ഹൈദരാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണിലേക്കുള്ള വരവ് രാജകീയമായിത്തന്നെ അറിയിച്ചിരിക്കുകയാണ് രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണ്‍. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ ആദ്യ മത്സരത്തില്‍ തകര്‍പ്പന്‍ ഫിഫ്റ്റിയോടെയാണ് സഞ്ജു കസറിയത്. 32 പന്തില്‍ 55 റണ്‍സുമായാണ് സഞ്ജു കൈയടി നേടിയത്. മൂന്നാമനായി ക്രീസിലെത്തി മൂന്ന് ഫോറും നാല് സിക്‌സും ഉള്‍പ്പെടെയാണ് മലയാളി താരത്തിന്റെ മാസ്മരിക പ്രകടനം.
171.87 സ്‌ട്രൈക്കറേറ്റിലായിരുന്നു സഞ്ജുവിന്റെ ബാറ്റിങ്. നായകനെന്ന നിലയില്‍ ടീമിനെ മുന്നില്‍ നിന്ന് നയിക്കാന്‍ സഞ്ജുവിന് സാധിച്ചു. ആദ്യ മത്സരത്തില്‍ത്തന്നെ തന്റെ ക്ലാസ് ബാറ്റിങ് മികവ് കാട്ടിക്കൊടുക്കാന്‍ സഞ്ജുവിന് സാധിച്ചുവെന്ന് പറയാം. 2020 മുതല്‍ സഞ്ജു കളിച്ച എല്ലാ സീസണിലെയും ആദ്യ മത്സരത്തില്‍ താരം നിരാശപ്പെടുത്തിയില്ലെന്നതാണ് വസ്തുത. 2020ല്‍ സിഎസ്‌കെയ്‌ക്കെതിരേ 32 പന്തില്‍ 74 റണ്‍സാണ് സഞ്ജു നേടിയത്.

photo credit: https://twitter.com/rajasthanroyals/status/1642496160664530944/photo/1
2021ല്‍ പഞ്ചാബ് കിങ്‌സിനെതിരേ 63 പന്തില്‍ 119 റണ്‍സ് നേടി. 2022ല്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേയായിരുന്നു രാജസ്ഥാന്റെ ആദ്യ മത്സരം. ഈ മത്സരത്തില്‍ 27 പന്തില്‍ 55 റണ്‍സാണ് സഞ്ജു അടിച്ചത്. ഇപ്പോഴിതാ 32 പന്തില്‍ 55 റണ്‍സുമായി മറ്റൊരു കിടിലന്‍ പ്രകടനവും. സഞ്ജുവിന്റെ ആരാധകരെയെല്ലാം ആവേശത്തിലാക്കുന്ന ബാറ്റിങ് പ്രകടനമാണ് സഞ്ജു കാഴ്ചവെച്ചത്. ഐപിഎല്ലില്‍ ഗംഭീരമായി കളിക്കുമ്പോഴും സഞ്ജുവിന് ദേശീയ ടീമില്‍ ഇടമില്ലെന്നതാണ് വസ്തുത.
സഞ്ജുവിന്റെ ബാറ്റിങ് മികവില്‍ ആരാധകര്‍ പ്രതീക്ഷവെക്കുമ്പോഴും ഇന്ത്യന്‍ സെലക്ടര്‍മാര്‍ അത്ര സംതൃപ്തരല്ല. അതുകൊണ്ട് തന്നെ പലപ്പോഴും അദ്ദേഹം തഴയപ്പെടുന്നു. ഇപ്പോഴിതാ സഞ്ജുവിനെ തഴഞ്ഞവര്‍ക്കെല്ലാം പ്രകടനം കൊണ്ട് സഞ്ജു മറുപടി നല്‍കുകയാണ്. നായകന്റെ സമ്മര്‍ദ്ദമില്ലാതെ അതിവേഗം റണ്‍സുയര്‍ത്താന്‍ സഞ്ജുവിന് സാധിക്കുന്നുണ്ട്. ഏത് ബാറ്റിങ് പൊസിഷനിലും കളിക്കാന്‍ താന്‍ മിടുക്കനാണെന്ന് അദ്ദേഹം തെളിയിക്കുന്നു.

ബിസിസി ഐയും സെലക്ടര്‍മാരും ഇനിയെങ്കിലും കണ്‍തുറന്ന് കാണൂവെന്നാണ് ആരാധകര്‍ പറയുന്നത്. സഞ്ജുവിന്റെ ബാറ്റിങ്ങിനെ വാഴ്ത്തി ആരാധകരെല്ലാം രംഗത്തെത്തിയിട്ടുണ്ട്. സഞ്ജുവിനെ ഇനിയെങ്കിലും തഴയരുതെന്നാണ് ആരാധകര്‍ പറയുന്നത്. ഇഷാന്‍ കിഷനെക്കാളും മികച്ച ബാറ്റ്‌സ്മാനും വിക്കറ്റ് കീപ്പറുമാണ് സഞ്ജു. എന്നിട്ടും ഇഷാനുവേണ്ടി സഞ്ജുവിനെ തഴയുന്നു. ഈ അനീതിക്ക് ഇനിയെങ്കിലും അവസാനം ഉണ്ടാവണമെന്നും ആരാധകര്‍ പറയുന്നു.
ഹൈദരാബാദിനെതിരേ എല്ലാ സീസണിലും തകര്‍പ്പന്‍ പ്രകടനം നടത്തുന്ന താരമാണ് സഞ്ജു. ഹൈദരാബാദിനെതിരേ 10 ഇന്നിങ്‌സില്‍ 541 റണ്‍സാണ് സഞ്ജു നേടിയത്. 67.63 ശരാശരിയും 150.69 സ്‌ട്രൈക്കറേറ്റും സഞ്ജുവിനുണ്ട്. എന്നാല്‍ എല്ലാ സീസണിലും സഞ്ജുവില്‍ കാണുന്ന പ്രശ്‌നം മികച്ച തുടക്കത്തിന് ശേഷം പിന്നോട്ട് പോകുന്നതാണ്. ഇത്തവണത്തെ സീസണ്‍ സഞ്ജുവിന്റെ കരിയറില്‍ നിര്‍ണ്ണായകമാണ്. ഏഷ്യാ കപ്പും ഏകദിന ലോകകപ്പും ഈ വര്‍ഷം നടക്കാനുണ്ട്.

ഇന്ത്യ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് സഞ്ജുവിനെ പരിഗണിക്കണമെന്ന ആരാധകരുടെ ആവിശ്യം ശക്തമാണ്. എന്നാല്‍ തുടര്‍ച്ചയായി മികവ് കാട്ടാത്ത പക്ഷം സഞ്ജുവിന് കാര്യങ്ങള്‍ എളുപ്പമാവില്ല. നിലവിലെ പ്രകടനം കൊണ്ട് സെലക്ടര്‍മാരുടെ കണ്‍തുറപ്പിക്കാന്‍ സഞ്ജുവിന് സാധിക്കും. എന്നാല്‍ ഇനിയുള്ള മത്സരങ്ങളിലും സ്ഥിരതയോടെ കളിക്കുകയെന്നതാണ് വളരെ പ്രധാനം. അല്ലാത്ത പക്ഷം സഞ്ജുവിന് കാര്യങ്ങള്‍ എളുപ്പമാവില്ലെന്നുറപ്പ്.
അവസാന സീസണില്‍ സഞ്ജു ഒമ്പതാം സ്ഥാനത്തുണ്ടായിരുന്നു. 17 മത്സരത്തില്‍ നിന്ന് 458 റണ്‍സാണ് സഞ്ജു നേടിയത്. 28.62 ശരാശരിയിലും 146.79 സ്‌ട്രൈക്കറേറ്റിലുമായിരുന്നു സഞ്ജുവിന്റെ പ്രകടനം. ഇത്തവണ റണ്‍വേട്ടക്കാരില്‍ ടോപ് അഞ്ചിന്റെ ഉള്ളിലേക്കെത്താന്‍ സഞ്ജുവിന് സാധിക്കേണ്ടതായുണ്ട്. അല്ലാത്ത പക്ഷം സഞ്ജുവിന്റെ ദേശീയ ടീമിലേക്കുള്ള മടങ്ങിവരവ് കടുപ്പം. ഇതേ ഫോമില്‍ മുന്നോട്ട് പോയാല്‍ ദേശീയ ടീമിലേക്ക് തിരിച്ചെത്താന്‍ സാധ്യത കൂടുതല്‍.