മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ എല്ലാക്കാലത്തും താരാധിപത്യമുണ്ട്. ഓരോ കാലഘട്ടങ്ങള്‍ക്കനുസരിച്ച് താരങ്ങളില്‍ മാറ്റം വരാറുണ്ടെങ്കിലും ഈ കീഴ്‌വഴക്കം കാലങ്ങളായി മാറ്റമില്ലാതെ തുടരുന്നതാണ്. ഇപ്പോഴത്തെ ഇന്ത്യന്‍ ടീമിലും ഇതേ താരാധിപത്യമാണ് ടീമിന്റെ പ്രധാന തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതെന്ന് പറഞ്ഞാലും തെറ്റില്ല. വിരാട് കോലി, രോഹിത് ശര്‍മ, ജസ്പ്രീത് ബുംറ തുടങ്ങിയ പല താരങ്ങളുടെയും തീരുമാനത്തെ മറികടന്നുള്ള നീക്കങ്ങള്‍ ബിസിസിഐ നടത്താറില്ല.
അപൂര്‍വ്വമായാണ് ഇത്തരം നീക്കങ്ങള്‍ ബിസിസി ഐ നടത്തിയിട്ടുള്ളത്. അതുകൊണ്ടുതന്നെ ഇന്ത്യന്‍ ടീമിനുള്ളില്‍ രണ്ട് നീതിയാണെന്ന് പറയാം. സൂപ്പര്‍ താരങ്ങള്‍ മോശം ഫോമിലാവുമ്പോഴും വലിയ പിന്തുണ ലഭിക്കുന്നു. എന്നാല്‍ താരപ്രഭ കുറഞ്ഞവരെ രണ്ടാമതൊന്ന് ആലോചിക്കാതെ തള്ളിക്കളയുകയും ചെയ്യുന്നു. റിഷഭ് പന്തിന് ലഭിച്ച പിന്തുണയും സഞ്ജു സാംസണിന് ലഭിച്ച പിന്തുണയും ഇതിന്റെ ഉദാഹരണമാണ്.
സീനിയര്‍ താരങ്ങള്‍ക്ക് അമിതമായ പിന്തുണ ലഭിക്കുമ്പോള്‍ അവസരം നിഷേധിക്കപ്പെട്ട് നിരവധി പ്രതിഭകള്‍ പുറത്തിരിക്കുകയാണ്. ഇന്ത്യയുടെ സീനിയര്‍ താരങ്ങളില്‍ ഈഗോ മാറ്റിവെച്ച് യുവതാരങ്ങള്‍ക്ക് വഴിമാറേണ്ടവര്‍ ആരൊക്കെയാണെന്ന് നോക്കാം. ഒന്നാമത്തെ താരം രോഹിത് ശര്‍മയാണ്. ഇന്ത്യയുടെ നായകന്‍ എന്നതിലുപരിയായി വെടിക്കെട്ട് ബാറ്റിങ് തീര്‍ക്കുന്ന ഓപ്പണറാണ് രോഹിത്. എന്നാല്‍ ഓപ്പണിങ്ങിലെ ഈ വിശേഷണം രോഹിത്തിന് ഇപ്പോള്‍ ചേരില്ല.

നനഞ്ഞ പടക്കം പോലെയാണ് അദ്ദേഹത്തിന്റെ പ്രകടനം. വല്ലപ്പോഴും ഒരു അര്‍ധ സെഞ്ച്വറി നേടുമെന്നതിലപ്പുറത്തേക്ക് പഴയതുപോലെ മാച്ച് വിന്നറാവാന്‍ രോഹിത്തിന് സാധിക്കുന്നില്ല. അതുകൊണ്ടുതന്നെ യുവതാരങ്ങള്‍ക്കായി വഴിമാറേണ്ട സമയമായിരിക്കുന്നു. അദ്ദേഹത്തിന്റെ ഫിറ്റ്‌നസും പ്രശ്‌നമാണ്. വേഗത്തില്‍ ഓടാന്‍ പോലും രോഹിത് പ്രയാസപ്പെടുന്ന സാഹചര്യത്തില്‍ ടി20യും ടെസ്റ്റും മതിയാക്കി ഏകദിനത്തില്‍ മാത്രം തുടരുന്നതാണ് നല്ലത്.
ഇന്ത്യയുടെ മുന്‍ നായകനും സൂപ്പര്‍ ഹീറോയുമായ വിരാട് കോലിയുടെ കാര്യവും ഇങ്ങനെ തന്നെയാണ്. മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യ സജീവ പരിഗണന നല്‍കുന്ന താരമാണ് കോലി. ആധുനിക ക്രിക്കറ്റിലെ ഇതിഹാസമെന്ന് പറയുമ്പോഴും കോലിയുടെ സമീപകാല പ്രകടനങ്ങള്‍ വിലയിരുത്തുമ്പോള്‍ കോലി ടെസ്റ്റ് നിര്‍ത്താറായെന്ന് പറയാം. കോലി ടെസ്റ്റില്‍ നിന്ന് വിരമിച്ച് പരിമിത ഓവറില്‍ കൂടുതല്‍ ശ്രദ്ധ നല്‍കിയാല്‍ കൂടുതല്‍ മികച്ച പ്രകടനം നടത്താനും കൂടുതല്‍ കാലം കളിക്കാനും സാധിച്ചേക്കും.
യുവതാരങ്ങള്‍ക്ക് വളര്‍ന്നുവരാനും ഇത് വഴിയൊരുക്കും. ചേതേശ്വര്‍ പുജാരയെ ഇന്ത്യ ടെസ്റ്റ് ടീമില്‍ നിന്ന് ഇപ്പോള്‍ തഴഞ്ഞിട്ടുണ്ട്. വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ടീമില്‍ പുജാരക്ക് ഇടമില്ല. ഇന്ത്യ അല്‍പ്പം കൂടി നേരത്തെ ചെയ്യേണ്ട കാര്യമായിരുന്നു ഇത്. പുജാരക്ക് പകരം റുതുരാജ് ഗെയ്ക്വാദ്, യശ്വസി ജയ്‌സ്വാള്‍ എന്നിവരെയാണ് ഇന്ത്യ കാണുന്നത്. രണ്ടുപേരെയും മൂന്നാം നമ്പറിലേക്ക് ഇന്ത്യ പിന്തുണക്കുന്നു. ഇനി പുജാരക്ക് തിരിച്ചുവരവ് നല്‍കേണ്ടതില്ലെന്ന് തന്നെ പറയാം.
ഉമേഷ് യാദവാണ് മറ്റൊരാള്‍. ഇപ്പോഴും ഇന്ത്യയുടെ ടെസ്റ്റ് ടീമില്‍ ഇടം നേടുന്ന പേസറാണ് ഉമേഷ് യാദവ്. എന്നാല്‍ ഉമേഷിനെ ഇന്ത്യ ഒഴിവാക്കേണ്ട സമയം അതിക്രമിച്ചിട്ട് നാളുകളേറെയായി. അതിവേഗ പേസറാണെങ്കിലും മികച്ച ലൈനും ലെങ്തുമില്ല. വിശ്വസിക്കാന്‍ പ്രയാസമുള്ള ബൗളറാണ് അദ്ദേഹം. വിന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമില്‍ നിന്ന് ഉമേഷ് യാദവിനെ തഴഞ്ഞിട്ടുണ്ട്. ഇനിയൊരു തിരിച്ചുവരവ് നല്‍കേണ്ടതില്ല. ഉമേഷിന് പകരം മികച്ച യുവതാരങ്ങളെ പിന്തുണക്കുന്നതാണ് നല്ലത്.
അജിന്‍ക്യ രഹാനെയാണ് മറ്റൊരാള്‍. ഇന്ത്യന്‍ ടീമിന് പുറത്തായ ശേഷം ഐപിഎല്ലിലും ആഭ്യന്തര ക്രിക്കറ്റിലും തിളങ്ങി ഗംഭീര തിരിച്ചുവരവ് നടത്താന്‍ രഹാനെക്ക് സാധിച്ചു. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലും രഹാനെ തിളങ്ങി. ഇപ്പോള്‍ ഇന്ത്യയുടെ വൈസ് ക്യാപ്റ്റന്‍ സ്ഥാനവും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. എന്നാല്‍ രഹാനെയെ ഇനിയും പിന്തുണക്കുന്നതിന് പകരം മികച്ച യുവതാരത്തെ കണ്ടെത്തി ഇന്ത്യ വളര്‍ത്താന്‍ ശ്രമിക്കണം.
അല്ലാത്ത പക്ഷം രഹാനെ പെട്ടെന്ന് ഫോം ഔട്ടായി മാറ്റിനിര്‍ത്തപ്പെട്ടാല്‍ ഉത്തമ പകരക്കാരനില്ലാത്ത അവസ്ഥവരും. ആഭ്യന്തര ക്രിക്കറ്റില്‍ നിന്ന് മികച്ച താരങ്ങളെ ഇന്ത്യ മധ്യനിരയിലേക്ക് വളര്‍ത്തേണ്ടത് അത്യാവശ്യമാണ്. കൂടുതല്‍ യുവതാരങ്ങള്‍ കടന്നുവന്ന് ഇന്ത്യയുടെ ബെഞ്ച് കരുത്ത് ഇനിയും ഉയരാത്ത പക്ഷം ഭാവിയില്‍ കാര്യങ്ങള്‍ പ്രയാസമായി മാറുമെന്നുറപ്പ്.