രോഹിത് ശര്‍മ, വിരാട് കോലി, രവീന്ദ്ര ജഡേജ എന്നിവരുടെ ടി20 കരിയര്‍ അവസാനിച്ചുവെന്ന് വിശ്വസിക്കുന്നവരാണ് ഏറെയും. നിലവില്‍ ഇന്ത്യയുടെ ടി20 ടീമില്‍ ഇവര്‍ക്കൊന്നും സീറ്റില്ല. 2024ല്‍ വെസ്റ്റ് ഇന്‍ഡീസിലും അമേരിക്കയിലുമായി നടക്കുന്ന ടി20 ലോകകപ്പിനായി യുവതാരങ്ങള്‍ക്ക് പ്രാമുഖ്യമുള്ള ടീമിനെ കളത്തിലിറക്കാനാണ് ഇന്ത്യ ശ്രമിക്കുന്നത്. അതുകൊണ്ടുതന്നെ രോഹിത്തും കോലിയും ടി20 ലോകകപ്പിനുണ്ടാവില്ലെന്നാണ് റിപ്പോര്‍ട്ടുണ്ടായിരുന്നത്.
എന്നാല്‍ 2024ലെ ടി20 ലോകകപ്പില്‍ താന്‍ ഉണ്ടാകുമെന്ന നിര്‍ണ്ണായക സൂചന നല്‍കിയിരിക്കുകയാണ് രോഹിത് ശര്‍മ. അമേരിക്കയില്‍ നടന്ന പരിപാടിയില്‍ സംസാരിക്കവെയാണ് രോഹിത് ഇക്കാര്യം വെളിപ്പെടുത്തിയത്. 'യാത്ര ചെയ്ത് ഇവിടുത്തെ ഭംഗി ആസ്വദിക്കുകയെന്നത് മാത്രമല്ല. അമേരിക്കയിലേക്ക് വരാന്‍ മറ്റൊരു കാരണം കൂടിയുണ്ട്. നിങ്ങള്‍ക്കറിയാവുന്നതുപോലെ തന്നെ ടി20 ലോകകപ്പ് ഇവിടെ വരാന്‍ പോവുകയാണ്. അതില്‍ എല്ലാവരും ആവേശത്തിലാവുമെന്ന് എനിക്കറിയാം. വളരെ പ്രതീക്ഷയോടെയാണ് ലോകകപ്പിനെ കാണുന്നത്'-രോഹിത് പറഞ്ഞു.
അമേരിക്കയിലെ ഒരു പരിപാടിയില്‍ രോഹിത് സംസാരിക്കുന്നതിന്റെ വീഡിയോ ഇതിനോടകം വൈറലായിക്കഴിഞ്ഞു. രോഹിത്തിന്റെ ആരാധകരെല്ലാം വീഡിയോ പങ്കുവെച്ച് സന്തോഷം പങ്കിടുകയാണ്. എന്നാല്‍ ഇപ്പോള്‍ ടി20 ഫോര്‍മാറ്റില്‍ രോഹിത്തിന് സ്ഥാനമില്ല. പിന്നെ എങ്ങനെ ടി20 ലോകകപ്പ് കളിക്കുമെന്ന വലിയ ചോദ്യം അദ്ദേഹത്തിന് മുന്നിലുണ്ട്. ഹാര്‍ദിക് പാണ്ഡ്യയെ ക്യാപ്റ്റനാക്കിയാണ് ഇന്ത്യ ടി20 ലോകകപ്പിനായുള്ള മുന്നൊരുക്കം നടത്തുന്നത്.
എന്നാല്‍ രോഹിത് ടി20 ലോകകപ്പ് കളിച്ചാല്‍ ഹാര്‍ദിക്കിന് കീഴില്‍ കളിക്കാന്‍ തയ്യാറാവുമോ?. ഇതിലെല്ലാം ഉപരിയായി രോഹിത്തിന്റെ പ്രകടനം പ്രശ്‌നമാണ്. ടി20 ഫോര്‍മാറ്റില്‍ തുടര്‍ച്ചയായി ഫ്‌ളോപ്പായതോടെയാണ് രോഹിത്തിനെ ടീമില്‍ നിന്ന് തഴഞ്ഞതെന്ന് പറയാം. മുംബൈ ഇന്ത്യന്‍സിനെ അഞ്ച് തവണ ഐപിഎല്‍ കിരീടം ചൂടിച്ച ക്യാപ്റ്റനാണ് രോഹിത്. എന്നാല്‍ സമീപകാലത്തെ ബാറ്റിങ് പ്രകടനങ്ങളെല്ലാം മോശമാണ്. ടി20യില്‍ ഗംഭീര ബാറ്റിങ് റെക്കോഡ് രോഹിത്തിനുണ്ട്.

എന്നാല്‍ പഴയതുപോലെ മികവ് കാട്ടാന്‍ രോഹിത്തിന് കഴിവില്ല. അന്താരാഷ്ട്ര ടി20യില്‍ നാല് സെഞ്ച്വറി നേടിയ താരമാണ് രോഹിത്. ഇന്ത്യന്‍ ജേഴ്‌സിയില്‍ കൂടുതല്‍ ടി20 സെഞ്ച്വറി നേടിയ താരമെന്ന റെക്കോഡും രോഹിത്തിന്റെ പേരിലാണ്. എന്നാല്‍ ഇപ്പോള്‍ പഴയ മികവ് രോഹിത്തിന് അവകാശപ്പെടാനാവില്ല. രോഹിത് ടി20 ലോകകപ്പ് കളിക്കുമെന്ന സൂചന നല്‍കിയതോടെ ആരാധകര്‍ ആവേശത്തിലാണ്. പക്ഷെ രോഹിത് കളിച്ച് യുവതാരങ്ങളുടെ വഴി അടക്കേണ്ടെന്നാണ് മറ്റ് ചില ആരാധകര്‍ പറയുന്നത്.
ടി20യിലെ റണ്‍വേട്ടക്കാരിലെ രണ്ടാമനാണ് രോഹിത് ശര്‍മ. 2022ലെ ന്യൂസീലന്‍ഡ് പരമ്പരയിലൂടെയാണ് രോഹിത് ടി20 ഫോര്‍മാറ്റില്‍ നിന്ന് പൂര്‍ണ്ണമായും പിന്മാറിയത്. സമീപകാലത്തൊന്നും ടി20 ഫോര്‍മാറ്റ് കളിക്കാത്ത രോഹിത് ടി20 ലോകകപ്പ് കളിക്കാന്‍ സാധ്യതയില്ലെന്നാണ് നിലവിലെ സാഹചര്യം വിലയിരുത്തുമ്പോള്‍ പറയാന്‍ സാധിക്കുക. എന്നാല്‍ അപ്രതീക്ഷിതമായി രോഹിത് മടങ്ങിയെത്താനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.
എന്നാല്‍ ടി20 ലോകകപ്പ് കളിക്കുന്നത് സ്വപ്‌നം കാണുന്നതിന് മുമ്പ് രോഹിത്തിന് മുന്നില്‍ രണ്ട് പ്രധാന കടമ്പകളാണുള്ളത്. ഏഷ്യാ കപ്പിലേയും ഏകദിന ലോകകപ്പിലേയും പ്രകടനമാവും രോഹിത്തിന്റെ ഭാവി തീരുമാനിക്കുക. ഏകദിന ലോകകപ്പിന് ഇന്ത്യയാണ് ആതിഥേയരാവുന്നത്. സ്വന്തം തട്ടകത്തില്‍ ഇന്ത്യക്ക് ഏകദിന ലോകകപ്പ് നേടിക്കൊടുക്കാന്‍ സാധിക്കാതെ പോയാല്‍ രോഹിത്തിന് ഒരു ഫോര്‍മാറ്റിലും മുന്നോട്ട് പോകാന്‍ സാധിച്ചേക്കില്ല.
അതുകൊണ്ടുതന്നെ ഈ രണ്ട് വെല്ലുവിളികളെ മറികടക്കാനുള്ള പദ്ധതികളാണ് രോഹിത് ആദ്യം മെനയേണ്ടത്. മികച്ച യുവതാരങ്ങളെ ഇന്ത്യ ടി20യില്‍ വളര്‍ത്തിക്കൊണ്ടുവരുന്നുണ്ട്. അതുകൊണ്ടുതന്നെ രോഹിത് ടി20 ലോകകപ്പ് കളിക്കാതിരിക്കുന്നതാണ് നല്ലത്. അതേ സമയം വിരാട് കോലി ടി20 ലോകകപ്പ് ടീമില്‍ ഉള്‍പ്പെടണം. കോലിയെപ്പോലൊരു താരം നെടുന്തൂണായി ഒപ്പമില്ലെങ്കില്‍ ഇന്ത്യയെ അത് പ്രതികൂലമായി ബാധിക്കാന്‍ സാധ്യതയുണ്ട്.