
രോഹിത് ശര്‍മ ഇന്ത്യന്‍ ക്യാപ്റ്റനെന്ന നിലയില്‍ വളരെയധികം കൂളായാണ് കാണപ്പെടുന്നത്. ക്യാപ്റ്റനെന്ന നിലയില്‍ അദ്ദേഹത്തിന്റെ കരിയറിലെ തുടക്കം കാലം മാത്രമാണിത്. ഭാഗ്യവശാല്‍ ക്യാപ്റ്റനായ ശേഷം അല്‍പ്പം എളുപ്പമുള്ള പരമ്പരകളാണ് അദ്ദേഹത്തിനു ലഭിച്ചത്. എന്നാല്‍ മുന്നോട്ടു പോവുന്തോറും രോഹിത്തിനു കാര്യങ്ങള്‍ കടുപ്പമാവും. ഒരുപാട് വെല്ലുവിളികള്‍ അദ്ദേഹത്തെ കാത്തിരിക്കുകയാണ്. ടീം തോല്‍ക്കാന്‍ തുടങ്ങിയാല്‍ കുറ്റപ്പെടുത്തലുകളും രോഹിത്തിനു നേരിടേണ്ടിവരുമെന്നും രാജ്കുമാര്‍ ശര്‍മ വ്യക്തമാക്കി.

ഇന്ത്യന്‍ ടീം തോല്‍ക്കുന്ന സമയത്ത് ക്യാപ്റ്റന്‍ രോഹിത് ശര്‍മയും കോച്ച് രാഹുല്‍ ദ്രാവിഡുമെല്ലാം വരുത്തുന്ന പിഴവുകള്‍ ചോദ്യം ചെയ്യപ്പെടും. ടീമിന്റെ തന്ത്രം ശരിയായില്ലെന്നുമെല്ലാം പലരും ചൂണ്ടിക്കാട്ടും. ടീമില്‍ ഒരു പൊസിഷനില്‍ അയാള്‍ക്കു പകരം മറ്റൊരാളെ കളിപ്പിക്കണമായിരുന്നു, പ്ലെയിങ് ഇലവനില്‍ അഞ്ചു ബൗളര്‍മാര്‍ വേണമായിരുന്നു തുടങ്ങി പല നിര്‍ദേശങ്ങളും അഭിപ്രായങ്ങളുമെല്ലാം ഈ സമയത്തു ഉയര്‍ന്നുവരും. പക്ഷെ അത്തരമൊരു സന്ദര്‍ഭം വരാതിരിക്കട്ടെയെന്നാണ് എന്റെ പ്രാര്‍ഥന. ഇപ്പോഴത്തേതു പോലെ തന്നെ മികച്ച രീതിയില്‍ രോഹിത്തിനു കീഴില്‍ ടീം മുന്നേറട്ടെയെന്നും ലോകകപ്പ് നേടട്ടെയെന്നും ആഗ്രഹിക്കുകയാണന്നു രാജ്കുമാര്‍ ശര്‍മ പറഞ്ഞു.

ഈ വര്‍ഷം ഒക്ടോബറില്‍ ഓസ്‌ട്രേലിയയില്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പായിരിക്കും ക്യാപ്റ്റനെന്ന നിലയില്‍ രോഹിത് ശര്‍മയ്ക്കു മുന്നിലുള്ള ആദ്യത്തെ അഗ്നിപരീക്ഷ. ഇതില്‍ വിജയിക്കാനായാല്‍ പിന്നെ അദ്ദേഹത്തിനു തിരിഞ്ഞുനോക്കേണ്ടി വരില്ല.
പക്ഷെ ഓസ്‌ട്രേലിയയിലെ വെല്ലുവിളിയുയര്‍ത്തുന്ന പിച്ചുകളില്‍ ലോകകപ്പ് നേടുകയെന്നത് ടീം ഇന്ത്യക്കു കടുപ്പം തന്നെയായിരിക്കും. ലോകകപ്പിനു മുമ്പ് ഏഷ്യാ കപ്പിലും ഇന്ത്യ മാറ്റുരയ്ക്കുന്നുണ്ട്. ഏഷ്യാ കപ്പ് നേടാനായാല്‍ അതു ഇന്ത്യയെ സംബന്ധിച്ച് ലോകകപ്പിനു മുമ്പ് മികച്ചൊരു തയ്യാറെടുപ്പ് തന്നെയായിരിക്കും.

മുന്‍ നായകനും ഇപ്പോള്‍ ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലി ചെയ്തു കൊണ്ടിരുന്ന അതേ കാര്യം തന്നെയാണ് രോഹിത് ശര്‍മയും ഇപ്പോള്‍ പിന്തുടരുന്നതെന്നു രാജ്കുമാര്‍ ശര്‍മ ചൂണ്ടിക്കാട്ടി. ടീമിന്റെ ഡ്രസിങ് റൂമില്‍ മികച്ചൊരു അന്തരീക്ഷം സൃഷ്ടിച്ചെടുക്കാന്‍ ക്യാപ്റ്റന്നെ നിലയില്‍ രോഹിത്തിനു കഴിഞ്ഞിട്ടുണ്ട്.

ഒരു പുതിയ താരം ടീമിലേക്കു വരുമ്പോള്‍ അയാളെ സംബന്ധിച്ച് ഡ്രസിങ് റൂമിലെ അന്തരീക്ഷം വളരെ പ്രധാനപ്പെട്ടതാണ്. രോഹിത്തിന് നല്ലൊരു അന്തരീക്ഷം സൃഷ്ടിച്ചെടുക്കാന്‍ സാധിച്ചതായി കാണാം. സൗരവ് ഗാംഗുലിയപടെ സമയത്താണ് ഇത്തരമൊരു അന്തരീക്ഷം ഡ്രസിങ് റൂമിലുണ്ടായിരുന്നതെന്നാണ് ഞാന്‍ കരുതുന്നത്. രോഹിത് ഇപ്പോള്‍ ഇതു മുന്നോട്ടു കൊണ്ടു പോവുകയാണെന്നും രാജ്കുമാര്‍ ശര്‍മ നിരീക്ഷിച്ചു.

മുന്‍ ക്യാപ്റ്റന്‍ എംഎസ് ധോണി ഇന്ത്യന്‍ ടീമിലെ എല്ലാവരെയും വളരെ പിന്തുണയ്ക്കുകയും ചേര്‍ത്തു നിര്‍ത്തുകയും ചെയ്തിരുന്നു. വിരാട് കോലിയിലേക്കു വന്നാല്‍ അവന്‍ തീര്‍ച്ചയായും കുറച്ച് അഗ്രസീവായിരുന്നു എങ്കിലും തന്റെ താരങ്ങളെ നന്നായി തന്നെ പിന്തുണച്ചിരുന്നുവെന്നാണ് എനിക്കു തോന്നിയത്. എതിരാളികള്‍ക്കു പോലും വിരാടിന്റെ താരങ്ങളോടു ഒന്നും പറയാന്‍ സാധിച്ചില്ല. അവനു വ്യത്യസ്ത റോളായിരുന്നു, തന്റെ താരങ്ങളെ സംരക്ഷിക്കാന്‍ അവന്‍ ആഗ്രഹിച്ചിരുന്നതായും രാജ്കുമാര്‍ ശര്‍മ കൂട്ടിച്ചേര്‍ത്തു.


Click it and Unblock the Notifications











