ഐപിഎല്‍: തിരിച്ചുവരുമോ ആര്‍സിബി? പക്ഷെ ദുഷ്‌കരം... സ്ഥാനം ഭദ്രമാക്കാന്‍ ഹൈദരാബാദ്

ഹൈദരാബാദ്: വിരാട് കോലിയുടെ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ഐപിഎല്ലില്‍ നിര്‍ണായകമല്‍സരത്തിനിറങ്ങുന്നു. രാത്രി എട്ടിനു നടക്കുന്ന കളിയില്‍ പോയിന്റ് പട്ടികയിലെ ഒന്നാംസ്ഥാനക്കാരുമായാണ് ആര്‍സിയുടെ മല്‍സരം. സീസണില്‍ ഇനി അഞ്ചു മല്‍സരമാണ് ആര്‍സിബിക്കു ശേഷിക്കുന്നത്. പ്ലേഓഫ് പ്രതീക്ഷകള്‍ നിലനിര്‍ത്താന്‍ ഇവയില്‍ കോലിക്കും സംഘത്തിനും മികച്ച പ്രകടനം നടത്തിയേ തീരൂ. ഒമ്പതു മല്‍സരങ്ങളില്‍ മൂന്നെണ്ണത്തില്‍ മാത്രം ജയിച്ച ആര്‍സിബി ആറു പോയിന്റുമായി പട്ടികയില്‍ ആറാമതാണ്.
എന്നാല്‍ കിരീടഫേവറിറ്റുകളിലൊന്നായി മാറിക്കഴിഞ്ഞ ഹൈദരാബാദ് പോയിന്റ് പട്ടികയിലെ ഒന്നാംസ്ഥാനം ഭദ്രമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ആര്‍സിബിയെ സ്വന്തം മൈതാനത്തേക്കു ക്ഷണിക്കുന്നത്. ഒമ്പതു മല്‍സരങ്ങളില്‍ നിന്നും ഏഴു ജയവും രണ്ടു തോല്‍വിയുമടക്കം 14 പോയിന്റോടെയാണ് ഹൈദരാബാദ് തലപ്പത്ത് നില്‍ക്കുന്നത്.

തുടര്‍ച്ചയായ അഞ്ചാം ജയം
സീസണിലെ തുടര്‍ച്ചയായ അഞ്ചാം ജയം തേടിയാണ് ബാംഗ്ലൂരുമായി ഹൈദരാബാദ് ഏറ്റുമുട്ടുന്നത്. അവസാനമായി കളിച്ച നാലു മല്‍സരങ്ങളിലും ഹൈദരാബാദ് തോല്‍വിയറിഞ്ഞിട്ടില്ല. മുംബൈ ഇന്ത്യന്‍സിനെ 31 റണ്‍സിനും കിങ്‌സ് ഇലവന്‍ പഞ്ചാബിനെ 13 റണ്‍സിനും രാജസ്ഥാന്‍ റോയല്‍സിനെ 11 റണ്‍സിനും ഡല്‍ഹി ഡെയര്‍ഡെവിള്‍സിനെ ഏഴു വിക്കറ്റിനുമാണ് ഹൈദരാബാദ് തകര്‍ത്തുവിട്ടത്.
ഈ സീസണില്‍ ഏറ്റവും കുറച്ചു മല്‍സരങ്ങളില്‍ പരാജയപ്പെട്ട ടീം കൂടിയായ ഹൈദരാബാദിന് ആര്‍സിബിയെയും തോല്‍പ്പിക്കാനായാല്‍ പ്ലേഓഫ് ബെര്‍ത്തിന് ഒരുപടി കൂടി അടുക്കാനാവും.

തപ്പിത്തടയുന്ന ആര്‍സിബി
ഈ സീസണില്‍ കന്നി ഐപിഎല്‍ സ്വന്തമാക്കാനാവുമെന്ന ഉറച്ച വിശ്വാസത്തോടെ ഇറങ്ങിയ ആര്‍സിബി ഇപ്പോള്‍ പ്ലേഓഫില്‍പോലും എത്താനാവുമോയെന്ന ആശങ്കയിലാണ്. അവസാനമായി കളിച്ച അഞ്ചു മല്‍സരങ്ങളില്‍ മൂന്നിലും ആര്‍സിബി തോറ്റിരുന്നു. ഡല്‍ഹി ഡെയര്‍ഡെവിള്‍സിനെയും മുംബൈ ഇന്ത്യന്‍സിനെയുമാണ് ആര്‍സിബിക്കു പരാജയപ്പെടുത്താന്‍ സാധിച്ചത്.
തകര്‍പ്പന്‍ ഫോമിലുള്ള ഹൈദരാബാദിനെ മറികടക്കണമെങ്കില്‍ കോലിക്കും സംഘത്തിനും ആവനാഴിയിലെ അവസാന ആയുധവും പുറത്തെടുക്കേണ്ടിവരും. സ്ഥിരത നിലനിര്‍ത്താന്‍ സാധിക്കുന്നില്ലെന്നതാണ് സീസണില്‍ ആര്‍സിബിയുടെ ഏറ്റവും വലിയ പോരായ്മ.

ഹെയ്ല്‍സിന്റെ സാന്നിധ്യം
ഇംഗ്ലണ്ടിന്റെ വെടിക്കെട്ട് ഓപ്പണറായ അലെക്‌സ് ഹെയ്ല്‍സിനെ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയതോടെ ഹൈദരാബാദ് ബാറ്റിങ് ലൈനപ്പ് കൂടുതല്‍ ശക്തമായി മാറിയിട്ടുണ്ട്. ഹെയ്ല്‍സിനൊപ്പം ഓപ്പണിങ് പങ്കാളിയായ ശിഖര്‍ ധവാനും താളംവീണ്ടെടുത്താല്‍ ഹൈദരാബാദിനെ തടഞ്ഞുനിര്‍ത്തുക അസാധ്യമാവും.
ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസണാണ് ബാറ്റിങില്‍ ഈ സീസണില്‍ ഹൈദരാബാദിന്റെ അപ്രതീക്ഷിത താരമായത്. 354 റണ്‍സ് വില്ല്യംസണ്‍ ഇതിനകം നേടിക്കഴിഞ്ഞു. ഇതേ ഫോം ശേഷിക്കുന്ന മല്‍സരങ്ങളിലും ആവര്‍ത്തിക്കാന്‍ സാധിക്കുമെന്ന ആത്മവിശ്വാസത്തിലാണ് അദ്ദേഹം.
അതേസമയം, ക്യാപ്റ്റന്‍ കോലിയും ദക്ഷിണാഫ്രിക്കന്‍ സൂപ്പര്‍ താരം എബി ഡിവില്ലിയേഴ്‌സുമാണ് ബാറ്റിങില്‍ ആര്‍സിബിയുടെ നട്ടെല്ല്. ഇരുവരും കൂടി സീസണില്‍ 630 റണ്‍സ് നേടിക്കഴിഞ്ഞു.

സൂപ്പര്‍ ബൗളിങ്
ഈ സീസണിലെ ഏറ്റവും മികച്ച ബൗളിങ് ലൈനപ്പുള്ള ടീമാണ് ഹൈദരാബാദ്. അതുകൊണ്ടു തന്നെയാണ് എത്ര കുറഞ്ഞ സ്‌കോറും പ്രതിരോധിച്ചു ജയിക്കാന്‍ അവര്‍ക്കു സാധിക്കുന്നത്. ഒപ്പം വില്ല്യംസണിന്റെ ബ്രില്ല്യന്റ് ക്യാപ്റ്റന്‍സിയും അവര്‍ക്കു മുതല്‍ക്കൂട്ടാണ്. വെറും 6.98 ശരാശരിയില്‍ 34 വിക്കറ്റുകളാണ് ഹൈദരാബാദ് ബൗളര്‍മാര്‍ ഈ സീസണില്‍ ഇതുവരെ നേടിയത്.
അതേസമയം, പേസര്‍ ഉമേഷ് യാദവ് മിന്നുന്ന ഫോമിലാണെങ്കിലും മികച്ച പിന്തുണ ലഭിക്കുന്നില്ലെന്നതാണ് ആര്‍സിബി ബൗളിങിനെ ദുര്‍ബലമാക്കുന്നത്. യാദവ് ഇതിനകം 13 വിക്കറ്റുകള്‍ നേടിക്കഴിഞ്ഞു. കൂടുതലും ആദ്യത്തെ പവര്‍പ്ലേ ഓവറുകളിലുമായിരുന്നു. പിന്നീടെത്തുന്ന ബൗളര്‍മാര്‍ മികവിലേക്കുയരാത്തതാണ് ബാംഗ്ലൂരിനെ അലട്ടുന്ന പ്രധാന ഘടകം.

മുന്‍തൂക്കം ഹൈദരാബാദിന്
ഈ സീസണില്‍ ബാംഗ്ലൂരും ഹൈദരാബാദും ആദ്യമായി നേര്‍ക്കുനേര്‍ വരുന്ന മല്‍സരമാണിത്. ഇതുവരെയുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ ആര്‍സിബിക്കെതിരേ ഹൈദരാബാദിനാണ് മുന്‍തൂക്കം. 10 മല്‍സരങ്ങളില്‍ ഇരുടീമും ഏറ്റുമുട്ടിയപ്പോള്‍ ആറിലും ജയം ഹൈദരാബാദിനായിരുന്നു. ആറു കളികളിലാണ് ആര്‍സിബിക്കു ജയിക്കാന്‍ കഴിഞ്ഞത്.
ഹോംഗ്രൗണ്ടില്‍ ആര്‍സിബിക്കു മേല്‍ ഹൈദരാബാദിനു വ്യക്തമായ മേല്‍ക്കൈയുണ്ട്. കളിച്ച അഞ്ചു മല്‍സരങ്ങളില്‍ നാലിലും ജയം ഹൈദരാബാദിനായിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications