ക്രിക്കറ്റിലെ മൂന്നു ഫോര്‍മാറ്റുകളില്‍ ഏറ്റവും അപ്രവചനീയം ടി20യാണെന്നു പറയേണ്ടി വരും. കാരണം ഈ ഫോര്‍മാറ്റില്‍ കളിയുടെ ഗതി മാറാന്‍ വെറും രണ്ടോ, മൂന്നോ ഓവറുകള്‍ മാത്രം മതി. അതിനാല്‍ തന്നെ ജയത്തിന്റെ വക്കില്‍ നിന്നും ടീമുകള്‍ തോല്‍വിയിലേക്കു വീഴുന്നതും, ജയമുറപ്പിച്ച ഇടത്തു നിന്നും ടീമുകള്‍ പരാജയം വഴങ്ങുന്നതുമെല്ലാം നമ്മള്‍ കണ്ടുകഴിഞ്ഞു. നിലവില്‍ മല്‍സരരംഗത്തുള്ള ഏറ്റവും മികച്ച താരങ്ങളെ ഉള്‍പ്പെടുത്തി ഏഷ്യന്‍, ലോക ഇലവനുകള്‍ തമ്മില്‍ ടി20യില്‍ ഏറ്റുമുട്ടിയാല്‍ അതു ക്രിക്കറ്റ് പ്രേമികള്‍ക്കു വിരുന്ന് തന്നെയായിരിക്കും.
ഏഷ്യന്‍ ഇലവനെ നയിക്കേണ്ടത് ഇന്ത്യന്‍ ക്യാപ്റ്റന്‍ കൂടിയായ രോഹിത് ശര്‍മയാണെങ്കില്‍ ലോക ഇലവനെ നയിക്കുക ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോസ് ബട്‌ലറുമാണ്. ലോകകപ്പ് വിന്നിങ് ക്യാപ്റ്റന്‍മാരാണ് ഇരുവരും. 2022ലെ ടി20 ലോകകപ്പിലാണ് ബട്‌ലര്‍ കപ്പുയര്‍ത്തിയതെങ്കില്‍ ഈ വര്‍ഷമാണ് രോഹിത്തിനു കീഴില്‍ ഇന്ത്യ ലോക ചാംപ്യന്‍മാരായത്. വമ്പന്‍ താരങ്ങളാണ് ഈ സൂപ്പര്‍ പോരാട്ടത്തില്‍ ഇരുടീമുകള്‍ക്കുമായി അണിനിരക്കുന്നത്.

ഏഷ്യന്‍ ഇലവനില്‍ രോഹിത്തിന്റെ ഓപ്പണിങ് പങ്കാളി പാകിസ്താന്‍ ക്യാപ്റ്റന്‍ കൂടിയായ ബാബര്‍ ആസമാണ്. ടി20യില്‍ മികച്ച റെക്കോര്‍ഡാണ് ബാബറിനുള്ളത്. മൂന്നാം നമ്പറില്‍ കളിക്കുക ഇന്ത്യന്‍ റണ്‍മെഷീനും ബാറ്റിങ് ഇതിഹാസവുമായ വിരാട് കോലിയാണ്.
നാലാം നമ്പറില്‍ ഇന്ത്യയുടെ 360 ബാറ്ററായ സൂര്യകുമാര്‍ യാദവിനു പകരം മറ്റൊരാളിനെക്കുറിച്ച് ചിന്തിക്കാന്‍ പോലും ഇപ്പോള്‍ സാധിക്കില്ല. ഈ ഫോര്‍മാറ്റില്‍ നിലവില്‍ ലോകത്തിലെ നമ്പര്‍ വണ്‍ ബാറ്ററും കൂടിയാണ് അദ്ദേഹം. അഞ്ചാം നമ്പറില്‍ കളിക്കുക പാകിസ്താന്‍ വിക്കറ്റ് കീപ്പര്‍ മുഹമ്മദ് റിസ്വാനാണ്. ടി20യില്‍ പാക് ടീമിന്റെ മാച്ച് വിന്നര്‍മാരില്‍ ഒരാളും കൂടിയാണ് അദ്ദേഹം. തുടര്‍ന്ന് നാലു ഓള്‍റൗണ്ടര്‍മാരാണ് ടീമിലുള്ളത്.
ബംഗ്ലാദേശിന്റെ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ ഷാക്വിബുല്‍ ഹസന്‍, ഇന്ത്യന്‍ സീം ബൗളിങ് ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ, ശ്രീലങ്കയുടെ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ വനിന്ദു ഹസരംഗ, അഫ്ഗാനിസ്താന്റെ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ റാഷിദ് ഖാന്‍ എന്നിവരാണ് ഈ നാലു പേര്‍. പേസ് ബൗളിങിനു ചുക്കാന്‍ പിടിക്കുന്നത് രണ്ടു പേരാണ്. ഒരാള്‍ ഇന്ത്യയുടെ ജസ്പ്രീത് ബുംറയാണെങ്കില്‍ മറ്റൊരാള്‍ പാകിസ്താന്റെ ഷഹീന്‍ അഫ്രീഡിയുമാണ്.
ലോക ഇലവനിലേക്കു വന്നാല്‍ അവിടെ ബട്‌ലറുടെ ഓപ്പണിങ് പങ്കാളി ഓസ്‌ട്രേലിയന്‍ സൂപ്പര്‍ താരം ഡേവിഡ് വാര്‍ണറാണ്. മൂന്നാം നമ്പറില്‍ കളിക്കുക ഓസ്‌ട്രേലിയയുടെ വെടിക്കെട്ട് ബാറ്ററും മറ്റൊരു ഇടംകൈയനുമായ ട്രാവിസ് ഹെഡാണ്. നാലാം നമ്പറില്‍ ഓസ്‌ട്രേലിയുടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്വെല്ലാണ്. ബാറ്റും ബോളും കൊണ്ട് കളി ജയിപ്പിക്കാനുള്ള ശേഷി മാക്‌സിക്കുണ്ട്.

അഞ്ചാംനമ്പറിലുള്ളത് വെസ്റ്റ് ഇന്‍ഡീസ് വിക്കറ്റ് കീപ്പറും വെടിക്കെട്ട് താരവുമായ നിക്കോളാസ് പൂരനാണ്. തൊട്ടുപിന്നാലെ മറ്റൊരു ഇടിവെട്ട് വിക്കറ്റ് കീപ്പര്‍ ബാറ്ററായ സൗത്താഫ്രിക്കയുടെ ഹെന്‍ട്രിച്ച് ക്ലാസെന്‍ ഇറങ്ങും. സിംബാബ്‌വെയുടെ സിക്കന്തര്‍ റാസ്സയാണ് ടീമിലെ ഓള്‍റൗണ്ടര്‍.
ഫാസ്റ്റ് ബൗളര്‍മാരായി ഓസ്‌ട്രേലിയയുടെ പാറ്റ് കമ്മിന്‍സ്, ന്യൂസിലാന്‍ഡിന്റെ ട്രെന്റ് ബോള്‍ട്ട്, സൗത്താഫ്രിക്കയുടെ കാഗിസോ റബാഡ എന്നിവരുണ്ട്. ഇംഗ്ലണ്ടിന്റെ ആദില്‍ റഷീദാണ് സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍.
ഏഷ്യന്‍ 11
രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ബാബര്‍ ആസം, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, മുഹമ്മദ് റിസ്വാന്‍ (വിക്കറ്റ് കീപ്പര്‍), ഷാക്വിബുല്‍ ഹസന്‍, ഹാര്‍ദിക് പാണ്ഡ്യ, വനിന്ദു ഹസരംഗ, റാഷിദ് ഖാന്‍, ഷഹീന്‍ അഫ്രീഡി, ജസ്പ്രീത് ബുംറ.
ലോക 11
ജോസ് ബട്‌ലര്‍ (ക്യാപ്റ്റന്‍), ഡേവിഡ് വാര്‍ണര്‍, ട്രാവിഡ് ഹെഡ്, ഗ്ലെന്‍ മാക്‌സ്വെല്‍, നിക്കോളാസ് പൂരന്‍, ഹെന്‍ട്രിച്ച് ക്ലാസെന്‍ (വിക്കറ്റ് കീപ്പര്‍), സിക്കന്തര്‍ റസ്സ, പാറ്റ് കമ്മിന്‍സ്, ആദില്‍ റഷീദ്, ട്രെന്റ് ബോള്‍ട്ട്, കാഗിസോ റബാഡ.