ദാരിദ്ര്യത്തോട് പടവെട്ടി ദേശീയ ടീമിലേക്കെത്തിയ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളെ പരിശോധിച്ചാല്‍ പലരേയും ഈ പട്ടികയില്‍ കാണാനാവും. ഇപ്പോള്‍ യശ്വസി ജയ്‌സ്വാളില്‍ എത്തിനില്‍ക്കുന്ന ഈ പോരാട്ടവീര്യത്തിന്റെ കഥയിലെ വേറിട്ട മുഖമാണ് മുനാഫ് പട്ടേല്‍. 35 രൂപ ദിവസക്കൂലിക്കാരനില്‍ നിന്ന് ഇന്ത്യയുടെ ലോകകപ്പ് ഹീറോയായി മാറുകയും പിന്നീട് പെട്ടെന്ന് തന്നെ ക്രിക്കറ്റില്‍ നിന്ന് അപ്രതീക്ഷിതമാവുകയും ചെയ്ത മുനാഫ് ഇന്നും ഇന്ത്യന്‍ ആരാധകരുടെ ഓര്‍മകളിലെ ഒളിമങ്ങാത്ത മുഖമാണ്.
ഒരു നേരത്തെ ഭക്ഷണത്തിന് പോലും പ്രയാസം നേരിട്ട ജീവിതാവസ്ഥയില്‍ നിന്നാണ് മുനാഫിന്റെ വളര്‍ച്ച. ഗുജറാത്തിലെ ഇഖ്ഹര്‍ എന്ന ഗ്രാമത്തില്‍ 1983ലാണ് മുനാഫിന്റെ ജനനം. നിരവധി ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്നതായിരുന്നു ഈ സ്ഥലം. ഇവിടെയാണ് മുനാഫ് ജനിച്ചത്. ചെറുപ്പത്തിലേ തന്നെ ചെറിയ ജോലികള്‍ അദ്ദേഹത്തിന് ചെയ്യേണ്ടി വന്നു. അച്ഛനെ സാമ്പത്തികമായി സഹായിക്കാന്‍ ചെറുപ്പത്തിലേ നിര്‍ബന്ധിതനായതോടെ കാര്യമായ വിദ്യാഭ്യാസം നേടിയെടുക്കാനായില്ല.
നാട്ടിലെ ഒരു ഫാക്ട്‌റിയില്‍ എട്ട് മണിക്കൂര്‍ ജോലി ചെയ്ത് 35 രൂപയായിരുന്നു മുനാഫ് പ്രതിഫലം വാങ്ങിയിരുന്നത്. ഈ സമയങ്ങളിലൊന്നും ക്രിക്കറ്റ് മുനാഫിന്റെ വിദൂര സ്വപ്‌നങ്ങളില്‍ പോലുമുണ്ടായിരുന്നില്ല. അവധി സമയങ്ങളില്‍ മാത്രമാണ് ക്രിക്കറ്റ് കളിച്ചിരുന്നത്. ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോഴാണ് മുനാഫ് ബൗളിങ്ങില്‍ ശ്രദ്ധ നല്‍കിത്തുടങ്ങുന്നത്. അദ്ദേഹത്തിന്റെ നാട്ടിലുണ്ടായിരുന്ന യൂസുഫ് ഭായിയെന്ന് വിളിക്കുന്നയാളാണ് മുനാഫിന്റെ പ്രതിഭ തിരിച്ചറിയുന്നത്.
അദ്ദേഹമാണ് ബറോഡയിലെ ക്രിക്കറ്റ് ക്ലബ്ബിലേക്ക് മുനാഫിനെ എത്തിക്കുന്നത്. ആദ്യമായി ഷൂസ് വാങ്ങി നല്‍കിയതും യൂസുഫ് ഭായിയാണെന്ന് മുനാഫ് വെളിപ്പെടുത്തിയിരുന്നു. കോച്ചിങ് അക്കാഡമയില്‍ വെച്ച് 20കാരനായ മുനാഫിന്റെ ബൗളിങ് മികവ് കിരണ്‍ മോറെയുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. മുനാഫിന്റെ വേഗവും ലൈനും ലെങ്തും ഇഷ്ടപ്പെട്ട കിരണ്‍ മോറെ ചെന്നൈയിലെ എംആര്‍എഫ് പേസ് ബൗണ്ടറേഷനിലേക്ക് മുനാഫിനെ അയക്കുകയായിരുന്നു.

ഇവിടെവെച്ച് മുനാഫിന്റെ ബൗളിങ് മുന്‍ ഓസീസ് ഇതിഹാസങ്ങളായ സ്റ്റീവ് വോക്കും ഡെന്നിസ് ലില്ലിക്കും ഇഷ്ടപ്പെടുകയായിരുന്നു. ഇരുവരും മുനാഫിനെ പ്രശംസിച്ച് സംസാരിക്കുകയും ചെയ്തു. അക്കാലത്താണ് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ മുനാഫിന്റെ ബൗളിങ് കാണാന്‍ ഇടയാവുന്നത്. സച്ചിന് മുനാഫിന്റെ ബൗളിങ് ഇഷ്ടപ്പെടുകയും രഞ്ജി ട്രോഫിയില്‍ മുംബൈക്കായി കളിക്കാന്‍ അവസരമൊരുക്കുകയും ചെയ്തു. 2003ലായിരുന്നു ഇത്.
2004ല്‍ ഫിറ്റ്‌നസ് വര്‍ധിപ്പിക്കാന്‍ ഓസ്‌ട്രേലിയയിലെ ഒരു ഫിറ്റ്‌നസ് സെന്ററിലേക്ക് മുനാഫിനെ അയക്കുകയും ചെയ്തു. 2006ല്‍ ഇംഗ്ലണ്ടിനെതിരേ മുനാഫ് പട്ടേല്‍ ഇന്ത്യക്കായി ടെസ്റ്റ് അരങ്ങേറ്റം നടത്തി. മൊഹാലിയില്‍ നടന്ന ഈ ടെസ്റ്റില്‍ 97 റണ്‍സ് വഴങ്ങി 7 വിക്കറ്റ് വീഴ്ത്തി മുനാഫ് ശ്രദ്ധ പിടിച്ചുപറ്റി. നല്ല വേഗതയായിരുന്നു മുനാഫിന്റെ കരുത്ത്. ജനഗല്‍ ശ്രീനാഥിന് ശേഷം ഇന്ത്യ കണ്ടെത്തിയ മികച്ച പേസറെന്ന നിലയില്‍ മുനാഫ് വാഴ്ത്തപ്പെട്ടു.
മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യക്കായി കളിച്ച മുനാഫ് 2011ലെ ഏകദിന ലോകകപ്പില്‍ ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെട്ടു. സഹീര്‍ ഖാന്‍, എസ് ശ്രീശാന്ത്, ആശിഷ് നെഹ്‌റ എന്നിവരെല്ലാം ഉള്‍പ്പെട്ട പേസ് നിരയില്‍ മുനാഫിനും സ്ഥാനമുണ്ടായിരുന്നു. 11 വിക്കറ്റുമായി മുനാഫ് ലോകകപ്പില്‍ തിളങ്ങുകയും ചെയ്തു. എന്നാല്‍ ലോകകപ്പിന് ശേഷം പെട്ടെന്ന് ചിത്രത്തില്‍ നിന്ന് മുനാഫ് അപ്രത്യക്ഷമായി. കരിയറിലെ ഏറ്റവും മികച്ച നിലയില്‍ നിന്നപ്പോഴാണ് അദ്ദേഹം കളിനിര്‍ത്തിയതെന്നതാണ് ശ്രദ്ധേയം.
13 ടെസ്റ്റില്‍ നിന്ന് 35 വിക്കറ്റും 70 ഏകദിനത്തില്‍ നിന്ന് 86 വിക്കറ്റും 3 ടി20യില്‍ നിന്ന് 4 വിക്കറ്റുമാണ് മുനാഫ് പട്ടേലിന്റെ സമ്പാദ്യം. അന്ന് ദിവസം 35 രൂപക്ക് പണിയെടുത്ത മുനാഫിന് ഇന്ന് കോടികളുടെ ആസ്തിയുണ്ട്. തന്റെ ഗ്രാമത്തിലെ പല ജീവിതങ്ങളെയും മാറ്റിമറിക്കാനും മുനാഫിന് സാധിച്ചു.
ക്രിക്കറ്റ് ജീവിതത്തിലെ മനോഹര ഓര്‍മകളെല്ലാം ചിത്രങ്ങളാക്കി മുനാഫ് തന്റെ വീട്ടില്‍ സൂക്ഷിച്ചിട്ടുണ്ട്. ഇതില്‍ കൂടുതല്‍ സ്ഥാനം ധോണിക്ക് നല്‍കിയിട്ടുമുണ്ട്. നിഷ്‌കളങ്കമായ ചിരിയോടെ ഇന്ത്യന്‍ ക്രിക്കറ്റിലെ മറക്കാനാവാത്ത മുഖങ്ങളോടൊപ്പം എന്നെന്നും മുനാഫുമുണ്ടാകുമെന്നുറപ്പ്.