ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും നിസ്വാര്‍ഥരായ താരങ്ങളിലൊരാളായി ചൂണ്ടിക്കാണിക്കപ്പെടുന്നയാളാണ് മുന്‍ ഓപ്പണറും ഇപ്പോള്‍ മുഖ്യ കോച്ചുമായിട്ടുള്ള ഗൗതം ഗംഭീര്‍. താരങ്ങള്‍ വ്യക്തിഗത നേട്ടങ്ങള്‍ക്കായി കളിക്കുന്നതിനു പകരം എല്ലായ്‌പ്പോഴും ടീമിനായി കളിക്കണമെന്ന അഭിപ്രായമാണ് അദ്ദേഹത്തിനുള്ളത്. മാത്രമല്ല, ക്രിക്കറ്റിലെ അമിതമായ താരാരാധനയ്ക്കും എതിരാണ് ഗംഭീര്‍. സെഞ്ച്വറിക്കോ, ഫിഫ്റ്റിക്കോ വേണ്ടി ശ്രമിക്കാതെ ടീമിനെ ജയിപ്പിക്കാന്‍ ശ്രമിക്കാറുള്ള ചില താരങ്ങള്‍ ഇന്ത്യക്കുണ്ടെന്നു അദ്ദേഹം ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
ഇങ്ങനെയുള്ള നിസ്വാര്‍ഥരായ കളിക്കാരെ മാത്രം ഉള്‍പ്പെടുത്തി ഒരു ഇലവനെ ഗംഭീര്‍ തിരഞ്ഞെടുത്താല്‍ ആരൊക്കെയാവും ഇടം പിടിക്കുകയെന്നു നോക്കാം. നിലവിലെ ക്യാപ്റ്റനും വെടിക്കെട്ട് ഓപ്പണറുമായ രോഹിത് ശര്‍മയും മുന്‍ ഇതിഹാസ താരം വീരേന്ദര്‍ സെവാഗുമായിരിക്കും ഗംഭീറിന്റെ ഇലവനു വേണ്ടി ഓപ്പണര്‍മാരായി കളിക്കുക. തീര്‍ത്തും നിസ്വാര്‍ഥരായ ബാറ്റര്‍മാരാണ് തങ്ങളെന്നു പല തവണ തെളിയിച്ചിട്ടുള്ള താരങ്ങളാണ് ഇരുവരും.

ഭൂരിഭാഗം താരങ്ങളും വ്യക്തിഗത സ്‌കോര്‍ 90കളിലേക്കു കടന്നാല്‍ സിംഗിളും ഡബിളുമെല്ലാമെടുത്ത് എങ്ങനെയെങ്കിലും സെഞ്ച്വറി തികയ്ക്കാന്‍ ശ്രമിക്കുന്നവരാണ്. പക്ഷെ വീരുവും രോഹിത്തും ഇങ്ങനെയല്ല. 98ല്‍ നില്‍ക്കെ പോലും സിക്‌സറടിക്കാന്‍ ഭയമില്ലാത്തവരാണ് ഇരുവരും. ഈ കാരണത്താല്‍ തന്നെ ഒരുപാട് സെഞ്ച്വറികളും രണ്ടു പേര്‍ക്കും നഷ്ടമായിട്ടുണ്ട്. ഗംഭീറിന്റെ ഈ ഇലവനെ നയിക്കുന്നത് രോഹിത് തന്നെയായിരിക്കും.
മൂന്നാം നമ്പറില്‍ ബാറ്റിങിനെത്തുക മലയാളി താരം സഞ്ജു സാംസണാണ്. സഞ്ജുവിന്റെ കഴിവിനെയും ബാറ്റിങ് ശൈലിയെക്കുറിച്ചും എല്ലായ്‌പ്പോഴും പുകഴ്ത്തിയിട്ടുള്ള വ്യക്തിയാണ് ഗംഭീര്‍. ടീമിനെ ജയിപ്പിക്കുകയെന്നത് മാത്രമാണ് തന്റെ ലക്ഷ്യമെന്നും മറ്റു നേട്ടങ്ങള്‍ കാര്യമായി എടുക്കാറില്ലെന്നും പല തവണ സഞ്ജു തുറന്നു പറഞ്ഞിട്ടുണ്ട്.
സഞ്ജുവിനു ശേഷം നാലാം നമ്പറില്‍ ഗംഭീര്‍ സ്വയം തന്റെ പേരായിരിക്കും ഉള്‍പ്പെടുത്തുക. പല മാച്ച് വിന്നിങ് ഇന്നിങ്‌സുകള്‍ കളിച്ചിട്ടും ഒരിക്കല്‍പ്പോലും വേണ്ടത്ര ക്രെഡിറ്റ് ലഭിക്കാതെ പോയ നിര്‍ഭാഗ്യവാനായ താരമാണ് ഗംഭീര്‍. അഞ്ച്, ആറ് നമ്പറുകളില്‍ കളിക്കുക മുന്‍ ഉതിഹാസ ഓള്‍റൗണ്ടര്‍ യുവരാജ് സിങും നിലവില്‍ ടീമിന്റെ ഭാഗമായ സീം ബൗളിങ് ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയുമായിരിക്കും.
വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ഇന്ത്യയുടെ ചരിത്രത്തിലെ തന്നെ എക്കാലത്തെയും മികച്ച മാച്ച് വിന്നര്‍മാരില്‍ ഒരാളാണ് യുവി. ബാറ്റും ബോളും കൊണ്ട് കളി ജയിപ്പിക്കാനുള്ള അസാധാരണ മിടുക്ക് അദ്ദേഹത്തിനുണ്ട്. 2011ലെ ഏകദിന ലോകകപ്പില്‍ ഇന്ത്യ കിരീടമുയര്‍ത്തിയപ്പോള്‍ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റായി തിരഞ്ഞെടുക്കപ്പെട്ടത് യുവിയാണ്. യുവിയെപ്പോലെ തന്നെ വൈറ്റ് ബോളില്‍ നിലവില്‍ ടീമിന്റെ ഏറ്റവും മികച്ച മാച്ച് വിന്നര്‍മാരില്‍ ഒരാളാണ് ഹാര്‍ദിക്.

ഇലവനില്‍ ഏഴാം നമ്പറില്‍ കളിക്കുക മറ്റൊരു ഓള്‍റൗണ്ടറും മുന്‍ താരവുമായ യൂസുഫ് പഠാനായിരിക്കും. തന്റേതായ ദിവസം തനിച്ചു കളി ജയിപ്പിക്കാന്‍ ശേഷിയുള്ള താരമാണ് അദ്ദേഹം. എട്ട്, ഒമ്പത് സ്ഥാനങ്ങില്‍ മുന്‍ സീം ബൗളിങ് ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പഠാന്‍, സ്പിന്‍ ബൗളിങിലെ മുന്‍ ഇതിഹാസം ഹര്‍ഭജന്‍ സിങ് എന്നിവരായിരിക്കും. തുടര്‍ന്ന് ഫാസ്റ്റ് ബൗളര്‍മാരായി സഹീര്‍ ഖാനും ജസ്പ്രീത് ബുംറയും ടീമിലേക്കു എത്തുകയും ചെയ്യും.
നിസ്വാര്‍ഥരായ ഇന്ത്യന്‍ താരങ്ങളുടെ 11
രോഹിത് ശര്‍മ (ക്യാപ്റ്റന്‍), വീരേന്ദര്‍ സെവാഗ്, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഗൗതം ഗംഭീര്‍, യുവരാജ് സിങ്, ഹാര്‍ദിക് പാണ്ഡ്യ, യൂസുഫ് പഠാന്‍, ഇര്‍ഫാന്‍ പഠാന്‍, ഹര്‍ഭജന്‍ സിങ്, സഹീര്‍ ഖാന്‍, ജസ്പ്രീത് ബുംറ.