
തുടര്‍ച്ചയായ പരിക്കുകളും ഫിറ്റ്‌നസ് പ്രശ്‌നങ്ങളും അലട്ടാറുള്ളതിനാല്‍ തന്നെ മൂന്നു ഫോര്‍മാറ്റുകളിലും ഇന്ത്യയെ നയിക്കുമ്പോള്‍ അതു രോഹിത് ശര്‍മയ്ക്കു തിരിച്ചടിയായേക്കുമെന്നും ക്യാപ്റ്റനെന്ന നിലയില്‍ ഏറ്റവും വലിയ വെല്ലുവിളിയും ഇതാണെന്നു ദിനേശ് കാര്‍ത്തിക് ചൂണ്ടിക്കാട്ടി. തന്ത്രപരമായി വളരെ ബുദ്ധിശാലിയായ ക്യാപ്റ്റനാണ് രോഹിത്തെന്നാണ് ഞാന്‍ കരുതുന്നത്. അദ്ദേഹം കളിക്കുന്ന ക്രിക്കറ്റിന്റെ അളവായിരിക്കും മൂന്നു ഫോര്‍മാറ്റിലും എത്ര മാത്രം സ്ഥിരതയാര്‍ന്ന പ്രകടനം നടത്താന്‍ കഴിയുകയെന്നു നിര്‍വചിക്കുക.

ഒരു വര്‍ഷം തന്നെ ഒരുപാട് മല്‍സരങ്ങളുള്ള സാഹചര്യത്തിലാണ് രോഹിത്തുള്ളത്. അദ്ദേഹത്തെപ്പോലെയൊരാളെ സംബന്ധിച്ച് ഏറ്റവും വലിയ വെല്ലുവിളിയും ഇതായിരിക്കും. രോഹിത് വളരെ മികവുറ്റ ക്യാപ്റ്റനാണെന്നതില്‍ ഒരു സംശയവുമില്ല. കളിയേക്കാള്‍ ഒരു പടി മുന്നിലാണ് താനെന്നു വെസ്റ്റ് ഇന്‍ഡീസുമായുള്ള മൂന്നാമത്തെയും അവസാനത്തെയും ടി20യിലും നമ്മള്‍ കണ്ടു കഴിഞ്ഞതാണെന്നും ദിനേശ് കാര്‍ത്തിക് വ്യക്തമാക്കി.

വിന്‍ഡീസുമായുള്ള മൂന്നാം ടി20യില്‍ രോഹിത് ശര്‍മയുടെ ക്യാപ്റ്റന്‍സി ഉജ്ജ്വലമായിരുന്നുവെന്നു കാര്‍ത്തിക് നിരീക്ഷിച്ചു. ബൗളര്‍മാരെ അദ്ദേഹം വളരെ നന്നായി റൊട്ടേറ്റ് ചെയ്തു, ആവേശ് ഖാനെ ശരിയായ സമയത്ത് കൊണ്ടു വരികയും ചെയ്തു. ആദ്യ ഓവറില്‍ ശര്‍ദ്ദുല്‍ ടാക്കൂര്‍ 18 റണ്‍സ് വിട്ടുകൊടുത്തെങ്കിലും നാലോവറില്‍ 33 റണ്‍സിനു രണ്ടു വിക്കറ്റുകളെന്ന നിലയില്‍ ക്വാട്ട പൂര്‍ത്തിയാക്കി. ബൗളര്‍മാരെ നന്നായി മനസ്സിലാക്കുന്ന ക്യാപ്റ്റനാണ് രോഹിത്. അവരെക്കൊണ്ട് എന്താണ് ചെയ്യിക്കേണ്ടത് എന്ന കാര്യത്തില്‍ അദ്ദേഹത്തിനു നല്ല ബോധ്യമുണ്ടെന്നും കാര്‍ത്തിക് വിലയിരുത്തി.

കഴിഞ്ഞ ശനിയാഴ്ചയായിരുന്നു ഇന്ത്യയുടെ പുതിയ ടെസ്റ്റ് നായകനായി രോഹിത് ശര്‍മയെ ചേതന്‍ ശര്‍മയുടെ കീഴിലുള്ള സെലക്ഷന്‍ കമ്മിറ്റി പ്രഖ്യാപിച്ചത്. രോഹിത് തന്നെയായിരുന്നു ഞങ്ങളുടെ ചോയ്‌സ്, അദ്ദേഹത്തെ ടെസ്റ്റ് നായകനായി പ്രഖ്യാപിക്കുന്നതില്‍ അതിയായ സന്തോഷമുണ്ട്. ഭാവി ക്യാപ്റ്റന്‍മാരെ രോഹിത്തിനു കീഴില്‍ ഞങ്ങള്‍ വളര്‍ത്തിയെടുക്കും. എല്ലാം ശരിയായി നടക്കുമെന്നു നമുക്കു പ്രതീക്ഷിക്കാം. ഞങ്ങള്‍ ആഗ്രഹിക്കുന്ന രീതിയില്‍ കാര്യങ്ങള്‍ മുന്നോട്ടു പോവുകയാണെങ്കില്‍ എല്ലാം നല്ലതായിരിക്കുമെന്നും ചേതന്‍ ശര്‍മ പറഞ്ഞിരുന്നു.

രോഹിത് ദീര്‍ഘകാലത്തേക്കു ടീമിനെ നയിക്കുകയാണേങ്കില്‍ അതു ഇന്ത്യയെ സംബന്ധിച്ച് നല്ലതായിരിക്കും. പക്ഷെ അത് ആര്‍ക്കും പ്രവചിക്കാന്‍ കഴിയില്ല. രോഹിത് ഫിറ്റ്‌നസ് നിലനിര്‍ത്തുന്നിടത്തോളം ടെസ്റ്റ് ക്യാപ്റ്റനായി തുടരും. വിശ്രമം വേണമെന്നു രോഹിത് ആഗ്രഹിക്കുകയാണെങ്കില്‍ ഞങ്ങള്‍ വിശ്രമം അനുവദിക്കുമെന്നും ചേതന്‍ ശര്‍മ വ്യക്തമാക്കിയിരുന്നു.


Click it and Unblock the Notifications