെ ആദ്യത്തെയാള്‍. വളരെ മികച്ച ബാറ്റിങ് ടെക്‌നിക്കും സ്ഥിരതയുമെല്ലാമുണ്ടായിട്ടും അദ്ദേഹത്തിനു ഗൗതം ഗംഭീറിന്റെ ഏകദിന ടീമിലേക്കു ചാന്‍സില്ല.
അടുത്ത ഇന്ത്യന്‍ ക്യാപ്റ്റമെന്നു പോലും ഒരു സമയത്തു വിശേഷിപ്പിക്കപ്പെട്ടിരുന്നയാളാണ് റുതുരാജ്. പക്ഷെ ഇപ്പോള്‍ ഒരു ഫോര്‍മാറ്റിലും അദ്ദേഹം ടീമിന്റെ ഏഴയലത്തു പോലുമില്ല. ശുഭ്മന്‍ ഗില്‍, യശസ്വി ജയ്‌സ്വാള്‍, അഭിഷേക് ശര്‍മ തുടങ്ങിയ യുവതാരങ്ങളുടെ വരവോടെ റുതുരാജ് പിന്തള്ളപ്പെടുകയായിരുന്നു.
2023 ഡിസംബറില്‍ സൗത്താഫ്രിക്കന്‍ പര്യടനത്തിലാണ് അദ്ദേഹം അവസാനായി ഏകദിനത്തില്‍ കളിച്ചത്. അതിനു ശേസം കഴിഞ്ഞ രണ്ടു വര്‍ഷത്തോളമായി ടീമിലേക്കുള്ള കോള്‍ കാത്തിരിക്കുകയാാണ് റുതുരാജ്. ലിസ്റ്റ് എ ക്രിക്കറ്റില്‍ വളരെ മികച്ച റെക്കോര്‍ഡാണ് അദ്ദേഹത്തിനുള്ളത്. 83 ഇന്നിങ്‌സുകളില്‍ നിന്നും 56.15 എന്ന മികച്ച ശരാശരിയില്‍ 4324 റണ്‍സ് റുതുരാജ് നേടിക്കഴിഞ്ഞു.
ഇഷാന്‍ കിഷന്‍
ഒരു സമയത്തു വൈറ്റ് ബോള്‍ ക്രിക്കറ്റിലെ സ്ഥിരം സാന്നിധ്യമായിരുന്ന യുവ ഇടംകൈയന്‍ വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷന്‍ ഇപ്പോള്‍ ടീമില്‍ നിന്നും തീര്‍ത്തും അപ്രത്യക്ഷനായിരിക്കുകയാണ്. 2023ലെ ഐസിസി ഏകദിന ലോകകപ്പിലെ ബാക്കപ്പ് കീപ്പറായിരുന്നു അദ്ദേഹം. പക്ഷെ ഇപ്പോള്‍ ഇഷാന്‍ അടുത്ത ലോകകപ്പ് പ്ലാനുകളുടെ ഭാഗം പോലുമല്ല.
2023ലെ ലോകകപ്പില്‍ അഫ്ഗാനിസ്താനുമായുള്ള മല്‍സരത്തിലാണ് ഇഷാന്‍ അവസാനമായി കളിച്ചത്. ഏകദിനത്തില്‍ ഡബിള്‍ സെഞ്ച്വറിയടിച്ച ചുരുക്കം താരങ്ങൡലൊരാളായിട്ടും അദ്ദേഹം രണ്ടു വര്‍ഷത്തോളമായി ഒരു മല്‍സരം പോലും കളിച്ചിട്ടില്ല.
ഏകദിനത്തില്‍ 24 ഇന്നിങ്‌സുകളില്‍ ഇന്ത്യന്‍ കുപ്പായമണിഞ്ഞ താരമാണ് ഇഷാന്‍. 42.40 ശരാശരിയില്‍ 102.19 സ്‌ട്രൈക്ക്‌റേറ്റോടെ 933 റണ്‍സും നേടി. ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കാന്‍ തയ്യാറാവാതെ മാറി നിന്ന ശേഷം ബിസിസിഐയുടെ മുഖ്യ കരാറില്‍ നിന്നും ഇഷാന്‍ പുറത്തായിരുന്നു. ഇതോടെയാണ് ബിസിസിഐ അദ്ദേഹത്തെ അവഗണിക്കാനും തുടങ്ങിയത്.
രജത് പാട്ടിധാര്‍
മധ്യനിര ബാറ്ററായ രജത് പാട്ടിധാറാണ് ഈ ലിസ്റ്റിലെ മൂന്നാമന്‍. ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സിനെ കന്നിക്കിരീടത്തിലേക്കു നയിച്ച ക്യാപ്റ്റനായതോടെ അദ്ദേഹത്തിന്റെ താരമൂല്യം ഏറെ ഉയര്‍ന്നിരിക്കുകയാണ്. ഏകദിന ക്രിക്കറ്റില്‍ ഇന്ത്യക്കായി മധ്യനിരയില്‍ മിന്നിക്കാന്‍ ശേഷിയുള്ള താരമാണ് പാട്ടിധാര്‍.
2023ല്‍ സൗത്താഫ്രിക്കയ്‌ക്കെതിരേ ഒരേയൊരു ഏകദിനത്തില്‍ മാത്രമേ അദ്ദേഹത്തിനു കളിക്കാന്‍ ഭാഗ്യമുണ്ടായുള്ളൂ. പിന്നീടൊരിക്കലും പാട്ടിധാറിനു ടീമിലേക്കു കോളുമെത്തിയിട്ടില്ല. വിജയ് ഹസാരെ ട്രോഫിയടക്കം ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനം നടത്തിയിട്ടും സെലക്ടര്‍മാര്‍ അദ്ദേഹത്തെ നിരന്തരം അവഗണിക്കുകയാണ്. ലിസ്റ്റ് എ ക്രിക്കറ്റില്‍ 63 ഇന്നിങ്‌സുകളിലായി 37.47 ശരാശറയില്‍ 2211 റണ്‍സ് നേടിയിട്ടുള്ള താരമാണ് പാട്ടിധാര്‍.

ആവേശ് ഖാന്‍
യുവ ഫാസ്റ്റ് ബൗളര്‍ ആവേശ് ഖാനാണ് ഏകദിന ടീമില്‍ നിന്നും അവഗണിക്കപ്പെട്ടു കൊണ്ടിരിക്കുന്ന മറ്റൊരാള്‍. 2023ലെ സൗത്താഫ്രിക്കന്‍ പര്യടനത്തിനു ശേഷം അദ്ദേഹവും ഏകദിന ടീമിലേക്കു പരിഗണിക്കപ്പെട്ടിട്ടില്ല. ഇന്ത്യക്കായി എട്ടു ഏകദിനങ്ങളില്‍ കളിച്ച ആവേശ് 5.54 ഇക്കോണമി റേറ്റില്‍ ഒമ്പതു വിക്കറ്റുകളും വീഴ്ത്തി.
ലിസ്റ്റ് എ ക്രിക്കറ്റില്‍ 41 ഇന്നിങ്‌സുകളില്‍ നിന്നും 5.19 ഇക്കോണമി റേറ്റില്‍ 49 വിക്കറ്റുകളും ആവേശ് നേടിയിട്ടുണ്ട്. ഫ്‌ളോപ്പായിട്ടും ഹര്‍ഷിത് റാണയ്ക്കു തുടരം അവസരം ലഭിക്കുമ്പോള്‍ അതിനേക്കാള്‍ മികച്ച ബൗളറായ ആവേശിനെ ഗൗതം ഗംഭീറിനു വേണ്ടെന്നതാണ് യാഥാര്‍ഥ്യം.