ഹൈദരാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ വലിയ ആരാധക പിന്തുണയുള്ള ടീമാണ് രാജസ്ഥാന്‍ റോയല്‍സ്. സഞ്ജു സാംസണ്‍ നയിക്കുന്ന ടീം അവസാന സീസണിലെ റണ്ണറപ്പുകളാണ്. ഇത്തവണ വലിയ. പ്രതീക്ഷയോടെ ഇറങ്ങുന്ന രാജസ്ഥാന്‍ ആദ്യ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ മികച്ച ബാറ്റിങ് പ്രകടനമാണ് കാഴ്ചവെക്കുന്നത്. എന്നാല്‍ അവസാന സീസണിലെ ഫ്‌ളോപ്പ് ഷോ തുടരുകയാണ് ദേവ്ദത്ത് പടിക്കല്‍.
നാലാം നമ്പറിലെത്തിയ ദേവ്ദത്ത് പടിക്കല്‍ അഞ്ച് പന്തില്‍ രണ്ട് റണ്‍സ് മാത്രമാണ് നേടിയത്. ഉമ്രാന്‍ മാലിക്കിന്റെ 149ന് മുകളില്‍ വേഗത്തിലെത്തിയ പന്ത് ദേവ്ദത്തിന്റെ സ്റ്റംപ് പറിക്കുകയായിരുന്നു. ഒന്നും ചെയ്യാനാവാതെ നിരാശയോടെ ദേവ്ദത്തിന് കളം വിടേണ്ടി വന്നു. അവസാന സീസണില്‍ ഫ്‌ളോപ്പായിട്ടും ഇത്തവണയും ദേവ്ദത്തിനെ രാജസ്ഥാന്‍ നാലാം നമ്പറിലേക്ക് പരിഗണിച്ചുവെന്നതാണ് ശ്രദ്ധേയം. എന്നാല്‍ താരം ഫ്‌ളോപ്പായിരിക്കുകയാണ്.

ഇപ്പോഴിതാ ദേവ്ദത്തിനെതിരേ ആരാധകര്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ്. യാതൊരു ഉപയോഗവുമില്ലാത്ത താരമെന്നാണ് ദേവ്ദത്തിനെ ആരാധകര്‍ പരിഹസിക്കുന്നത്. ഏകദിനത്തിലും ടെസ്റ്റിലും കളിക്കേണ്ട ശൈലിയാണെന്നും ടി20യില്‍ ദേവ്ദത്തിന്റെ മുട്ടിടിക്കുകയാണെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു. ഹാഫ് മലയാളി താരമാണ് ദേവ്ദത്ത് പടിക്കല്‍. അതുകൊണ്ട് തന്നെ സഞ്ജുവിന് ദേവ്ദത്തിനോട് താല്‍പര്യമുണ്ടെന്നും ഇതാണ് പ്ലേയിങ് 11ലെത്താന്‍ കാരണമെന്നുമാണ് ആരാധകര്‍ പറയുന്നത്.
ദേവ്ദത്തിന്റെ ടി20 കണക്കുകളൊന്നും പ്രതീക്ഷ നല്‍കുന്നതല്ല. ആര്‍സിബിയുടെ ഓപ്പണറായി താരത്തെ രാജസ്ഥാന്‍ നാലാം നമ്പറിലേക്ക് പരിഗണിക്കുന്നത് മണ്ടത്തരമാണെന്നാണ് ആരാധക പക്ഷം. അവസാന സീസണില്‍ രാജസ്ഥാന്‍ പരീക്ഷിച്ച് പരാജയപ്പെട്ട താരമാണ് ദേവ്ദത്ത്. എന്നിട്ടും വീണ്ടും അവസരം ലഭിച്ചത് സഞ്ജുവിന്റെ ദേവ്ദത്തിനോടുള്ള താല്‍പര്യംകൊണ്ടാവാമെന്നാണ് ആരാധകര്‍ പറയുന്നത്. താരത്തിന്റ സമീപകാല പ്രകടനങ്ങള്‍ വിലയിരുത്തുമ്പോള്‍ ആരാധകരുടെ വാദത്തിനും കഴമ്പുണ്ട്.

47 ഐപിഎല്ലില്‍ നിന്ന് 1262 റണ്‍സാണ് ദേവ്ദത്തിന്റെ സമ്പാദ്യം. 27.43 ആണ് ശരാശരി. സ്‌ട്രൈക്കറേറ്റ് 123.97. ഒരു സെഞ്ച്വറിയും ഏഴ് ഫിഫ്റ്റിയുമാണ് ദേവ്ദത്ത് ഐപിഎല്ലില്‍ നേടിയത്. എന്നാല്‍ ഓപ്പണിങ്ങില്‍ നിന്ന് മാറിയതോടെ മികച്ചൊരു പ്രകടനം കാഴ്ചവെക്കാന്‍ ദേവ്ദത്തിനായിട്ടില്ല. രാജസ്ഥാന്‍ ദേവ്ദത്തിനെ ഓപ്പണറാക്കാന്‍ സാധ്യതയില്ലാത്തതിനാല്‍ അടുത്ത സീസണിന് മുമ്പായി ഒഴിവാക്കുമെന്ന കാര്യം ഉറപ്പാണ്. നിലവിലെ താരത്തിന്റെ പ്രകടനം തീര്‍ത്തും നിരാശപ്പെടുത്തുന്നതാണ്.
രാജസ്ഥാന്‍ റോയല്‍സ് നിരയില്‍ റിയാന്‍ പരാഗും നിരാശപ്പെടുത്തി. അഞ്ചാമനായി ബാറ്റിങ്ങിനെത്തിയ പരാഗ് ആറ് പന്തില്‍ ഏഴ് റണ്‍സ് മാത്രമാണ് നേടിയത്. ഇതില്‍ ഒരു ബൗണ്ടറിയും ഉള്‍പ്പെടും. ഷോ മാനെന്ന് രാജസ്ഥാന്‍ ആരാധകര്‍ തന്നെ വിളിക്കുന്ന പരാഗ് ആദ്യ മത്സരത്തില്‍ത്തന്നെ നിരാശപ്പെടുത്തി. ടി നടരാജനെ വമ്പന്‍ ഷോട്ടിന് ശ്രമിച്ചാണ് പരാഗിന്റെ പുറത്താകല്‍. പരാഗിനെതിരേയും ട്രോളുകള്‍ ഉയരുന്നുണ്ട്. പരാഗിന് പകരം മറ്റൊരു മികച്ച താരത്തെ രാജസ്ഥാന്‍ പരിഗണിക്കണമെന്നാണ് ആരാധകര്‍ പറയുന്നത്.

എന്നാല്‍ രാജസ്ഥാന്‍ റോയല്‍സ് പരാഗിനെ അത്ര പെട്ടെന്നൊന്നും വിട്ടുകളയില്ല. അവസാന സീസണിലും പരാഗ് ഫ്‌ളോപ്പായിരുന്നു. എന്നാല്‍ പരാഗിനെ പിന്തുണക്കുന്ന നിലപാടാണ് ടീം മാനേജ്‌മെന്റ് സ്വീകരിച്ചത്. അതുകൊണ്ട് തന്നെ രാജസ്ഥാന്‍ നിരയില്‍ ഇനിയും പരാഗ് തുടരുമെന്ന കാര്യം ഉറപ്പാണ്. എന്നാല്‍ പരാഗ് തുടരുന്നതില്‍ രാജസ്ഥാന്‍ ആരാധകര്‍ ഹാപ്പിയല്ലെന്ന് പ്രതികരണങ്ങളില്‍ നിന്ന് വ്യക്തം.
ഹൈദരാബാദിനെതിരേ വമ്പന്‍ സ്‌കോറാണ് രാജസ്ഥാന്‍ റോയല്‍സ് നേടിയത്. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 203 റണ്‍സാണ് നേടിയത്. യശ്വസി ജയ്‌സ്വാള്‍ (54), ജോസ് ബട്‌ലര്‍ (54), സഞ്ജു സാംസണ്‍ (55) എന്നിവരുടെ തകര്‍പ്പന്‍ ഫിഫ്റ്റിയാണ് രാജസ്ഥാനെ മികച്ച ടോട്ടലിലേക്കെത്തിച്ചത്.