ബെംഗളൂരു: ഐപിഎല്ലില്‍ തുടക്കത്തിലേറ്റ തിരിച്ചടികള്‍ക്കു ശേഷം റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ജയം ശീലമാക്കാന്‍ തുടങ്ങിയിരിക്കുന്നു. സീസണിലെ തുടര്‍ച്ചയായ മൂന്നാമത്തെ കളിയിലും വിരാട് കോലിയുടെ ആര്‍സിബി വെന്നിക്കൊടി പാറിച്ചു. ബാറ്റിങ് കരുത്തില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനെയാണ് ആര്‍സിബി 17 റണ്‍സിനു തകര്‍ത്തുവിട്ടത്. ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി 202 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയിരുന്നു. മറുപടിയില്‍ ഏഴു വിക്കറ്റിന് 186 റണ്‍സെടുക്കാനേ പഞ്ചാബിനായുള്ളൂ.

നിക്കോളാസ് പ്യുറാന്‍ (45), ലോകേഷ് രാഹുല്‍ (42), മായങ്ക് അഗര്‍വാള്‍ (35) എന്നിവര്‍ പൊരുതിനോക്കിയെങ്കിലും ലക്ഷ്യം എത്തിപ്പിടിക്കാവുന്നതിലും അകലെയായിരുന്നു. 28 പന്തില്‍ അഞ്ചു സിക്‌സറുകളും ഒരു ബൗണ്ടറിയുമടക്കമാണ് പ്യുറാന്‍ 46 റണ്‍സ് അടിച്ചെടുത്തത്.
രാഹുല്‍ 27 പന്തില്‍ ഏഴു ബൗണ്ടറികളും ഒരു സിക്‌സറും നേടിയപ്പോള്‍ മായങ്ക് 21 പന്തില്‍ അഞ്ചു ബൗണ്ടറികളും ഒരു സിക്‌സറും പറത്തി. ഡേവിഡ് മില്ലര്‍ (24), ക്രിസ് ഗെയ്ല്‍ (23) മറ്റു പ്രധാന സ്‌കോറര്‍മാര്‍. മൂന്നു വിക്കറ്റെടുത്ത ഉമേഷ് യാദവും രണ്ടു വിക്കറ്റ് നേടിയ നവ്ദീപ് സെയ്‌നിയുമാണ് പഞ്ചാബിനെ പിടിച്ചുകെട്ടിയത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനയക്കപ്പെട്ട ആര്‍സിബി നിശ്ചിത ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 202 റണ്‍സ് അടിച്ചെടുത്തു. ദക്ഷിണാഫ്രിക്കന്‍ സൂപ്പര്‍ താരം എബി ഡിവില്ലിയേഴ്‌സിന്റെ (82*) വെടിക്കെട്ട് ഇന്നിങ്‌സാണ് ആര്‍സിബിയെ വമ്പന്‍ സ്‌കോറിലെത്തിച്ചത്. വെറും 44 പന്തില്‍ ഏഴു സിക്‌സറുകളും മൂന്നു ബൗണ്ടറികളുമടക്കമാണ് എബിഡി 82 റണ്‍സ് വാരിക്കൂട്ടിയത്.
പാര്‍ഥീവ് പട്ടേല്‍ (43), മാര്‍ക്കസ് സ്റ്റോയ്ണിസ് (46*) എന്നിവരാണ് ആര്‍സിബിയുടെ മറ്റു സ്‌കോറര്‍മാര്‍. 34 പന്തില്‍ മൂന്നു സിക്‌സറും രണ്ടു ബൗണ്ടറികളുമടക്കമാണ് സ്റ്റോയ്ണിസ് 46 റണ്‍സെടുത്തതെങ്കില്‍ 24 പന്തില്‍ ഏഴു ബൗണ്ടറികളും രണ്ടു സിക്‌സറും പാര്‍ഥീവ് നേടി. ക്യാപ്റ്റന്‍ വിരാട് കോലി (13), മോയിന്‍ അലി (4), അക്ഷ്ദീപ് നാഥ് (3) എന്നിവര്‍ക്കു കാര്യമായ സംഭാവന നല്‍കാന്‍ കഴിഞ്ഞില്ല.