ഇതാ, രോഹിത് ആദ്യമായി നയിച്ച ഇന്ത്യന്‍ ഏകദിന ഇലവന്‍, അന്നു നേരിട്ടത് വന്‍ തോല്‍വി!
ടി20ക്കു പിന്നാലെ രോഹിത് ശര്‍മ ഒടുവില്‍ ഇന്ത്യന്‍ ഏകദിന ടീമിന്റെയും സ്ഥിരം ക്യാപ്റ്റനായി മാറിയിരിക്കുകയാണ്. വരാനിരിക്കുന്ന സൗത്താഫ്രിക്കന്‍ പര്യടനത്തിലെ മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയിലാണ് അദ്ദേഹം ആദ്യമായി ടീമിനെ നയിക്കുക. നേരത്തേ മുന്‍ നായകന്‍ വിരാട് കോലിയുടെ അഭാവത്തില്‍ പല തവണ ടി20, ഏകദിന ഫോര്‍മാറ്റുകളില്‍ രോഹിത് താല്‍ക്കാലിക ക്യാപ്റ്റനായിട്ടുണ്ട്. അന്നെല്ലാം നായകനെന്ന നിലയില്‍ ഹിറ്റ്മാന്‍ തിളങ്ങുകയും ചെയ്തിരുന്നു.
ഏകദിനത്തില്‍ നേരത്തേ 10 തവണയാണ് രോഹിത് ഇന്ത്യന്‍ ടീമിനെ നയിച്ചിട്ടുള്ളത്. ഇവയില്‍ എട്ടെണ്ണത്തിലും ടീമിനു വിജയം നേടിക്കൊടുക്കാന്‍ അദ്ദേഹത്തിനു സാധിക്കുകയും ചെയ്തു. പക്ഷെ ഏകദിനത്തില്‍ ആദ്യമായി നയിച്ച കളിയില്‍ രോഹിത്തിനു പരാജയം നേരിട്ടിരുന്നു. 2017 ഡിസംബര്‍ 10ന് ശ്രീലങ്കയ്‌ക്കെതിരേ ധര്‍മശാലയില്‍ നടന്ന മല്‍സരത്തിലായിരുന്നു ഇത്. ഏഴു വിക്കറ്റിനായിരുന്നു അന്നു ഇന്ത്യന്‍ പരാജയം. ഈ തോല്‍വിക്ക് ഇന്നേക്കു നാലു വര്‍ഷങ്ങള്‍ പൂര്‍ത്തിയാവുകയാണ്. അന്നു രോഹിത്തിനു കീഴില്‍ അണിനിരന്ന ഇന്ത്യന്‍ പ്ലെയിങ് ഇലവനിലുണ്ടായിരുന്നവര്‍ ആരൊക്കെയായിരുന്നുവെന്നും ഇപ്പോള്‍ അവര്‍ എവിടെയാണെന്നും നോക്കാം.

രോഹിത്- ശിഖര്‍ ധവാന്‍ (ഓപ്പണര്‍മാര്‍)
രോഹിത് ശര്‍മയും ശിഖര്‍ ധവാനുമായിരുന്നു അന്നു ഇന്ത്യയുടെ ഓപ്പണര്‍മാര്‍. ടോസ് ലഭിച്ചത് ശ്രീലങ്കയ്ക്കായിരുന്നു. ഇന്ത്യയോടു ലങ്ക ബാറ്റ് ചെയ്യാന്‍ ആവശ്യപ്പെടുകയും ചെയ്തു. ടീം സ്‌കോറില്‍ രണ്ടു റണ്‍സാവുമ്പോഴേക്കും രോഹിത്തും ധവാനും പുറത്തായി. ധവാനെ ആഞ്ചലോ മാത്യൂസ് റണ്ണെടുക്കും മുമ്പ് വിക്കറ്റിനു മുന്നില്‍ കുരുക്കിയപ്പോള്‍ നായകന്‍ രോഹിത്തിനെ സുരംഗ ലക്മലിന്റെ ബൗളിങില്‍ വിക്കറ്റ് കീപ്പര്‍ ക്യാച്ചെടുത്തു.
രോഹിത്തും ധവാനും ഇപ്പോഴും ഏകദിന ക്രിക്കറ്റില്‍ സജീവമാണ്. പക്ഷെ സൗത്താഫ്രിക്കയ്‌ക്കെതിരേ നടക്കാനിരിക്കുന്ന ഏകദിന പരമ്പരയില്‍ ധവാനു ടീമില്‍ ഇടം ലഭിക്കുമോയെന്ന കാര്യം ഉറപ്പില്ല. നിലവില്‍ ടി20, ടെസ്റ്റ് ഫോര്‍മാറ്റുകളില്‍ രോഹിത്തിന്റെ ഓപ്പണിങ് പങ്കാളി കെഎല്‍ രാഹുലാണ്.

ശ്രേയസ്, കാര്‍ത്തിക്, പാണ്ഡെ, ധോണി (മധ്യനിര)
രോഹിത് ആദ്യമായി ടീമിനെ നയിച്ച ഏകദിനത്തില്‍ മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണിയായിരുന്നു ടോപ്‌സ്‌കോറര്‍. മധ്യനിരയില്‍ ശ്രേയസ് അയ്യര്‍, ദിനേശ് കാര്‍ത്തിക്, മനീഷ് പാണ്ഡെ എന്നിവരുണ്ടായിരുന്നെങ്കിലും ആര്‍ക്കും ബാറ്റിങില്‍ കാര്യമായ സംഭാവന നല്‍കാനായില്ല. മൂന്നു പേരും കൂടി 11 റണ്‍സ് മാത്രമാണ് നേടിയത്.
18 ബോളുകള്‍ നേരിട്ട കാര്‍ത്തിക് ഡെക്കായി പുറത്താവുകയായിരുന്നു. ഒരു ഘട്ടത്തില്‍ ഇന്ത്യ ഏഴു വിക്കറ്റിന് 29 റണ്‍സിലേക്കു തകര്‍ന്നടിഞ്ഞിരുന്നു. എന്നാല്‍ ധോണിയുടെ ഇന്നിങ്‌സ് ഇന്ത്യയെ വലിയ നാണക്കേടില്‍ നിന്നു രക്ഷിച്ചു. 87 ബോളില്‍ അദ്ദേഹം 65 റണ്‍സ് നേടി. ഇതാണ് ഇന്ത്യയെ 100 കടക്കാന്‍ സഹായിച്ചത്.
മധ്യനിരയിലെ ഈ നാലു പേരില്‍ ശ്രേയസ് മാത്രമാണ് നിലവിലെ ടീമിന്റെ ഭാഗമായുള്ളത്. ധോണി വിരമിച്ചപ്പോള്‍ പാണ്ഡെയ്ക്കും കാര്‍ത്തിക്കിനും ടീമിലെ സ്ഥാനം നഷ്ടമാവുകയു ചെയ്തു.

ഹാര്‍ദിക് പാണ്ഡ്യ (ഓള്‍റൗണ്ടര്‍)
ഇന്ത്യന്‍ പ്ലെയിങ് ഇലവനിലെ ഏക ഓള്‍റൗണ്ടര്‍ അന്നു ഹാര്‍ദിക് പാണ്ഡ്യയായിരുന്നു. ബാറ്റിങില്‍ 10 റണ്‍സാണ് ഹാര്‍ദിക് ഈ കളിയില്‍ നേടിയത്. ബൗളിങില്‍ ഒരു വിക്കറ്റ് നേടുകയും ചെയ്തു.
അതിനു ശേഷം ഒരുപാട് അന്താരാഷ്ട്ര മല്‍സരങ്ങളില്‍ ഹാര്‍ദിക് കളിച്ചിട്ടുണ്ട്. ഏറ്റവും അവസാനമായി അദ്ദേഹത്തെ ഇന്ത്യന്‍ ജഴ്‌സിയില്‍ കണ്ടത് കഴിഞ്ഞ മാസം സമാപിച്ച ഐസിസിയുടെ ടി20 ലോകകപ്പിലായിരുന്നു. അതിനു ശേഷം ന്യൂസിലാന്‍ഡിനെതിരേ നാട്ടില്‍ മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയില്‍ ഇന്ത്യ കളിച്ചിരുന്നു. പക്ഷെ ഫിറ്റ്‌നസ് പ്രശ്‌നങ്ങളെ തുടര്‍ന്ന് ഹാര്‍ദിക്കിനെ ഒഴിവാക്കുകയായിരുന്നു. ഫിറ്റ്‌നസ് വീണ്ടെടുക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന അദ്ദേഹത്തെ സൗത്താഫ്രിക്കയ്‌ക്കെതിരേ വരാനിരിക്കുന്ന ഏകദിന പരമ്പരയിലും പരിഗണിക്കാനിടയില്ല.

ഭുവി, ബുംറ, കുല്‍ദീപ്, ചാഹല്‍ (ബൗളര്‍മാര്‍)
രണ്ടു വീതം സ്‌പെഷ്യലിസ്റ്റ് ഫാസ്റ്റ് ബൗളര്‍മാരും സ്പിന്നര്‍മാരുമായിരുന്നു ഇന്ത്യയുടെ പ്ലെയിങ് ഇലവനിലുണ്ടായിരുന്നത്. ഇന്ത്യ നല്‍കിയ 113 റണ്‍സെന്ന ചെറിയ വിജയലക്ഷ്യം ശ്രീലങ്ക 20.4 ഓവറില്‍ തന്നെ വെറും മൂന്നു വിക്കറ്റിനു മറികടക്കുകയായിരുന്നു. ഈ കളിയില്‍ തന്റെ റിസ്റ്റ് സ്പിന്‍ ജോടികളായ കുല്‍ദീപ് യാദവ്, യുസ്വേന്ദ്ര ചാഹല്‍ എന്നിവരെ രോഹിത് ഉപയോഗിക്കുക പോലും ചെയ്തില്ല. പേസ് ജോടികളായ ഭുവനേശ്വര്‍ കുമാറും ജസ്പ്രീത് ബുംറയും ഓരോ വിക്കറ്റുകള്‍ വീതം നേടിയിരുന്നു.
ഈ നാലു പേരില്‍ കുല്‍ദീപൊഴികെ മറ്റുള്ളവരെല്ലാം ഇപ്പോഴും ഇന്ത്യന്‍ ടീമിന്റെ ഭാഗമാണ്. സൗത്താഫ്രിക്കയ്‌ക്കെതിരായ അടുത്ത പരമ്പരയില്‍ ഇവര്‍ ടീമിലുണ്ടാവുമെന്നും ഏറെക്കുറെ ഉറപ്പാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications