IND vs AUS: സിഡ്‌നിയില്‍ സൂപ്പര്‍ ടീമുമായി ഇന്ത്യ, മൂന്നു മാറ്റങ്ങള്‍ ഉറപ്പിക്കാം- ആരൊക്കെയെന്നറിയാം
സിഡ്‌നി: ഈ മാസം ഏഴു മുതല്‍ സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടക്കാനിരിക്കുന്ന മൂന്നാം ക്രിക്കറ്റ് ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമില്‍ മൂന്നു മാറ്റങ്ങളുണ്ടാവുമെന്നു റിപ്പോര്‍ട്ടുകള്‍. രണ്ടു മാറ്റങ്ങള്‍ എന്തായാലും ഉറപ്പാണ്. മൂന്നാമത്തേത് ടീം മാനേജ്‌മെന്റ് ടെസ്റ്റിനോടു അടുപ്പിച്ച് മാത്രമേ തീരുമാനിക്കുകയുള്ളൂ ഫിറ്റ്‌നസ് വീണ്ടെടുത്ത രോഹിത് ശര്‍മ മൂന്നാം ടെസ്റ്റില്‍ കളിക്കുമെന്നുറപ്പായിട്ടുണ്ട്. പരിക്കേറ്റ പേസര്‍ ഉമേഷ് യാദവിനു പകരക്കാരനും സിഡ്‌നിയില്‍ കളിക്കും. രോഹിത്തിന്റെ മടങ്ങിവരവോടെ ഇന്ത്യന്‍ ബാറ്റിങ് ലൈനപ്പില്‍ ചില മാറ്റങ്ങള്‍ പ്രതീക്ഷിക്കാം. ഏറ്റവും മികച്ച ഇലവനെ തിരഞ്ഞെടുക്കുകയെന്ന വെല്ലുവിളിയാണ് ഇപ്പോള്‍ ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെ, കോച്ച് രവി ശാസ്ത്രി എന്നിവര്‍ക്കു മുന്നിലുള്ളത്.
ഓസ്‌ട്രേലിയക്കെതിരായ നിശ്ചിത ഓവര്‍ പരമ്പരകള്‍ നഷ്ടമായ രോഹിത് അടുത്തിടെയാണ് ഓസ്‌ട്രേലിയയില്‍ ടീമിനൊപ്പം ചേര്‍ന്നത്. ഫിറ്റ്‌നസ് വീണ്ടെടുക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനുമായി ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ ചെലവിട്ടി ശേഷമായിരുന്നു അദ്ദേഹം ഓസ്‌ട്രേലിയയിലേക്കു വിമാനം കയറിയത്. ശേഷിച്ച രണ്ടു ടെസ്റ്റുകള്‍ക്കുള്ള ഇന്ത്യന്‍ ടീമിന്റെ വൈസ് ക്യാപ്റ്റനായും രോഹിത്തിനെ ദിവസങ്ങള്‍ക്കു മുമ്പ് നിയമിച്ചിരുന്നു. ചേതേശ്വര്‍ പുജാരയെ മാറ്റിയാണ് പകരം രോഹിത്തിന് ചുമതല നല്‍കിയത്.

രോഹിത്തിന്റെ ഓപ്പണിങ് പങ്കാളി
2019 മുതല്‍ ടെസ്റ്റില്‍ ഇന്ത്യക്കു വേണ്ടി ഓപ്പണ്‍ ചെയ്യുന്നത് രോഹിത്താണ്. സിഡ്‌നിയിലും അദ്ദേഹം ഈ റോളില്‍ തന്നെ ഇറങ്ങുമെന്നാണ് വിവരം. രോഹിത്തിന്റെ ഓപ്പണിങ് പങ്കാളിയായി ആരു കളിക്കുമെന്നതാണ് അടുത്ത ചോദ്യം. മായങ്ക് അഗര്‍വാള്‍, ശുഭ്മാന്‍ ഗില്‍ എന്നിവരിലൊരാള്‍ക്കായിരിക്കും നറുക്കു വീഴുക.
മായങ്കാണ് കഴിഞ്ഞു കുറച്ചു ടെസ്റ്റുകളായി രോഹിത്തിന്റെ ഓപ്പണിങ് പങ്കാളിയെങ്കിലും ഓസീസിനെതിരായ കഴിഞ്ഞ രണ്ടു ടെസ്റ്റുകളിലും മായങ്കിനു തിളങ്ങാനായിരുന്നില്ല. ഗില്ലാവട്ടെ മെല്‍ബണിലെ കഴിഞ്ഞ അരങ്ങേറ്റ ടെസ്റ്റില്‍ തന്നെ രണ്ടിന്നിങ്‌സുകളിലും മികച്ച ബാറ്റിങ് കാഴ്ചവച്ചിരുന്നു. 45, 35* എന്നിങ്ങനെയായിരുന്നു സ്‌കോറുകള്‍. മറുഭാഗത്ത് മായങ്ക് രണ്ടു ടെസ്റ്റുകളില്‍ നാലു ഇന്നിങ്‌സുകളിലായി ആകെയെടുത്തത് 31 റണ്‍സ് മാത്രമായിരുന്നു.

നാലാമനായി ആര്?
മൂന്നാം സ്ഥാനത്തു പതിവുപോലെ ചേതേശ്വര്‍ പുജാര തന്നെയായിരിക്കും ഇറങ്ങുക. വിരാട് കോലിയുടെ ബാറ്റിങ് പൊസിഷനായ നാലാം നമ്പറില്‍ കഴിഞ്ഞ ടെസ്റ്റില്‍ കളിച്ചത് നായകന്‍ അജിങ്ക്യ രഹാനെയായിരുന്നു. എന്നാല്‍ സിഡ്‌നിയില്‍ രഹാനെ അഞ്ചാമനായി ഇറങ്ങാനാണ് സാധ്യത.
അങ്ങനെയെങ്കില്‍ നാലാം നമ്പറില്‍ സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ കെഎല്‍ രാഹുലിന് അവസരം ലഭിച്ചേക്കും. കഴിഞ്ഞ രണ്ടു ടെസ്റ്റുകളിലും നിറം മങ്ങിയ ഹനുമാ വിഹാരിക്കാവും ഇതോടെ സ്ഥാനം നഷ്ടമാവുക. കളിച്ച മൂന്നു ഇന്നിങ്‌സുകളിലും 25ന് മുകളില്‍ നേടാന്‍ വിഹാരിക്കായിരുന്നില്ല.
രാഹുലാവട്ടെ 2019 സപ്തംബറിനു ശേഷം ഒരു ടെസ്റ്റില്‍പ്പോലും കളിച്ചിട്ടില്ല. തുടര്‍ച്ചയായ മോശം പ്രകടനങ്ങള്‍ അദ്ദേഹത്തിനു സ്ഥാനം നഷ്ടപ്പെടുത്തുകയായിരുന്നു. നിശ്ചിത ഓവര്‍ ക്രിക്കറ്റിലെ സ്ഥിരതയാര്‍ന്ന പ്രകടനമാണ് ഇപ്പോള്‍ ടെസ്റ്റ് ടീമില്‍ രാഹുലിന് വീണ്ടും ഇടം നേടിക്കൊടുത്തത്. നിശ്ചിത ഓവര്‍ ക്രിക്കറ്റിലെ ഫോം ടെസ്റ്റിലും രാഹുല്‍ ആവര്‍ത്തിച്ചാല്‍ അതു ഇന്ത്യക്കു മുതല്‍ക്കൂട്ടാവും.

മൂന്നാമത്തെ മാറ്റം ബൗളിങില്‍
ഉമേഷ് യാദവിനു പകരം ടീമിലെ മൂന്നാമത്തെ പേസറായി ആരു കളിക്കുമെന്നതാണ് ഇന്ത്യക്കു മുന്നിലുള്ള അവസാന ചോദ്യം. തമിഴ്‌നാട്ടുകാരനായ പുതുമുഖ പേസര്‍ ടി നടരാജനെ ഉമേഷിന്റെ പകരക്കാരനായി ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നു. ആദ്യ ടെസ്റ്റിനിടെ പരിക്കേറ്റു മടങ്ങിയ മുഹമ്മദ് ഷമിക്കു പകരം ശര്‍ദ്ദുല്‍ താക്കൂറും ടീമിലെത്തിയിരുന്നു. നടരാജന്‍, ശര്‍ദ്ദുല്‍ എന്നിവരിലൊരാള്‍ക്കായിരിക്കും സിഡ്‌നിയില്‍ അവസരം ലഭിക്കുക. യുവ പേസര്‍ നവദീപ് സെയ്‌നിയും ടീമിലുണ്ടെങ്കിലും സിഡ്‌നിയില്‍ കളിക്കാന്‍ സാധ്യത കുറവാണ്.
ഉമേഷിനു പകരം ശര്‍ദ്ദുല്‍ കളിച്ചേക്കുമെന്നാണ് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നത്. നേരത്തേ ടെസ്റ്റില്‍ കളിച്ച താരമായതിനാലും ആഭ്യന്തര ക്രിക്കറ്റില്‍ ഏറെ മല്‍സരങ്ങള്‍ കളിച്ച താരമായതിനാലും മുന്‍തൂക്കം അദ്ദേഹത്തിനാണെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. 2018ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരേയായിരുന്നു ശര്‍ദ്ദുലിന്റെ ടെസ്റ്റ് അരങ്ങേറ്റം. അന്നു പക്ഷെ 10 ബോളുകള്‍ മാത്രമേ അദ്ദേഹത്തിന് എറിയാനായുള്ളൂ. പരിക്കു കാരണം താരത്തിനു പിന്നീട് പിന്‍മാറേണ്ടി വരികയായിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications