ഇന്ത്യയുടെ ഇതിഹാസ ഓപ്പണിങ് ജോടിയായ സച്ചിന്‍ ടെണ്ടുല്‍ക്കര്‍- വീരേന്ദര്‍ സെവാഗ് സഖ്യത്തെ പിന്നിലാക്കിയിരിക്കുകയാണ് രോഹിത് ശര്‍മ- ശിഖര്‍ ധവാന്‍ സഖ്യം. ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തില്‍ ടീമിന് ഒരിക്കല്‍ക്കൂടി മികച്ച തുടക്കം നല്‍കിയതോടെയാണ് ഈ ജോടി വമ്പന്‍ നേട്ടത്തിന് അവകാശികളായത്. ഏകദിനത്തില്‍ കൂടുതല്‍ ഫിഫ്റ്റി പ്ലസ് സ്‌കോര്‍ നേടിയ രണ്ടാമത്തെ ഇന്ത്യന്‍ സഖ്യമായി മാറിയിരിക്കുകയാണ് രോഹിത്-ധവാന്‍ ജോടി.

64 റണ്‍സാണ് പൂനെയില്‍ നടക്കുന്ന ആദ്യ ഏകദിനത്തില്‍ രോഹിത്- ധവാന്‍ സഖ്യം ഓപ്പണിങ് വിക്കറ്റില്‍ നേടിയത്. ഏകദിനത്തില്‍ ഈ ജോടിയുടെ 31ാമത്തെ ഫിഫ്റ്റി പ്ലസ് കൂട്ടുകെട്ട് കൂടിയാണിത്. ഇതോടെ 30 തവണ ഇന്ത്യക്കു വേണ്ടി ഫിഫ്റ്റി പ്ലസ് റണ്‍സിന്റെ കൂട്ടുകെണ്ടാക്കിയ സച്ചിന്‍- സെവാഗ് ജോടി മൂന്നാംസ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു. ആദ്യ ഏകദിനത്തിനു മുമ്പ് എലൈറ്റ് ലിസ്റ്റില്‍ ഒപ്പം നില്‍ക്കുകയായിരുന്നു സച്ചിന്‍-സെവാഗ്, രോഹിത്-ധവാന്‍ ജോടികള്‍. എലൈറ്റ് ലിസ്റ്റില്‍ തലപ്പത്ത് സച്ചിന്‍ ടെണ്ടുല്‍ക്കര്‍- സൗരവ് ഗാംഗുലി സഖ്യമാണ്. 44 തവണയാണ് ഈ ജോടി ഫിഫ്റ്റി പ്ലസ് റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയത്. ലോക റെക്കോര്‍ഡ് കൂടിയാണിത്.

ഇംഗ്ലണ്ടിനെതിരായ ഒന്നാം ഏകദിനത്തില്‍ 90 ബോളുകളിലാണ് രോഹിത്- ധവാന്‍ ജോടി 64 റണ്‍സ് നേടിയത്. ബെന്‍ സ്‌റ്റോക്‌സെറിഞ്ഞ 16ാം ഓവറിലെ ആദ്യ ബോളില്‍ രോഹിത് പുറത്തായോടെ സഖ്യം വേര്‍പിരിയുകയായിരുന്നു. ഓഫ്സ്റ്റംപിനു പുറത്തുകൂടെ പോയ, ഉറപ്പായും വൈഡ് വിളിക്കേണ്ടിയിരുന്ന ബോളില്‍ ഷോട്ടിനു ശ്രമിച്ച ഹിറ്റ്മാന്റെ ബാറ്റിലില്‍ ഉരസിയ ബോള്‍ വിക്കറ്റ് കീപ്പര്‍ ജോസ് ബട്‌ലര്‍ ക്യാച്ച് ചെയ്യുകയായിരുന്നു. 42 ബോളില്‍ നാലു ബൗണ്ടറികളോടെയാണ് രോഹിത് 28 റണ്‍സെടുത്തത്.
നേരത്തേ നടന്ന ഇംഗ്ലണ്ടിനെതിരായ അഞ്ചു മല്‍സരങ്ങളുടെ ടി20 പരമ്പരയില്‍ ഒരു മല്‍സരത്തില്‍ മാത്രമേ ധവാനു പ്ലെയിങ് ഇലവനില്‍ ഇടം ലഭിച്ചിരുന്നുള്ളൂ. ആദ്യ കളിയിലായിരുന്നു ഇത്. ഈ മല്‍സരത്തില്‍ ഫ്‌ളോപ്പോയതാടെ തുടര്‍ന്നുള്ള നാലു കളികളിലും അദ്ദേഹം മാറ്റി നിര്‍ത്തപ്പെട്ടു. എന്നാല്‍ ഏകദിനത്തില്‍ രോഹിത്- ധവാന്‍ ഓപ്പണിങ് കോമ്പിനേഷനെ വേര്‍പിരിക്കാന്‍ ഇന്ത്യന്‍ ടീം മാനേജ്‌മെന്റിനു താല്‍പ്പര്യമില്ലായിരുന്നു. 2013 മുതല്‍ ഏകദിനത്തില്‍ ഇന്ത്യയുടെ ഏറ്റവും വിശ്വസ്തമായ ഓപ്പണിങ് ജോടിയെ തന്നെ ഇംഗ്ലണ്ടിനെതിരേയും ഇന്ത്യ നിലനിര്‍ത്തുകയായിരുന്നു. ആദ്യ കളിയില്‍ ഫിഫ്റ്റി പ്ലസ് റണ്‍സിന്റെ കൂട്ടുകെട്ടുമായി സഖ്യം പ്രതീക്ഷ കാക്കുകയും ചെയ്തു.