
മുന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറും നിലവില്‍ ടീമിന്റെ ഭാഗമായ രോഹിത് ശര്‍മയുമാണ് ഓപ്പണര്‍മാര്‍. ലോകകപ്പ് ചരിത്രത്തിലെ ഓള്‍ടൈം സ്‌കോററാണ് സച്ചിന്‍. 45 മല്‍സരങ്ങളില്‍ നിന്നും മാസ്റ്റര്‍ ബ്ലാസ്റ്ററുടെ സമ്പാദ്യം 2278 റണ്‍സാണ്. ആറു ലോകകപ്പുകളില്‍ അദ്ദേഹം ഇന്ത്യന്‍ കുപ്പായമണിഞ്ഞിട്ടുണ്ട്.
1996, 2003, 11 ലോകകപ്പുകളിലായിരുന്നു സച്ചിന്‍ കൂടുതല്‍ റണ്‍സെടുത്തത്. ഇവയില്‍തന്നെ 96, 03 ലോകകപ്പുകളിലെ ടോപ്‌സ്‌കോററും അദ്ദേഹമായിരുന്നു. 03ലെ ലോകകപ്പിലെ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റായും സച്ചിന്‍ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
അതേസമയം, സെവാഗുള്‍പ്പെടെയുള്ളവരെ മറികടന്നാണ് രോഹിത് ഇലവനിലേക്കു വന്നത്. രണ്ടു ലോകകപ്പുകളില്‍ (2015, 19) മാത്രമേ കളിച്ചിട്ടുള്ളൂവെങ്കിലും ഹിറ്റ്മാന്‍ ഇവയില്‍ കസറിയിരുന്നു. 17 മല്‍സരങ്ങളില്‍ നിന്നും 978 റണ്‍സാണ് സമ്പാദ്യം. 19ലെ ലോകകപ്പില്‍ അഞ്ചു സെഞ്ച്വറികളടക്കം രോഹിത് വാരിക്കൂട്ടിയത് 648 റണ്‍സായിരുന്നു. ലോകകപ്പിന്റെ ഒരു എഡിഷനില്‍ ഒരുതാരം അഞ്ചു സെഞ്ച്വറികളടിച്ചതും ആദ്യമായിട്ടായിരുന്നു.

മൂന്നാം നമ്പറില്‍ മുന്‍ ക്യാപ്റ്റനും ഇതിഹാസ താരവുമായ സൗരവ് ഗാംഗുലിയും നാലാം നമ്പറില്‍ മറ്റൊരു മുന്‍ ക്യാപ്റ്റനും ഇതിഹാസവുമായ രാഹുല്‍ ദ്രാവിഡുമാണ് ഇറങ്ങുക. ലോകകപ്പില്‍ കൂടുതല്‍ റണ്‍സെടുത്തിട്ടുള്ള ഇന്ത്യന്‍ താരങ്ങളില്‍ ഗാംഗുലി മൂന്നാമതുണ്ട്. 21 മല്‍സരങ്ങളില്‍ നിന്നും നാലു സെഞ്ച്വറികളടക്കം ദാദ നേടിയത് 1006 റണ്‍സാണ്. ഗാംഗുലിയുടെ കരിയര്‍ ബെസ്റ്റ് സ്‌കോറായ 183 റണ്‍സ് പിറന്നത് ഒരു ലോകകപ്പ് മല്‍സരത്തിലായിരുന്നു. 1999ല്‍ ശ്രീലങ്കയ്‌ക്കെതിരേയായിരുന്നു ഇത്.
ദ്രാവിഡിലേക്കു വരികയാണെങ്കില്‍ 21 ലോകകപ്പ് മല്‍സരങ്ങളില്‍ നിന്നും നേടിയത് 860 റണ്‍സായിരുന്നു. 64.12 എന്ന ഞെട്ടിക്കുന്ന ശരാശരിയിലായിരുന്നു ഇത്. ശരാശരിയുടെ കാര്യത്തില്‍ ഇന്ത്യന്‍ താരങ്ങളില്‍ രോഹിത് മാത്രമേ അദ്ദേഹത്തിനു മുകളിലുള്ളൂ. 1999ലെ ലോകകപ്പിലെ ടോപ്‌സ്‌കോററായിരുന്നു ദ്രാവിഡ്. എട്ടു ഇന്നിങ്‌സുകളില്‍ നിന്നും നേടിയത് 461 റണ്‍സായിരുന്നു.

ഇന്ത്യയുടെ എക്കാലത്തെയും മികച്ച മാച്ച് വിന്നര്‍മാരില്‍ ഒരാളായ മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ യുവരാജ് സിങ് അഞ്ചാം നമ്പറില്‍ കളിക്കും. ആറാമനായി മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണിയാണുള്ളത്. ഇലവന്റെ ക്യാപ്റ്റനും വിക്കറ്റ് കീപ്പറും അദ്ദേഹം തന്നെയാണ്.
ഇന്ത്യക്കു വേണ്ടി 2003, 07, 11 എന്നീ മൂന്നു ലോകകപ്പുകളിലാണ് യുവി കളിച്ചത്. ഇവയില്‍ 11 ലോകകപ്പില്‍ ഇന്ത്യ കിരീടമുയര്‍ത്തിയപ്പോള്‍ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റായിരുന്നു അദ്ദേഹം. 362 റണ്‍സും 15 വിക്കറ്റുകളുമാണ് യുവി ടൂര്‍ണമെന്റില്‍ നേടിയത്.
11ലെ ലോകകപ്പ് ഫൈനലില്‍ ഇന്ത്യയുടെ വിജയമുറപ്പാക്കിയ റണ്‍സ് സിക്‌സറിലൂടെ നേടിയ ക്യാപ്റ്റനാണ് ധോണി. 28 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ഇന്ത്യക്കു ലോകകപ്പ് സമ്മാനിച്ച ക്യാപ്റ്റനാണ് അദ്ദേഹം. 2007ലെ ലോകകപ്പില്‍ ഗ്രൂപ്പൂഘട്ടത്തില്‍ പുറത്തായ ഇന്ത്യയാണ് തൊട്ടടുത്ത എഡിഷനില്‍ ധോണിക്കു കീഴില്‍ വിജയികളായത്. 07ല്‍ ടീമിനെ നയിച്ചത് ദ്രാവിഡായിരുന്നു. 2015ലെ ലോകകപ്പില്‍ ധോണി നയിച്ച ഇന്ത്യ സെമി ഫൈനലില്‍ പുറത്താവുകയായിരുന്നു. ഓസീസിനോടു ഇന്ത്യ പരാജയപ്പെട്ട സെമിയില്‍ ധോണി 65 റണ്‍സോടെ പൊരുതി നോക്കിയിരുന്നു. 2019ലേതാണ് ധോണിയുടെ അവസാന ലോകകപ്പ്. കോലിക്കു കീഴിലായിരുന്നു അദ്ദേഹമിറങ്ങിയത്.

ധോണിക്കു പിറകെ ഇറങ്ങുക ഇന്ത്യക്കു ആദ്യമായി ലോകകപ്പ് നേടിത്തന്ന മുന്‍ ഇതിഹാസ ഓള്‍റൗണ്ടറും ക്യാപ്റ്റനുമായിരുന്ന കപില്‍ ദേവാണ്. നാലു ലോകകപ്പുകളില്‍ നിന്നായി 28 വിക്കറ്റുകള്‍ അദ്ദേഹം വീഴ്ത്തിയിട്ടുണ്ട്.
83ലെ ലോകകപ്പിലായിരുന്നു കപിലിന്റെ ഏറ്റവും മികച്ച പ്രകടനം കണ്ടത്. 60 ശരാശരിയില്‍ 303 റണ്‍സെടുത്ത അദ്ദേഹം 12 വിക്കറ്റുകളും വീഴ്ത്തിയിരുന്നു. സിംബാബ്വെയ്‌ക്കെതിരായ കളിയില്‍ അഞ്ചിന് 17 റണ്‍സിലേക്കു കൂപ്പുകുത്തിയ ഇന്ത്യയെ കപില്‍ 175 റണ്‍സുമായി രക്ഷിച്ചിരുന്നു.
കപിലിനു പിന്നില്‍ എട്ടാംസ്ഥാനത്ത് ഓഫ് സ്പിന്നര്‍ ആര്‍ അശ്വിനാണ്. ഇന്ത്യക്കു വേണ്ടി രണ്ടു ലോകകപ്പുകളിലാണ് അദ്ദേഹം കളിച്ചത്. 2011ലെ ലോകകപ്പില്‍ രണ്ടു മല്‍സരങ്ങള്‍ മാത്രം കളിച്ച അശ്വിന്‍ നാലു വിക്കറ്റുകളെടുത്തിരുന്നു. 15ലെ ലോകകപ്പില്‍ എട്ടു കളികളില്‍ നിന്നും 13 വിക്കറ്റുകളും അശ്വിന്‍ വീഴ്ത്തി.

കുംബ്ലെ, സഹീര്‍, ശ്രീനാഥ്
അനില്‍ കുംബ്ലെ, സഹീര്‍ ഖാന്‍, ജവഗല്‍ ശ്രീനാഥ് എന്നിവരാണ് ഇന്ത്യന്‍ ഇലവനിലെ മറ്റു ബൗളര്‍മാര്‍. ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ബൗളറാണ് കുംബ്ലെ. 18 ലോകകപ്പ് മല്‍സരങ്ങളില്‍ നിന്നും 31 വിക്കറ്റുകള്‍ അദ്ദേഹം നേടിയിട്ടുണ്ട്. 4.08 എന്ന മികച്ച ഇക്കോണമി റേറ്റിലായിരുന്നു ഇത്. 1996 ലെ ലോകകപ്പിലായിരുന്നു കുംബ്ലെ കൂടുതല്‍ വിക്കറ്റുകളെടുത്തത് (15).
ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച പേസര്‍മാരില്‍ ഒരാളാണ് സഹീര്‍. ഇന്ത്യന്‍ ബൗളിങിലെ സച്ചിന്‍ ടെണ്ടുല്‍ക്കറെന്നായിരുന്നു അദ്ദേഹത്തെ മുമ്പ് ധോണി വിശേഷിപ്പിച്ചിരുന്നത്. ലോകകപ്പ് ചരിത്രത്തില്‍ ഇന്ത്യക്കായി ഏറ്റവുമധികം വിക്കറ്റുകളെടുത്തത് സഹീറാണ്. 23 മല്‍സരങ്ങളില്‍ നിന്നും പിഴുതത് 44 വിക്കറ്റുകളാണ്. കൂടുതല്‍ വിക്കറ്റ് ലഭിച്ചത് 2003ലെ ടൂര്‍ണമെന്റിലായിരുന്നു (18). ഇന്ത്യ ജേതാക്കളായ 11ലെ ലോകകപ്പില്‍ 22 വിക്കറ്റുകളും സഹീര്‍ നേടി.
ഇന്ത്യന്‍ പേസ് ബൗളിങിലെ മറ്റൊരു വിസ്മയമായിരുന്നു ശ്രീനാഥ്. ഒരു കാലത്ത് ഇന്ത്യന്‍ പേസ് ബൗളിങിന്റെ നട്ടെല്ലായിരുന്നു അദ്ദേഹം. ലോകകപ്പില്‍ 33 മല്‍സരങ്ങളില്‍ നിന്നും 44 വിക്കറ്റുകളുമായി ശ്രീനാഥ് സഹീറിനൊപ്പം നില്‍ക്കുകയാണ്. 1999ലെ ലോകകപ്പില്‍ 12 വിക്കറ്റുകളെടുത്തതാണ് മികച്ച പ്രകടനം.


Click it and Unblock the Notifications











