
കളിയാകെ മാറ്റിമറിച്ചു
കോലിയുടെ റണ്ണൗട്ട് കളി തന്നെ മാറ്റിമറിച്ചതായി രഹാനെ സമ്മതിക്കുന്നു. മെല്‍ബണില്‍ വെള്ളിയാഴ്ച ആരംഭിക്കാനിരിക്കുന്ന രണ്ടാം ടെസ്റ്റിനു മുന്നോടിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. അതു വളരെ കടുപ്പമേറിയതായിരുന്നു. ആ സമയത്ത് ടീം നല്ല രീതിയില്‍ മുന്നോട്ടുപോവുകയായിരുന്നു. കോലിയും താനും തമ്മിലുള്ള കൂട്ടുകെട്ടും മികച്ചതായിരുന്നു. ആ റണ്ണൗട്ടിനു ശേഷമായിരുന്നു കളി ഓസീസിന്റെ വഴിയിലേക്കു നീങ്ങിയതെന്നും രഹാനെ വിശദമാക്കി.
74 റണ്‍സെടുത്തു നില്‍ക്കെയായിരുന്നു കോലി റണ്ണൗട്ടായി മടങ്ങിയത്. അദ്ദേഹം പുറത്തായ ശേഷം ഇന്ത്യന്‍ ബാറ്റിങ് നിര തകര്‍ന്നടിയുകയും പ്രതീക്ഷിച്ചതിനേക്കാള്‍ ചെറിയ ടോട്ടലില്‍ ടീം ഓള്‍ഔട്ടാവുകയും ചെയ്തിരുന്നു.

കോലിയോടു മാപ്പുപറഞ്ഞു
ആ ദിവസത്തെ കളി അവസാനിച്ച ശേഷം ഞാന്‍ കോലിയുടെ അടുത്തേക്കു പോവുകയും മാപ്പുപറയുകയും ചെയ്തിരുന്നു. എന്നാല്‍ കോലി അപ്പോഴേക്കും ഓക്കെയായി കഴിഞ്ഞിരുന്നു. റണ്ണൗട്ടിന് മുമ്പ് ടീമിന്റെ അവസ്ഥ എന്തായിരുന്നുവെന്ന് ഞങ്ങള്‍ക്കു മനസ്സിലാക്കിയിരുന്നു. വളരെ മികച്ച രീതിയില്‍ അപ്പോള്‍ ടീം മുന്നേറുകയായിരുന്നു. എന്നാല്‍ ഇതുപോലെയുള്ള സംഭവങ്ങള്‍ ക്രിക്കറ്റില്‍ സംഭവിക്കുന്നതാണ്. അതിനെ മാനിക്കുകയും മുന്നോട്ടു പോവുകയും വേണമെന്നും രഹാനെ പറഞ്ഞു.
ഇന്ത്യ മൂന്നിന് 188 റണ്‍സെന്ന നിലയിലുള്ളപ്പോഴായിരുന്നു കോലി റണ്ണൗട്ടായി മടങ്ങിയത്. പിന്നീട് തുടര്‍ച്ചയായ ഇടവേളകളില്‍ വിക്കറ്റുകള്‍ നഷ്ടപ്പെടുത്തിയ ഇന്ത്യ 244ന് ഓള്‍ഔട്ടാവുകയും ചെയ്തിരുന്നു.

രഹാനെയ്ക്കു വന്‍ വെല്ലുവിളി
തന്റെ വലിയൊരു പിഴവ് കാരണം ആദ്യ ടെസ്റ്റില്‍ ഇന്ത്യക്കു മേധാവിത്വം നഷ്ടപ്പെടുകയും തുടര്‍ന്നു വന്‍ തോല്‍വിയേറ്റു വാങ്ങുകയും ചെയ്തതിനാല്‍ രണ്ടാം ടെസ്റ്റില്‍ ഇതിനു പ്രായശ്ചിത്തം ചെയ്യുകയെന്ന വന്‍ വെല്ലുവിളിയാണ് രഹാനെയ്ക്കു മുന്നിലുള്ളത്. കോലിയുടെ അഭാവത്തില്‍ ടീമിനെ നയിക്കുകയെന്ന വലിയ ഉത്തരവാദിത്വം കൂടി അദ്ദേഹത്തിനു മേല്‍ വന്നിരിക്കുകയാണ്.
ആദ്യ ടെസ്റ്റിലെ ടീമില്‍ നാലു മാറ്റങ്ങളുമായിട്ടാണ് ഇന്ത്യ രണ്ടാം ടെസ്റ്റിനിറങ്ങുന്നത്. കോലിയെക്കൂടാതെ മുഹമ്മദ് ഷമി, പൃഥ്വി ഷാ, വൃധിമാന്‍ സാഹ എന്നിവരും ഇന്ത്യന്‍ നിരയിലില്ല. പകരം ശുഭ്മാന്‍ ഗില്‍, റിഷഭ് പന്ത്, രവീന്ദ്ര ജഡേജ, മുഹമ്മദ് സിറാജ് എന്നിവരാണ് പ്ലെയിങ് ഇലവനിലെത്തിയത്. ഗില്ലിനും സിറാജിനും ടെസ്റ്റ് അരങ്ങേറ്റം കൂടിയാണിത്.


Click it and Unblock the Notifications