വിജയ് ഹസാരെ ട്രോഫി ആവേശകരമായി പുരോഗമിക്കുകയാണ്. ചാമ്പ്യന്‍സ് ട്രോഫി വരാനിരിക്കുന്നതിനാല്‍ വിജയ് ഹസാരെ ട്രോഫിയിലെ പ്രകടനം വളരെ നിര്‍ണ്ണായകമാണെന്ന് പറയാം. അതുകൊണ്ടുതന്നെ യുവതാരങ്ങളെല്ലാം വിജയ് ഹസാരെ ട്രോഫിയില്‍ മിന്നും പ്രകടനം നടത്താനുള്ള ശ്രമത്തിലാണ്. തിലക് വര്‍മ വിജയ് ഹസാരെ ട്രോഫിയില്‍ തുടര്‍ച്ചയായി രണ്ട് മത്സരത്തിലും ഡെക്കിന് പുറത്തായി നാണംകെട്ടപ്പോള്‍ റുതുരാജ് ഗെയ്ക് വാദ് മിന്നല്‍ സെഞ്ച്വറിയോടെ കൈയടി നേടിയിരിക്കുകയാണ്.
സര്‍വീസസിനെതിരേയാണ് മഹാരാഷ്ട്ര നായകനായ റുതുരാജിന്റെ തകര്‍പ്പന്‍ ബാറ്റിങ് പ്രകടനം. 57 പന്തിലാണ് റുതുരാജിന്റെ സെഞ്ച്വറി പ്രകടനം. ചാമ്പ്യന്‍സ് ട്രോഫി സീറ്റ് ലക്ഷ്യമിടുന്ന റുതുരാജിന്റെ പ്രതീക്ഷകളുയര്‍ത്തുന്ന പ്രകടനമാണിതെന്ന് പറയാം. തല്ലിക്കളിച്ച റുതുരാജ് 74 പന്തില്‍ 16 ഫോറും 11 സിക്‌സുമാണ് പറത്തിയത്. 200 സ്‌ട്രൈക്ക് റേറ്റില്‍ കളിച്ച താരം 148 റണ്‍സോടെ പുറത്താവാതെ നിന്നു. സര്‍വ്വീസസ് മുന്നോട്ടുവെച്ച 205 റണ്‍സ് വിജയലക്ഷ്യം 20.2 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ മറികടക്കാന്‍ മഹാരാഷ്ട്രക്കായി.
റുതുരാജ് ബാക്കപ്പ് ഓപ്പണര്‍
വരാനിരിക്കുന്ന ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയുടെ ബാക്കപ്പ് ഓപ്പണര്‍ റോളിലേക്കാണ് റുതുരാജ് ഗെയ്ക് വാദ് നോട്ടമിടുന്നത്. ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫിയില്‍ ഓപ്പണര്‍ റോളിലേക്ക് പരിഗണിക്കുന്നത് രോഹിത് ശര്‍മക്കൊപ്പം ശുബ്മാന്‍ ഗില്ലിനെയാവും. നിലവിലെ ഇന്ത്യയുടെ ഏകദിനത്തിലെ ഓപ്പണിങ് കൂട്ടുകെട്ട് ഇതാണ്. ഇരുവരും മികച്ച പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ ഈ ഓപ്പണിങ് കൂട്ടുകെട്ട് മാറ്റാന്‍ ഇന്ത്യ തയ്യാറായേക്കില്ല.
ബാക്കപ്പ് ഓപ്പണറായി ആരെന്നതാണ് പ്രധാനപ്പെട്ട ചോദ്യം. ഈ റോളിലേക്ക് ഇന്ത്യ റുതുരാജിനെ പരിഗണിക്കാനാണ് സാധ്യത കൂടുതല്‍. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ നായകനാണ് റുതുരാജ് ഗെയ്ക് വാദ്. ഐപിഎല്ലില്‍ മികച്ച റെക്കോഡുള്ള താരമാണെങ്കിലും ഇന്ത്യന്‍ ടീമില്‍ റുതുരാജിന് വേണ്ടത്ര അവസരമില്ല. ചാമ്പ്യന്‍സ് ട്രോഫിയില്‍ റുതുരാജിനെ ഇന്ത്യ ബാക്കപ്പ് ഓപ്പണര്‍ റോളിലേക്ക് പരിഗണിക്കാനുള്ള സാധ്യതയാണ് കൂടുതലെന്ന് പറയാം.

സഞ്ജു സാംസണിന് ഇനി പ്രതീക്ഷ വേണ്ട
ചാമ്പ്യന്‍സ് ട്രോഫിയിലെ സഞ്ജു സാംസണിന്റെ പ്രതീക്ഷകള്‍ക്ക് അടുത്ത തിരിച്ചടി നല്‍കുന്നതാണ് റുതുരാജിന്റെ പ്രകടനം. ചാമ്പ്യന്‍സ് ട്രോഫി ടീമില്‍ സഞ്ജു സാംസണിന് ഇനി ഇടം ലഭിക്കില്ലെന്ന് തന്നെ പറയാം. സഞ്ജു വിജയ് ഹസാരെ ട്രോഫിക്കുള്ള കേരള ടീമില്‍ നിന്ന് വിട്ടുനിന്നതോടെ തന്നെ ചാമ്പ്യന്‍സ് ട്രോഫി ടീമിലെത്താനുള്ള സാധ്യതകള്‍ അവസാനിച്ചതാണ്. എന്നാല്‍ സമീപകാലത്തെ സഞ്ജുവിന്റെ തകര്‍പ്പന്‍ പ്രകടനം അദ്ദേഹത്തിന്റെ സാധ്യതകള്‍ നിലനിര്‍ത്തുന്നതാണ്.
ടി20യില്‍ മൂന്ന് സെഞ്ച്വറികള്‍ ഉള്‍പ്പെടെ തകര്‍പ്പന്‍ ഫോമിലാണ് സഞ്ജു. രോഹിത് ശര്‍മ മോശം ഫോമില്‍ കളിക്കുന്ന സാഹചര്യത്തില്‍ സഞ്ജു സാംസണിന് ചില സാധ്യതകളുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ റുതുരാജ് ഗെയ്ക് വാദ് മിന്നിച്ചതോടെ സഞ്ജുവിന് ഇനി പ്രതീക്ഷകള്‍ക്ക് വകയില്ല. ശ്രേയസ് അയ്യരും തകര്‍പ്പന്‍ ബാറ്റിങ് പ്രകടനമാണ് സമീപകാലത്തായി നടത്തുന്നത്. ശ്രേയസും ചാമ്പ്യന്‍സ് ട്രോഫി ടീമില്‍ ഇടം നേടാനാണ് കൂടുതല്‍ സാധ്യത.
തിലക് വര്‍മക്ക് മികവ് കാട്ടാനാവുന്നില്ല
ചാമ്പ്യന്‍സ് ട്രോഫി ടീമില്‍ ഇടം പിടിച്ചിരുന്ന യുവതാരങ്ങളിലൊരാളാണ് തിലക് വര്‍മ. ഇടം കൈയന്‍ ബാറ്റ്‌സ്മാനായ തിലക് വര്‍മ ടി20യില്‍ തകര്‍പ്പന്‍ സെഞ്ച്വറികളാണ് ദക്ഷിണാഫ്രിക്കന്‍ പരമ്പരയില്‍ നേടിയത്. രണ്ട് സെഞ്ച്വറി ഉള്‍പ്പെടെ മിന്നല്‍ ബാറ്റിങ് പ്രകടനമാണ് തിലക് നടത്തിയത്. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലും തിലക് ഭേദപ്പെട്ട പ്രകടനമാണ് കാഴ്ചവെച്ചത്. എന്നാല്‍ വിജയ് ഹസാരെ ട്രോഫിയില്‍ തിലകിന് മികവിനൊത്ത് ഉയരാനായിട്ടില്ല. രണ്ട് മത്സരത്തിലാണ് അദ്ദേഹം ഡെക്കിന് മടങ്ങിയത്. ഇനിയുള്ള മത്സരങ്ങളില്‍ ശക്തമായ തിരിച്ചുവരവ് നടത്തിയാലും തിലകിന് കാര്യങ്ങള്‍ എളുപ്പമാവില്ല.