Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

40ാം വയസ്സില്‍ 2027ലെ ലോകകപ്പും പൊക്കും, സഹായത്തിന് മലയാളി!! രോഹിത്തിന്റെ പ്ലാനറിയാം

ഐസിസി ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയെ ജേതാക്കളാക്കിയെങ്കിലും നായകന്‍ രോഹിത് ശര്‍മയുടെ കിരീടദാഹം ഇപ്പോഴും അവസാനിച്ചിട്ടില്ല. ഒരു ഐസിസി ട്രോഫി കൂടി രാജ്യത്തിനു സമ്മാനിച്ച് ഇതിഹാസമായി കളി മതിയാക്കാനാണ് ഹിറ്റ്മാന്റെ ആഗ്രഹം. അതിനായി 2027ലെ ഐസിസി ഏകദിന ലോകകപ്പ് വരെ കരിയര്‍ നീട്ടാനാണ് 37കാരനായ രോഹിത് തീരുമാനിച്ചിരിക്കുന്നത്.

സൗത്താഫ്രിക്ക, സിംബാബ്വെ, നമീബിയ എന്നീ മൂന്നു രാജ്യങ്ങളിലായിട്ടാണ് അടുത്ത ഏകദിന ലോകകപ്പ് നടക്കാനിരിക്കുന്നത്. ഇതിനായി ഏകദേശം 30 മാസത്തോളം ബാക്കിയുമുണ്ട്. ഈ ടൂര്‍ണമെന്റാവുമ്പോഴേക്കും രോഹിത്തിന്റെ പ്രായം 40 കളിലേക്കു കടക്കും. അതുകൊണ്ടു തന്നെ ഫിറ്റ്‌നസ് വലിയൊരു ചോദ്യചിഹ്നവുമാണ്. പക്ഷെ അടുത്ത ലോകകപ്പ് വരെ ഫോമും ഫിറ്റ്‌നസും നിലനിര്‍ത്തുന്നതിനായി പ്രത്യേക പ്ലാന്‍ തയ്യാറാക്കുകയാണ് രോഹിത്. ഇതു എങ്ങനെയാണെന്നു നോക്കാം.

ROHIT SHARMA

രോഹിത്തിന്റെ പ്ലാനെന്ത്?

2027ലെ ഏകദിന ലോകകപ്പില്‍ കൂടി ഇന്ത്യക്കു വേണ്ടി തീര്‍ച്ചയായും കളിക്കണമെന്ന ആഗ്രഹമാണ് ഇപ്പോള്‍ രോഹിത് ശര്‍മയ്ക്കുള്ളത്. ഈ കാരണത്താലാണ് ഐസിസി ചാംപ്യന്‍സ് ട്രോഫി സ്വന്തമാക്കിയ ശേഷം തലയുയര്‍ത്തി വിരമിക്കാന്‍ അവസരം ലഭിച്ചിട്ടും അദ്ദേഹം അതു വേണ്ടെന്നു വച്ചത്.

ടി20 ലോകകപ്പ്, ചാംപ്യന്‍സ് ട്രോഫി എന്നിവ രോഹിത് കൈക്കലാക്കി കഴിഞ്ഞു. ഇനി അടുത്ത ഏകദിന ലോകകപ്പ് കൂടി സ്വന്തമാക്കാനായാല്‍ മൂന്നു ഐസിസി ട്രോഫികളെന്ന മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണിയുടെ ലോക റെക്കോര്‍ഡിനൊപ്പമെത്താന്‍ ഹിറ്റ്മാന് സാധിക്കും. അദ്ദേഹം ഇപ്പോള്‍ ലക്ഷ്യമിടുന്നതും അതു തന്നെയാണ്.

Take a Poll

പക്ഷെ 2027ലെ ലോകകപ്പ് വരെ തന്റെ ഫോമും ഫിറ്റ്‌നസും നിലനിര്‍ത്തുകയെന്നതാണ് രോഹിത്തിന്റെ മുന്നിലുള്ള ഏറ്റവും വലിയ ചാലഞ്ച്. 2027 ഏപ്രിലില്‍ അദ്ദേഹത്തിനു 40 വയസ്സ് പൂര്‍ത്തിയാവും. അതിനു ശേഷമാണ് ലോകകപ്പ് വരാനിരിക്കുന്നത്. ഈ ടൂര്‍ണമെന്റ് വരെ ഫിറ്റ്‌നസും ഫോമും കാത്തുസൂക്ഷിക്കാന്‍ പ്രത്യേക പ്ലാന്‍ രോഹിത് തയ്യാറാക്കി കഴിഞ്ഞതായി ക്രിക്ക്ബസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്.

ഇതിനു വേണ്ടി അദ്ദേഹത്തെ സഹായിക്കുക നിലവില്‍ ഇന്ത്യന്‍ ടീമിന്റെ അസിസ്റ്റന്റ് കോച്ചും മലയാളിയുമായ അഭിഷേക് നായരാണ്. ഫിറ്റ്‌നസ്, ഫോം, ബാറ്റിങ് സമീപനം എന്നിവയിലെല്ലാം ഹിറ്റ്മാനെ അടുത്ത ലോകകപ്പിനു വേണ്ടി പൂര്‍ണമായി സജ്ജനാക്കി നിര്‍ത്തുകയെന്നതാണ് അദ്ദേഹത്തിന്റെ പ്രധാന ചുമതല.

രോഹിത് പറഞ്ഞതെന്ത്?

ഐസിസി ചാംപ്യന്‍സ് ട്രോഫി സ്വന്തമാക്കിയതിനു ശേഷം സംസാരിക്കവെ 2027ലെ ഏകദിന ലോകകപ്പില്‍ താന്‍ കളിക്കുമോയെന്നതിനെക്കുറിച്ച് ഉറപ്പ് നല്‍കാന്‍ രോഹിത് ശര്‍മ തയ്യാറായിരുന്നില്ല. 2027ലെ ലോകകപ്പില്‍ കൂടി എനിക്കു കളിക്കാന്‍ സാധിക്കുമോയെന്നതിനെ കുറിച്ച് ഇപ്പോള്‍ പറയുകയെന്നത് വളരെ കടുപ്പം തന്നെയാണ്. പക്ഷെ ഞാന്‍ എല്ലാ ഓപ്ഷനുകളും തുറന്നിട്ടിരിക്കുകയാണ്. എത്ര നന്നായി കളിക്കാന്‍ എനിക്കു കഴിയുമെന്നു ഞാന്‍ കാണാന്‍ ആഗ്രഹിക്കുകയാണ്.

ROHIT SHARMA

ഇപ്പോള്‍ എനിക്കു വളരെ നല്ല പ്രകടനം നടത്താന്‍ സാധിക്കുന്നുണ്ട്. ഈ ടീമിനോടൊപ്പം ചെയ്യുന്ന ഓരോ കാര്യങ്ങളും ഞാന്‍ ആസ്വദിക്കുകയും ചെയ്യുന്നു. ടീമും എനിക്കൊപ്പമുള്ള കമ്പനി ആസ്വദിക്കുന്നുണ്ട്. അതു നല്ല കാര്യമാണ്. 2027നെ കുറിച്ച് എനിക്കു ഇപ്പോള്‍ ശരിക്കുമൊന്നും പറയാന്‍ സാധിക്കില്ല. കാരണം അതു ഒരുപാട് അകലെയാണ്. പക്ഷെ ഞാന്‍ എല്ലാ ഓപ്ഷനുകളും തുറന്നിട്ടിരിക്കുകയാണ്.

ഈ ഗെയിമിനെ ഞാന്‍ ആസ്വദിക്കുന്നിടത്തോളം, ഈ ടീമിനായി ഞാന്‍ ചെയ്യുന്ന കാര്യങ്ങള്‍ ഇഷ്ടപ്പെടുന്നിടത്തോളം കാലം ഞാന്‍ കളിക്കുക തന്നെ ചെയ്യും. എന്നെ വളരെയധികം സന്തോഷിപ്പിക്കുന്ന ചിലത് കൂടിയാണിത്. ഒരുപാട് കാര്യങ്ങള്‍ ഇതില്‍ ഉള്‍പ്പെട്ടിരിക്കുന്നു, ഒരുപാട് അഭിമാനവും ഇതു നല്‍കുന്നു.

ഈ ടീം ഇപ്പോള്‍ കളിക്കുന്നത് കാണുമ്പോള്‍ ടീം വിടാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ലെന്നതാണ് സത്യം. ഈയൊരു ഘട്ടത്തില്‍ ഞങ്ങള്‍ കളിക്കുന്ന രീതി ഒരുപാട് സന്തോഷം നല്‍കുന്നു, എല്ലാവര്‍ക്കുമൊപ്പം കളിക്കുന്നത് വളരെയധികം രസകരവുമാണെന്നുമാണ് ഐസിസിയോടു സംസാരിക്കവെ രോഹിത് വ്യക്തമാക്കിയത്.

Story first published: Thursday, March 13, 2025, 7:26 [IST]
Other articles published on Mar 13, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+