ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ ഇതിഹാസ നായകന്മാരിലൊരാളാണ് വിരാട് കോലി. ഐസിസി ട്രോഫി നേടിക്കൊടുക്കാനായില്ലെങ്കിലും ഇന്ത്യക്കായി കൂടുതല്‍ ടെസ്റ്റ് ജയം നേടിക്കൊടുത്ത നായകനാണ് അദ്ദേഹം. കോലി ക്യാപ്റ്റനായിരിക്കെയാണ് ഇന്ത്യ രണ്ടു തവണ ഓസ്‌ട്രേലിയയില്‍ ഇന്ത്യ ടെസ്റ്റ് പരമ്പര നേടിയെടുത്തത്. എംഎസ് ധോണി നേടിയെടുത്തതിനെക്കാള്‍ മികച്ച നേട്ടങ്ങള്‍ ഇന്ത്യയുടെ ടെസ്റ്റ് ടീമിനൊപ്പം നേടാന്‍ കോലിക്ക് സാധിച്ചിട്ടുണ്ട്. ബാറ്റ്‌സ്മാനെന്ന നിലയിലും ക്യാപ്റ്റനെന്ന നിലയിലും അതുല്യ പ്രകടനങ്ങള്‍ കോലി കാഴ്ചവെച്ചു.
വിട്ടുവീഴ്ചയില്ലാത്ത നായകനായിരുന്നു കോലി. കളത്തിനകത്തും പുറത്തും ശക്തമായ തീരുമാനങ്ങളെടുക്കാന്‍ അദ്ദേഹത്തിനായിട്ടുണ്ട്. തന്റെ തീരുമാനങ്ങള്‍ക്കെതിരേ ഉയരുന്ന വിമര്‍ശനങ്ങള്‍ക്കൊന്നും ചെവികൊടുക്കാത്ത നായകനായിരുന്നു കോലിയെന്ന് പറയാം. കോലി ക്യാപ്റ്റനായ ശേഷം ചില താരങ്ങളെ അപ്രതീക്ഷിതമായി ടീമില്‍ നിന്ന് തഴഞ്ഞിട്ടുണ്ട്. ഇത്തരത്തില്‍ ഒട്ടും പ്രതീക്ഷിക്കാതെ കോലി ടീമില്‍ നിന്ന് തഴഞ്ഞ സൂപ്പര്‍ താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.
വിരാട് കോലി ടെസ്റ്റിലെ സ്ഥിരം നായകനായ ശേഷം ആദ്യ പണികൊടുത്തത് ചേതേശ്വര്‍ പുജാരക്കിട്ടാണ്. രാഹുല്‍ ദ്രാവിഡിന്റെ പകരക്കാരനെന്ന നിലയില്‍ പേരെടുത്ത താരമാണ് പുജാര. എന്നാല്‍ ഓസീസ് പരമ്പരയില്‍ നിന്ന് പുജാരയെ കോലി ഒഴിവാക്കുകയും രോഹിത് ശര്‍മക്ക് മൂന്നാം നമ്പറില്‍ അവസരം നല്‍കുകയും ചെയ്തു. ബംഗ്ലാദേശിനെതിരേയും ശ്രീലങ്കയ്‌ക്കെതിരേയും പുജാര പുറത്തിരുന്നു. രോഹിത് ടോപ് ഓഡറില്‍ ഫ്‌ളോപ്പായതോടെ ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയിലെ മൂന്നാം മത്സരത്തിലൂടെ പുജാര ടീമിലേക്ക് തിരിച്ചെത്തുകയായിരുന്നു.
പിന്നീട് ഏറെക്കാലം മൂന്നാം നമ്പറിലെ ഇന്ത്യയുടെ വിശ്വസ്തനായി മാറാന്‍ പുജാരക്ക് സാധിച്ചു. ഇപ്പോള്‍ മോശം ഫോമിനെത്തുടര്‍ന്ന് ടീമില്‍ നിന്ന് തഴയപ്പെട്ടിരിക്കുകയാണ്. പെട്ടെന്നൊരു തിരിച്ചുവരവ് പുജാരയെ സംബന്ധിച്ച് പ്രയാസമാണെന്ന് തന്നെ പറയാം. ഇന്ത്യയുടെ സൂപ്പര്‍ സ്പിന്‍ ഓള്‍റൗണ്ടറാണ് ആര്‍ അശ്വിന്‍. പ്രധാനമായും ടെസ്റ്റില്‍ ഇന്ത്യയുടെ സൂപ്പര്‍ താരമാണ് അശ്വിനെന്ന് പറയാം. 2022ലെ ഇംഗ്ലണ്ട് പരമ്പരയിലാണ് അശ്വിനെ കോലി പുറത്തിരുത്തിയത്.

വിദേശ പര്യടനങ്ങളിലെ പ്രധാന മത്സരങ്ങളില്‍ അശ്വിനെ പുറത്തിരുത്തുന്നതാണ് ഇന്ത്യയുടെ രീതി. ഇതില്‍ ഒട്ടുമിക്ക മത്സരത്തിലും ഇന്ത്യ തോല്‍ക്കുകയും ചെയ്തു. ഇക്കഴിഞ്ഞ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലും അശ്വിന് ഇടമുണ്ടായിരുന്നില്ല. അശ്വിനില്ലാതെ ഇറങ്ങിയ ഇന്ത്യ തോല്‍ക്കുകയും ചെയ്തു. വിദേശത്തും മികച്ച ബൗളിങ്, ബാറ്റിങ് റെക്കോഡ് അശ്വിനുണ്ടെങ്കിലും പലപ്പോഴും പ്രധാന മത്സരങ്ങളില്‍ അശ്വിനില്‍ വിശ്വാസം അര്‍പ്പിക്കാന്‍ ക്യാപ്റ്റന്മാര്‍ തയ്യാറാവുന്നില്ല.
ഇന്ത്യയുടെ നിലവിലെ ടെസ്റ്റ് വൈസ് ക്യാപ്റ്റനും മധ്യനിരയിലെ വിശ്വസ്തനുമാണ് അജിന്‍ക്യ രഹാനെ. കോലിയുടെ അഭാവത്തില്‍ ഒരു തവണ ഇന്ത്യക്ക് ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് പരമ്പര നേടിക്കൊടുത്ത ക്യാപ്റ്റനാണ് രഹാനെ. എന്നാല്‍ കോലി ക്യാപ്റ്റനായിരിക്കെ രഹാനെ തഴയപ്പെട്ടിട്ടുണ്ട്. ദക്ഷിണാഫ്രിക്കന്‍ പരമ്പരയില്‍ രോഹിത് ശര്‍മയെ മധ്യനിരയില്‍ കളിപ്പിക്കുന്നതിനായാണ് രഹാനെയെ ഇന്ത്യ തഴഞ്ഞത്. കോലി ക്യാപ്റ്റനായിരിക്കുമ്പോഴാണിത്.
ഈ പരമ്പരയിലെ ആദ്യ രണ്ട് മത്സരത്തില്‍ നിന്നും തഴയപ്പെട്ട രഹാനെ മൂന്നാം മത്സരത്തിലൂടെ ടീമിലേക്ക് തിരിച്ചെത്തി. നിര്‍ണ്ണായകമായ 48 റണ്‍സും നേടി. കഴിഞ്ഞിടേയും രഹാനെ ടീമില്‍ നിന്ന് തഴയപ്പെട്ടിരുന്നു. ഐപിഎല്ലിലും ആഭ്യന്തര ക്രിക്കറ്റിലും മികവുകാട്ടിയ രഹാനെ ഇപ്പോള്‍ ടീമിലേക്ക് ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ തിളങ്ങാന്‍ രഹാനെക്ക് സാധിച്ചിരുന്നു.
രോഹിത് ശര്‍മയും കോലി ക്യാപ്റ്റനായിരിക്കെ തഴയപ്പെട്ടിട്ടുണ്ട്. ആദ്യ സമയത്ത് രോഹിത്തിന് ടെസ്റ്റില്‍ സ്ഥിരം സ്ഥാനം ലഭിക്കാത്തതിന് കാരണം കോലിയാണ്. നായകനായിരിക്കെ കോലി രോഹിത്തിനെ പിന്തുണച്ചില്ല. വളരെ വൈകിയാണ് രോഹിത്തിന് ഓപ്പണര്‍ സ്ഥാനം നല്‍കുന്നത്. 2019ല്‍ ലഭിച്ച അവസരം മുതലാക്കിയ രോഹിത് ഇന്ന് മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയുടെ നായകനാണ്.