ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദുമായുള്ള മല്‍സരത്തില്‍ കേരളത്തില്‍ നിന്നുള്ള ഫാസ്റ്റ് ബൗളര്‍ കെഎം ആസിഫിനെ രാജസ്ഥാന്‍ റോയല്‍സിന്റെ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയതിനെതിരേ സമ്മിശ്ര പ്രതികരണം. ഒരു വിഭാഗം ആരാധകര്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണിന്റെ ഈ തീരുമാനത്തെ സ്വാഗതം ചെയ്തപ്പോള്‍ മറ്റൊരു വിഭാഗം ഇതിനെ വിമര്‍ശിച്ചിരിക്കുകയാണ്. റോയല്‍സിനൊപ്പം ആസിഫിന്റെ അരങ്ങേറ്റ മല്‍സരം കൂടിയാണിത്.

എന്നാല്‍ ഐപിഎല്ലില്‍ നേരത്തേ കളിച്ച് പരിചയമുള്ള താരമാണ് അദ്ദേഹം. മൂന്നു സീസണുകളില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പമായിരുന്നു ആസിഫ്. മൂന്നു മല്‍സരങ്ങളില്‍ നിന്നും നാലു വിക്കറ്റുകള്‍ വീഴ്ത്തുകയും ചെയ്തു. കഴിഞ്ഞ സീസണിനു ശേഷം സിഎസ്‌കെ ഒഴിവാക്കിയ പേസറെ ഇത്തവണ റോയല്‍സ് തങ്ങളുടെ കൂടാരത്തിലേക്കു കൊണ്ടുവരികയായിരുന്നു. സീസണിലെ ആദ്യ കളിയില്‍ തന്നെ ആസിഫിന് അരങ്ങേറാന്‍ അവസരം ലഭിക്കുകയും ചെയ്തു.
കെഎം ആസിഫിനെക്കൂടാതെ കഴിഞ്ഞ മിനി ലേലത്തില്‍ ടീമലേക്കു വന്ന വെസ്റ്റ് ഇന്‍ഡീസ് സീം ബൗളിങ് ഓള്‍റൗണ്ടര്‍ ജേസണ്‍ ഹോള്‍ഡറും ഹൈദരാബാദിനെതിരായ കളിയില്‍ റോയല്‍സിനു വേണ്ടി അരങ്ങേറ്റം കുറിച്ചു. പക്ഷെ ആസിഫിനെ റോയല്‍സ് ഇലവനില്‍ കളിപ്പിച്ചത് പലര്‍ക്കും അത്ര രസിച്ചിട്ടില്ല. മലയാളി ആയതുകൊണ്ടാണോ മറ്റു മികച്ച ഫാസ്റ്റ് ബൗളര്‍മാര്‍ ടീമിലുണ്ടായിട്ടും ആസിഫിന് സഞ്ജു അവസരം നല്‍കിയതെന്നാണ് വിമര്‍ശകരുടെ ചോദ്യം.
സന്ദീപ് ശര്‍മയേക്കാള്‍ മുമ്പ് കെഎം ആസിഫിനെ കളിപ്പിക്കാന്‍ സഞ്ജു സംസണിനെ എന്താണ് പ്രേരിപ്പിച്ചത്? ഫേവറിറ്റിസമെന്നത് സ്വാഭാവികമായുള്ള മനുഷ്യന്റെ സ്വഭാവത്തിന്റെ ഭാഗമാണ്. അത് സഞ്ജുവായാലും ഉണ്ടാവുമെന്നായിരുന്നു ഒരു യൂസറുടെ വിമര്‍ശനം.

കുല്‍ദീപ് സെന്നിനു പകരം കെഎം ആസിഫ് എന്താണ് രാജസ്ഥാന്‍ റോയല്‍സിന്റെ പ്ലെയിങ് ഇലവനില്‍ ചെയ്തുകൊണ്ടിരിക്കുന്നത് എന്നായിരുന്നു ഒരു യൂസറുടെ ചോദ്യം. എന്തുകൊണ്ടായിരിക്കാം കെഎം ആസിഫിന് രാജസ്ഥാന്‍ റോയല്‍സില്‍ അരങ്ങേറാന്‍ അവസരം ലഭിച്ചത്? ചിലപ്പോള്‍ നെറ്റ്‌സില്‍ സഞ്ജു സാംസണ്‍ താരത്തിന്റെ ബൗളിങില്‍ എന്തെങ്കിലും പ്രത്യേക കണ്ടിരിക്കാമെന്നായിരുന്നു ഒരു പ്രതികരണം.
രാജസ്ഥാന്‍ റോയല്‍സിന്റെ പ്ലെയിങ് ഇലവനില്‍ കെഎം ആസിഫോ? എങ്ങനെയാണ് താരം ഈ മല്‍സരത്തില്‍ ടീമിനു വേണ്ടി പെര്‍ഫോം ചെയ്യുന്നതെന്നു കാണാന്‍ വേണ്ടി കാത്തിരിക്കുകയാണെന്നായിരുന്നു ഒരു യൂസറുടെ പ്രതികരണം. നവദീപ് സെയ്‌നിക്കു പകരം പ്ലെയിങ് ഇലവനില്‍ കെഎം ആസിഫിനെ ഉള്‍പ്പെടുത്തിയത് വളരെയധികം താല്‍പ്പര്യമുണര്‍ത്തുന്ന കാര്യമാണ്.
കുല്‍ദീപ് സെന്നിന് പരിക്ക് ആയിരിക്കാമെന്ന് ഇതിലൂടെ വ്യക്തമാണെന്നും ഒരു യൂസര്‍ കുറിച്ചു. രാജസ്ഥാന്‍ റോയല്‍സിന്റെ ഇലവനില്‍ കെഎം ആസിഫോ? ഇങ്ങനെയൊരു സര്‍പ്രൈസ് ഒട്ടും പ്രതീക്ഷിച്ചില്ലെന്നായിരുന്നു ഒരു പ്രതികരണം. സന്ദീപ് ശര്‍മ, കുല്‍ദീപ് സെന്‍ എന്നിവരേക്കാള്‍ മുമ്പ് കെഎം ആസിഫ് രാജസ്ഥാന്‍ റോയല്‍സിന്റെ ഇലവനിലേക്കു വന്നിരിക്കുകയാണ്. ഇതു ശരിക്കും സര്‍പ്രൈസ് തന്നെയാണ്. ഒരുപക്ഷെ റോയല്‍സ് എന്തെങ്കിലും സ്‌പെഷ്യലായി ആസിഫില്‍ കണ്ടിരിക്കാമെന്നും ഒരു യൂസര്‍ കുറിച്ചു.
അതേസമയം, ഹൈദരാബാദിനെതിരേ ടോസ് നഷ്ടമായ രാജസ്ഥാന്‍ റോയല്‍സ് ആദ്യം ബാറ്റ് ചെയ്യുകയാണ്. മികച്ച തുടക്കമാണ് അവര്‍ക്കു ലഭിച്ചിരിക്കുന്നത്. 11 ഓവര്‍ കഴിയുമ്പോള്‍ ഒരു വിക്കറ്റിനു 132 റണ്‍സെന്ന ശക്തമായ നിലയിലാണ്് റോയല്‍സ്. 22 ബോളില്‍ 54 റണ്‍സെടുത്ത ജോസ് ബട്‌ലറാണ് പുറത്തായത്. യശസ്വി ജയ്‌സ്വാളും (48) നായകന്‍ സഞ്ജു സാംസണുമാണ് (29) ക്രീസില്‍.
പ്ലെയിങ് ഇലവന്‍
രാജസ്ഥാന്‍ റോയല്‍സ്- യശസ്വി ജയ്‌സ്വാള്‍, ജോസ് ബട്‌ലര്‍, സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ദേവ്ദത്ത് പടിക്കല്‍, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, റിയാന്‍ പരാഗ്, ജേസണ്‍ ഹോള്‍ഡര്‍, ആര്‍ അശ്വിന്‍, ട്രെന്റ് ബോള്‍ട്ട്, യുസ്വേന്ദ്ര ചഹല്‍, കെഎം ആസിഫ്.
സണ്‍റൈസേഴ്‌സ് ഹൈദരാബാദ്-അഭിഷേക് ശര്‍മ, മായങ്ക് അഗര്‍വാള്‍, രാഹുല്‍ ത്രിപാഠി, ഹാരി ബ്രൂക്ക്, ഗ്ലെന്‍ ഫിലിപ്‌സ് (വിക്കറ്റ് കീപ്പര്‍), വാഷിങ്ടണ്‍ സുന്ദര്‍, ഭുവനേശ്വര്‍ കുമാര്‍ (ക്യാപ്റ്റന്‍), ആദില്‍ റഷീദ്, ഉമ്രാന്‍ മാലിക്ക്, ടി നടരാജന്‍, ഫസല്‍ഹഖ് ഫറൂഖി.