വിരാട് കോലി (ആര്‍സിബി)
ആര്‍സിബി ക്യാപ്റ്റനും ഇന്ത്യന്‍ സൂപ്പര്‍ താരവുമായ വിരാട് കോലി യഥാര്‍ഥ മാച്ച് വിന്നറാണ്. മൂന്നാം നമ്പറിനു പകരം ഇത്തവണ ആര്‍സിബിക്കു വേണ്ടി താന്‍ ഓപ്പണറായിട്ടാണ് കളിക്കുകയെന്ന് കോലി അറിയിച്ചത് ക്രിക്കറ്റ് പ്രേമികളുടെ ആവേശം ഇരട്ടിയാക്കിയിട്ടുണ്ട്.
ടൂര്‍ണമെന്റിലെ ഓള്‍ടൈം സ്കോറര്‍ കൂടിയാണ് അദ്ദേഹം. അഞ്ചു സെഞ്ച്വറികളടക്കം 5878 റണ്‍സ് കോലി അടിച്ചെടുത്തിട്ടുണ്ട്. ഓപ്പണിങിലേക്കു വരുന്നതോടെ കൂടുതല്‍ റണ്‍സ് തനിക്കു നേടാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹം.
എബി ഡിവില്ലിയേഴ്സ് (ആര്‍സിബി)
കോലിയെക്കൂടാതെ ആര്‍സിബിയുടെ മറ്റൊരു ബാറ്റിങ് നെടുംതൂണാണ് ദക്ഷിണാഫ്രിക്കയുടെ ബാറ്റിങ് ഇതിഹാസം എബി ഡിവില്ലിയേഴ്സ്. മിസ്റ്റര്‍ 360യെന്നു വിശേഷിപ്പിക്കപ്പെടുന്ന അദ്ദേഹം ഗ്രൗണ്ടിന്റെ ഏതു ഭാഗത്തേക്കും ഷോട്ടുകള്‍ പായിക്കുന്നതില്‍ മിടുക്കനാണ്.
ടൂര്‍ണമെന്റില്‍ 5000 റണ്‍സെന്ന നാഴികക്കല്ലിന് അരികിലാണ് അദ്ദേഹം. അതിനു സാധിക്കുകയാണെങ്കില്‍ ഈ നേട്ടം കൈവരിച്ച ആദ്യത്തെ വിദേശ താരമായും എബിഡി മാറും.
കരെണ്‍ പൊള്ളാര്‍ഡ് (മുംബൈ)
മുംബൈ ഇന്ത്യന്‍സിന്റെ സൂപ്പര്‍ ഹീറോയെന്നു വിളിക്കാവുന്ന താരമാണ് വെസ്റ്റ് ഇന്‍ഡീസ് ഓള്‍റൗണ്ടര്‍ കരെണ്‍ പൊള്ളാര്‍ഡ്. ബാറ്റ് കൊണ്ടും ബോള്‍ കൊണ്ടും ഉജ്ജ്വല പ്രകടനം നടത്താനുള്ള ശേഷി അദ്ദേഹത്തിനുണ്ട്. അടുത്തിടെ ശ്രീലങ്കയ്ക്കെതിരായ ടി20 മല്‍സരത്തില്‍ ഒരോവറിലെ ആറു ബോളും സിക്സറിലേക്കു പറത്തി പൊള്ളാര്‍ഡ് ലോക റെക്കോര്‍ഡിനൊപ്പമെത്തിയിരുന്നു.
കഴിഞ്ഞ സീസണില്‍ 268 റണ്‍സും നാലു വിക്കറ്റുകളും മുംബൈയ്ക്കായി അദ്ദേഹം നേടിയിരുരുന്നു. ഇത്തവണ കൂടുതല്‍ മെച്ചപ്പെട്ട പ്രകടനം നടത്താനായിരിക്കും പൊള്ളാര്‍ഡിന്റെ ശ്രമം. ഐപിഎല്ലില്‍ 3000 റണ്‍സ് അദ്ദേഹത്തിന്റെ പേരിലുണ്ട്.
രോഹിത് ശര്‍മ (മുംബൈ)
മുംബൈയുടെ ക്യാപ്റ്റനും വെടിക്കെട്ട് ഓപ്പണറുമായ രോഹിത് ശര്‍മ ഐപിഎല്ലില്‍ 5000 റണ്‍സ് നേടിയിട്ടുള്ള താരമാണ്. ട്രാക്കിലെത്തിയാല്‍ പിന്നെ ഹിറ്റ്മാനെ പിടിച്ചുനിര്‍ത്തുക ഏറെ ദുഷ്കമാണ്. ഷോര്‍ട്ട് ബോളുകളില്‍ പോലും വമ്പന്‍ സിക്സറുകളടിക്കാന്‍ അദ്ദേഹത്തിനു കഴിയും.
ടൂര്‍ണമെന്റില്‍ ഒരു സെഞ്ച്വറിയും 39 ഫിഫ്റ്റികളുമടക്കം 5230 റണ്‍സ് രോഹിത് നേടിയിട്ടുണ്ട്. ഇംഗ്ലണ്ടിനെതിരേയുള്ള കഴിഞ്ഞ പരമ്പരകളില്‍ ഇന്ത്യക്കു വേണ്ടി മിന്നുന്ന പ്രകടനം നടത്തിയാണ് താരം ഐപിഎലല്ലിനെത്തിയത്.
ജസ്പ്രീത് ബുംറ (മുംബൈ)
മുംബൈയുടെ മറ്റൊരു സൂപ്പര്‍ താരമാണ് സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ. കഴിഞ്ഞ സീസണില്‍ മുംബൈയ്ക്കായി ഏറ്റവുമധികം വിക്കറ്റുകള്‍ കൊയ്തത് അദ്ദേഹമായിരുന്നു. 27 വിക്കറ്റുകളാണ് പേസര്‍ പിഴുതത്.
ബാറ്റ്സ്മാന്മാരെ കുഴപ്പിക്കുന്ന യോര്‍ക്കറുകള്‍ എറിയുന്നതില്‍ മിടുക്കനാണ് ബുംറ. ഐപിഎല്ലില്‍ മികച്ച ഇക്കോണമി റേറ്റും അദ്ദേഹത്തിനുണ്ട്. ഈ സീസണിലും മുംബൈയുടെ ബൗളിങ് ആക്രമണത്തിന്റെ കുന്തമുനയാവുക ബുംറയായിരിക്കും. വിവാഹത്തിനു ശേഷം പേസര്‍ ആദ്യമായി കളിക്കുന്ന മല്‍സരം കൂടിയാണ് ആര്സിബിക്കെതിരേയുള്ളത്.