ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ യുവ ഓപ്പണിങ് ബാറ്ററായ അഭിഷേക് ശര്‍മയുടെ സ്ഥാനം ഇപ്പോള്‍ ചോദ്യം ചെയ്യപ്പെട്ടു കൊണ്ടിരിക്കുകയാണ്. ബംഗ്ലാദേശുമായുള്ള അവസാനത്തെ ടി20 പരമ്പരയ്ക്കു പിന്നാലെ ഇപ്പോള്‍ സൗത്താഫ്രിക്കയിലും ബാറ്റിങില്‍ ദുരന്തമായി മാറിയിരിക്കുകയാണ് യുവ താരം. അഭിഷേകിനേക്കാള്‍ ഇന്ത്യന്‍ ടി20 ടീമില്‍ സ്ഥാനമര്‍ഹിക്കുന്ന മറ്റൊരാളുണ്ട്. അതു റുതുരാജ് ഗെയ്ക്വാദാണ്.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ കളിക്കാന്‍ അവസരം ലഭിച്ചപ്പോഴെല്ലാം മോശമല്ലാത്ത പ്രകടനം കാഴ്ചവച്ചിട്ടും റുതുരാജിനു മതിയായ അവസരങ്ങള്‍ ലഭിക്കുന്നില്ലെന്നതാണ് പ്രശ്‌നം. സൗത്താഫ്രിക്കയുമായുള്ള ഈ പരമ്പരയ്ക്കു ശേഷമുള്ള ഭാവി ടി20 പരമ്പരകളില്‍ അഭിഷേകിനു പകരം ടീമിലുള്‍പ്പെടുത്തേണ്ടത് റുതുരാജിനെയാണ്. ഇതിനു പിന്നിലെ കാരണങ്ങളെന്താണെന്നു നോക്കാം.

ഇരുവരുടെയും പ്രകടനം
ടി20 ഫോര്‍മാറ്റില്‍ ഇന്ത്യക്കു വേണ്ടി ഇതിനകം നടത്തിയിട്ടുള്ള പ്രകടനങ്ങള്‍ താരതമ്യം ചെയ്താല്‍ അഭിഷേക് ശര്‍മയേക്കാള്‍ ഏറെ മുകളിലാണ് റുതുരാജ് ഗെയ്ക്വാദിന്റെ സ്ഥാനമെന്നു കാണാം. കഴിഞ്ഞ വര്‍ഷം അന്താരാഷ്ട്ര ടി20യില്‍ റുതുരാജിന്റെ ശരാശരി 60.83ഉം സ്‌ട്രൈക്ക് റേറ്റ് 147ഉം ആയിരുന്നു.
ഈ വര്‍ഷവും അദ്ദേഹം മോശമാക്കിയില്ല. ശരാശരിയും സ്‌ട്രൈക്ക് റേറ്റുമെല്ലാം റുതുരാജ് ഈ വര്‍ഷം കൂടുതല്‍ മെച്ചപ്പെടുത്തിയതായി കാണാം. 66.50 ശരാശരിയില്‍ 158 സ്‌ട്രൈക്ക് റേറ്റിലാണ് ഈ വര്‍ഷം താരം ബാറ്റ് വീശിയത്.
ടീം ഇന്ത്യക്കായി ടി20യില്‍ അഭിഷേക് ഒരേയൊരു സെഞ്ച്വറി കുറിച്ചിട്ടുള്ളത് ദുര്‍ബലരായ സിംബാബ്‌വെയ്‌ക്കെതിരേ അവരുടെ നാട്ടിലാണ്. എന്നാല്‍ റുതുരാജിന്റെ ഏക സെഞ്ച്വറിയാവട്ടെ കഴിഞ്ഞ വര്‍ഷം നാട്ടില്‍ വച്ച് കരുത്തരായ ഓസ്‌ട്രേലിയക്കെതിരേയാണ്.
ഇരുവരും നേടിയിട്ടുള്ള ഈ സെഞ്ച്വറികള്‍ പരിഷശോധിക്കുമ്പോള്‍ തന്നെ ആരാണ് കൂടുതല്‍ ക്ലാസ് ബാറ്ററെന്നത് വ്യക്തമാണ്. അതു മാത്രമല്ല ടി20യില്‍ ഇരുവരുടെയും ശരാശരികള്‍ നോക്കിയാല്‍ അഭിഷേകിന്റേത് വെറും 19 മാത്രമാണ്. റുതുരാജിന്റേതാവട്ടെ 40ഉം ആണെന്നു കാണാം.
സെഞ്ച്വറി മാറ്റി നിര്‍ത്തിയാല്‍ ദുരന്തം
അഭിഷേക് ശര്‍മയുടെ അന്താരാഷ്ട്ര ക്രിക്കറ്റിലെ അരങ്ങേറ്റം ഈ വര്‍ഷത്തെ ടി20 ലോകകപ്പിനു പിന്നാലെയുള്ള സിംബാബ്‌വെ പര്യടനത്തിലായിരുന്നു. ശുഭ്മന്‍ ഗില്ലിനു കീഴില്‍ ഇന്ത്യയുടെ രണ്ടാംനിര ടീമിനെ അയച്ചപ്പോള്‍ ടീമിന്റെ ഓപ്പണര്‍മാരില്‍ ഒരാളായിരുന്നു അഭിഷേക്. അരങ്ങേറ്റ മല്‍സരത്തില്‍ ഡെക്കുമായി തുടങ്ങിയ താരം രണ്ടാമത്തെ കളിയില്‍ സെഞ്ച്വറിയോടെ ഹീറോയായി മാറി. 47 ബോളില്‍ 100 റണ്‍സാണ് അഭിഷേക് അടിച്ചെടുത്തത്.
ഈ തരത്തിലുള്ള കൂടുതല്‍ വെടിക്കെട്ട് ഇന്നിങ്‌സുകള്‍ തുടര്‍ന്നും താരത്തില്‍ നിന്നും പ്രതീക്ഷിച്ചെങ്കിലും ബാറ്റിങിലെ ഗ്രാഫ് കുത്തനെ താഴേക്കാണ് വീണത്. അതിനു ശേഷം കളിച്ച ഒമ്പതു ഇന്നിങ്‌സുകളെടുത്താല്‍ ഒന്നില്‍പ്പോലും 16 റണ്‍സിനു മുകളില്‍ അഭിഷേക് നേടിയിട്ടില്ല. 10 (9 ബോള്‍), 14 (11), 16 (7), 15 (11), 4 (4), 7 (8), 4 (5) എന്നിങ്ങനെ പരിതാപകരമായിരുന്നു സ്‌കോറുകള്‍.

മറുഭാഗത്ത് റുതുരാജ് ഗെയ്ക്വാദിന്റെ അവസാനത്തെ എട്ടു ടി20 ഇന്നിങ്‌സുകളെടുത്താല്‍ ഇതില്‍ രണ്ടെണ്ണത്തില്‍ മാത്രമേ ചെറിയ സ്‌കോറുകള്‍ക്കു പുറത്തായിട്ടുള്ളൂവെന്നു കാണാം. ഒരു സെഞ്ച്വറിക്കൊപ്പം രണ്ടു ഫിഫ്റ്റി പ്ലസ് സ്‌കോറുകളും താരം കുറിച്ചു. 40 (26 ബോള്‍), 58 (43), 123* (57), 32 (28), 10 (12), 7 (9), 77 (47), 49 (28) എന്നിങ്ങനെയായിരുന്നു സ്‌കോറുകള്‍.
സാങ്കേതിക മികവ്
റുതുരാജ് ഗെയ്ക്വാദിനെയും അഭിഷേക് ശര്‍മയെയും താരതമ്യം ചെയ്താല്‍ ബാറ്റിങിലെ സാങ്കേതിക മികവിന്റെ കാര്യത്തില്‍ റുതുരാജാണ് കൂടുതല്‍ മിടുക്കനെന്നു കാണാം. ഫാസ്റ്റ്, സ്പിന്‍ ബൗളിങിനെ ഒരുപോലെ മികച്ച രീതിയില്‍ കൈകാര്യം ചെയ്യാന്‍ റുതുരാജിനു ശേഷിയുണ്ട്. നാട്ടില്‍ മാത്രമല്ല വിദേശ പിച്ചുകളിലും തിളങ്ങാനുള്ള കഴിവും അദ്ദേഹത്തെ സ്‌പെഷ്യലാക്കുന്നു.
എന്നാല്‍ പേസും ബൗണ്‍സുമുള്ള പിച്ചുകളില്‍ ഫാസ്റ്റ് ബൗളര്‍മാരെ നേരിടുന്നതില്‍ റുതുരാജിനു വലിയ ദൗല്‍ബല്യം തന്നെയുണ്ട്. സൗത്താഫ്രിക്കയില്‍ താരത്തിനു തിരിച്ചടിയാവുന്നതും ഇതു തന്നെയാണ്. ഇന്ത്യയിലെ സ്ലോ പിച്ചുകളില്‍ മാത്രമാണ് അഭിഷേക് കൂടുതല്‍ അപകടകാരിയാവുന്നത്. ഈ കാരണത്താല്‍ തന്നെ ഭാവിയില്‍ അദ്ദേഹത്തിനു പകരം ടി20യില്‍ റുതുരാജിനു കൂടുതല്‍ അവസരങ്ങള്‍ നല്‍കാന്‍ ഇന്ത്യ ശ്രമിക്കുകയും വേണം.