ഇന്ത്യന്‍ ക്രിക്കറ്റിലെ അടുത്ത സൂപ്പര്‍ താരം താനായിരിക്കുമെന്നു അവിശ്വസനീയ ബാറ്റിങ് പ്രകടനങ്ങളിലൂടെ തെളിയിച്ചുകൊണ്ടിരിക്കുകയാണ് യുവ ഓപ്പണിങ് സെന്‍സേഷന്‍ യശസ്വി ജയ്‌സ്വാള്‍. ടെസ്റ്റ്, ടി20 എന്നിങ്ങനെ രണ്ടു ഫോര്‍മാറ്റുകളിലാണ് താരം കളിച്ചിട്ടുള്ളത്. രണ്ടിലും ഗംഭീര പ്രകടനങ്ങളിലൂടെ ജയ്‌സ്വാള്‍ ടീമിലെ സ്ഥാനവും ഉറപ്പിച്ചിരിക്കുകയാണ്.
22കാരനായ താരത്തെ ഇപ്പോള്‍ ഇത്രയും മികച്ചൊരു നിലയിലേക്കു വളര്‍ത്തിയെടുക്കുന്നതില്‍ സുപ്രധാന പങ്കു വഹിച്ചത് ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ്. നാല്- അഞ്ച് വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരു ഫോണ്‍ കോളില്‍ ജയ്‌സ്വാളിനെ വിളിച്ച് രോഹിത് സംസാരിച്ചിരുന്നു. ഇതാണ് താരത്തിന്റെ കരിയര്‍ തന്നെ മാറ്റിമറിച്ചത്. ഈ സംഭവത്തെക്കുറിച്ചറിയാം.

ജയ്‌സ്വാളിന്റെ പ്രതിഭ വളരെ മുമ്പ് തന്നെ തിരിച്ചറിയുകയും സൂപ്പര്‍ താര പദവിയിലേക്കുയരാനുള്ള കഴിവ് താരത്തിനുണ്ടെന്നു മനസ്സിലാക്കുകയും ചെയ്തിട്ടുള്ളയാളാണ് രോഹിത്. 162 ആഴ്ചകള്‍ക്കു മുമ്പ് ജയ്‌സ്വാളിനെ പുകഴ്ത്തിക്കൊണ്ടുള്ള അദ്ദേഹത്തിന്റെ ഒരു സോഷ്യല്‍ മീഡിയയിലെ പ്രതികരണം അടുത്തിടെ വീണ്ടും വൈറലാവാനുള്ള കാരണവും ഇതു തന്നെയാണ്.
അടുത്ത സൂപ്പര്‍ സ്റ്റാറെന്നായിരുന്നു ജയ്‌സ്വാളിനെ ഹിറ്റ്മാന്‍ വിശേഷിപ്പിച്ചത്. ഇതു വളരെ കൃത്യമാണെന്നു തുടര്‍ച്ചയായി മികച്ച പ്രകടനങ്ങളിലൂടെ താരം തെളിയിച്ചു കൊണ്ടിരിക്കുകയാണ്. നാല്- അഞ്ച് വര്‍ഷങ്ങള്‍ക്കു മുമ്പ് ഇന്ത്യയുടെ സ്ഥിരം ക്യാപ്റ്റനാവുന്നതിനു മുമ്പായിരുന്നു ജയ്‌സ്വാളിനെ രോഹിത് ഫോണില്‍ വിളിച്ച് സംസാരിച്ചത്. അന്നു അദ്ദേഹം പറഞ്ഞ വാക്കുകളാണ് താരത്തിന്റെ കരിയറില്‍ പുതിയ ഊര്‍ജമായി മാറിയത്.
ജയ്‌സ്വാളിന്റെ ബാല്യകാല കോച്ചായിരുന്ന ജ്വാലാ സിങായിരുന്നു ഒരു അഭിമുഖത്തില്‍ രോഹിത്തിന്റെ സര്‍പ്രൈസ് ഫോണ്‍ കോളിനെക്കുറിച്ച് വെളിപ്പെടുത്തിയത്. ഇതേക്കുറിച്ചു കോച്ചിനോടു പറഞ്ഞതും ജയ്‌സ്വാള്‍ തന്നെയായിരുന്നു.
രോഹിത് ശര്‍മ വളരെ മഹാനായ താരമാണ്. മുംബൈ ടീമിനു വേണ്ടി കളിച്ചുകൊണ്ടിരിക്കെ വന്ന ഒരു ഫോണ്‍ കോളിനെക്കുറിച്ച് ജയ്‌സ്വാള്‍ ഒരിക്കല്‍ എന്നോടു പറഞ്ഞിരുന്നു. മുംബൈയില്‍ അവന്റെ ടീമംഗമായ മറ്റൊരു താരത്തെയാണ് രോഹിത് അന്നു ഫോണില്‍ വിളിച്ചത്. യശസ്വിയോടു സംസാരിക്കാന്‍ ആഗ്രഹമുണ്ടെന്നും അറിയിക്കുകയായിരുന്നുവെന്നു ജ്വാല സിങ് വെളിപ്പെടുത്തുന്നു.
ഏകദേശം നാല്- അഞ്ചു വര്‍ഷങ്ങള്‍ക്കു മുമ്പായിരുന്നു അതു സംഭവിച്ചത്. ഞാന്‍ ഇപ്പോള്‍ എത്തി നില്‍ക്കുന്ന ഈ സ്ഥാനത്തു നിനക്കും എത്താന്‍ സാധിക്കുമെന്നായിരുന്നു യശസ്വിയോടു രോഹിത് പറഞ്ഞത്. അതിനു പിന്നാലെ അവന്‍ (ജയ്‌സ്വാള്‍) എന്നെ ഫോണില്‍ വിളിക്കുയും രോഹിത്തിന്റെ ഫോണ്‍ കോളിനെക്കുറിച്ച് സംസാരിക്കുകയും ചെയ്തു.

യശസ്വി വളരെയധികം ആവേശത്തിലായിരുന്നു. ഇപ്പോള്‍ രോഹിത് അവന്റെ ക്യാപ്റ്റനും ഓപ്പണിങില്‍ ബാറ്റിങ് പങ്കാളിയുമായി മാറിയിരിക്കുകയാണ്. അതു യശസ്വിക്കു ഗുണവും ചെയ്തിട്ടുണ്ടെന്നും ജ്വാല സിങ് വിശദമാക്കി.
ഇംഗ്ലണ്ടുമായി ഇപ്പോള്‍ നടക്കുന്ന ടെസ്റ്റ് പരമ്പരയിലെ മൂന്നാമത്തെ മല്‍സരത്തില്‍ ജയ്‌സ്വാള്‍ തകര്‍പ്പന്‍ ഡബിള്‍ സെഞ്ച്വറിയുമായി ഇന്ത്യന്‍ വിജയത്തിനു ചുക്കാന്‍ പിടിച്ച ശേഷം താരത്തെക്കുറിച്ച് രോഹിത് കാര്യമായൊന്നും പറഞ്ഞിരുന്നില്ല. ഇതു ഒരു വിഭാഗം ആരാധകരെ ചൊടിപ്പിക്കുകയും ചെയ്തിരുന്നു. ജയ്‌സ്വാളിനെക്കുറിച്ച് നേരത്തേ തന്നെ താന്‍ ഒരുപാട് പറഞ്ഞിട്ടുണ്ടെന്നും വീണ്ടും അതു തന്നെ പറയാന്‍ ആഗ്രഹിക്കുന്നില്ലെന്നുമായിരുന്നു രോഹിത് വ്യക്തമാക്കിയത്.
പുറത്തുള്ള ആളുകളും ജയ്സ്വാളിനെപ്പറ്റി സംസാരിക്കുന്നുണ്ടാവുമെന്നു എനിക്കുറപ്പാണ്. അവനെക്കുറിച്ച് ശാന്തനായിരിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ഒരുപാട് കാര്യങ്ങള്‍ സംസാരിക്കുകയുമില്ല. വളരെ ഉയര്‍ന്ന നിലയിലാണ് ജയ്‌സ്വാള്‍ കരിയര്‍ ആരംഭിച്ചിട്ടുള്ളതെന്നും രോഹിത് വിശദമാക്കിയിരുന്നു.