264 റണ്‍സ് നേടിയതുകൊണ്ടല്ല! ഹിറ്റ്മാന്‍ എന്ന പേരിന് കാരണം മറ്റൊന്ന്! വെളിപ്പെടുത്തി രോഹിത്
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകനും വെടിക്കെട്ട് ഓപ്പണറുമാണ് രോഹിത് ശര്‍മ. മധ്യനിര ബാറ്റ്‌സ്മാനായി തുടങ്ങിയ രോഹിത് ആദ്യ സമയങ്ങളില്‍ ടീമിലെ സ്ഥിര സാന്നിധ്യമായിരുന്നില്ല. 2013ല്‍ എംഎസ് ധോണി രോഹിത്തിനെ ഓപ്പണറാക്കി പരീക്ഷിച്ചതോടെയാണ് അദ്ദേഹത്തിന്റെ തലവര മാറിയത്. ഇപ്പോള്‍ ഇന്ത്യയുടെ നായകനായും സൂപ്പര്‍ ഓപ്പണറായും രോഹിത് തന്റേതായ സ്ഥാനം നേടിയെടുത്തിരിക്കുന്നു. ഏകദിനത്തില്‍ മൂന്ന് ഇരട്ട സെഞ്ച്വറി നേടിയ ഏക താരമാണ് രോഹിത്.
ഏകദിനത്തിലെ ഉയര്‍ന്ന സ്‌കോറായ 264 റണ്‍സ് രോഹിത്തിന്റെ പേരിലാണ്. രോഹിത് ശര്‍മയെന്ന പേരിനേക്കാളേറെ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത് ഹിറ്റ്മാനെന്ന പേരാണ്. അനായാസം സിക്‌സര്‍ നേടുന്ന രോഹിത്തിനെ ഹിറ്റ്മാനെന്ന് വിളിച്ചാണ് ആരാധകര്‍ വാഴ്ത്തുന്നത്. ഇപ്പോഴിതാ ഹിറ്റ്മാനെന്ന പേരുവരാന്‍ ഒരു കാരണമുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് രോഹിത് ശര്‍മ. മൂന്ന് ഇരട്ട സെഞ്ച്വറി നേടിയതുകൊണ്ടല്ല തനിക്ക് ഈ പേരുവന്നതെന്നാണ് രോഹിത് പറയുന്നു.
ഓസ്‌ട്രേലിയക്കെതിരായ പ്രകടനമാണ് തനിക്ക് ഹിറ്റ്മാന്‍ വിശേഷണം ലഭിക്കാന്‍ കാരണമെന്നാണ് രോഹിത് ശര്‍മ പറയുന്നത്. 2013ലെ ഓസ്‌ട്രേലിയന്‍ പരമ്പരയില്‍ രോഹിത് ഇരട്ട സെഞ്ച്വറി നേടിയിരുന്നു. ഈ മത്സരത്തില്‍ 16 സിക്‌സുകളാണ് അദ്ദേഹം പറത്തിയത്. ഒരു ഏകദിന ഇന്നിങ്‌സില്‍ കൂടുതല്‍ സിക്‌സറുകളെന്ന റെക്കോഡും രോഹിത് സ്വന്തം പേരിലാക്കി. ഈ നേട്ടമാണ് ഹിറ്റ്മാനെന്ന വിശേഷണം തനിക്ക് സമ്മാനിച്ചതെന്നാണ് രോഹിത് പറയുന്നത്.
'2013ലെ ഓസ്‌ട്രേലിയക്കെതിരായ മത്സരം മറക്കാനാവാത്തതാണ്. എന്റെ ആദ്യത്തെ ഏകദിന ഇരട്ട സെഞ്ച്വറി ഈ പരമ്പരയിലായിരുന്നു. 16 സിക്‌സാണ് ഇരട്ട സെഞ്ച്വറി നേടാനായി ഞാന്‍ പറത്തിയത്. മത്സര ശേഷം ചിലര്‍ എന്റെ അടുത്തു വരികയും നിങ്ങളൊരു ഹിറ്റ്മാനാണെന്ന് പറയുകയും ചെയ്തു. രവി ശാസ്ത്രിയും ഈ പ്രകടനത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ ഹിറ്റ്മാന്‍ എന്ന് പരാമര്‍ശിച്ചിരുന്നു. പിന്നീട് എല്ലാവരും അങ്ങനെ വിളിക്കാന്‍ തുടങ്ങി'- രോഹിത് ശര്‍മ പറഞ്ഞു.

അനായാസം സിക്‌സര്‍ പറത്തുന്ന ബാറ്റ്‌സ്മാനാണ് രോഹിത്. നിലയുറപ്പിച്ചാല്‍ വലിയ സ്‌കോര്‍ നേടാന്‍ അദ്ദേഹത്തിന് സാധിക്കും. രോഹിത് നിലയുറപ്പിച്ചാല്‍ സെഞ്ച്വറികൊണ്ട് ആരാധകര്‍ തൃപ്തരാവില്ല. ഇരട്ട സെഞ്ച്വറിക്കായാണ് ആരാധകര്‍ ആര്‍പ്പു വിളിക്കുന്നത്. മൂന്ന് ഫോര്‍മാറ്റിലും ഒരുപോലെ മികവ് കാട്ടാന്‍ രോഹിത്തിന് സാധിക്കുന്നു. ടി20യില്‍ ഇന്ത്യക്കായി നാല് സെഞ്ച്വറികള്‍ അദ്ദേഹം നേടി. എന്നാല്‍ പരിമിത ഓവറില്‍ വളര്‍ന്നപ്പോഴും ടെസ്റ്റില്‍ അദ്ദേഹം പടിക്ക് പുറത്തായിരുന്നു.
2019ലാണ് ടെസ്റ്റ് ഓപ്പണറായി രോഹിത് സ്ഥാനമുറപ്പിക്കുന്നത്. ഇപ്പോഴും ആ റോള്‍ നന്നായി അദ്ദേഹം നിര്‍വഹിക്കുന്നു. ഇക്കഴിഞ്ഞ വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലും അദ്ദേഹം സെഞ്ച്വറി നേടിയിരുന്നു. ബ്രയാന്‍ ലാറയുടെ പേരിലുള്ള 400 റണ്‍സെന്ന ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ റെക്കോഡ് തകര്‍ക്കാന്‍ ശേഷിയുള്ളവനെന്ന് പോലും പേരെടുക്കാന്‍ ഇക്കാലയളവില്‍ രോഹിത്തിന് സാധിച്ചിട്ടുണ്ട്.
രോഹിത്തിന്റെ ഫിറ്റ്‌നസാണ് എല്ലായ്‌പ്പോഴും പ്രശ്‌നമായി ചൂണ്ടിക്കാട്ടപ്പെടുന്നത്. അമിത വണ്ണം രോഹിത്തിന്റെ പ്രശ്‌നമായി പറയുമ്പോഴും ഇത് തന്റെ പ്രകടനത്തെ ബാധിക്കാതെ മുന്നോട്ട് പോകാന്‍ രോഹിത്തിന് സാധിക്കുന്നുണ്ട്. അലസനായ ബാറ്റ്‌സ്മാനെന്ന വിശേഷണം കരിയറിന്റെ തുടക്ക കാലത്ത് രോഹിത്തിന് നേരിടേണ്ടി വന്നിരുന്നു. എന്നാല്‍ പിന്നീട് രോഹിത് പ്രകടനങ്ങളിലൂടെത്തന്നെ ഈ ചീത്തപ്പേര് മാറ്റി.
ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെ അഞ്ച് തവണ കിരീടത്തിലേക്കെത്തിച്ച നായകനാണ് രോഹിത്. ഇന്ത്യക്കായി 52 ടെസ്റ്റില്‍ നിന്ന് 3677 റണ്‍സും 244 ഏകദിനത്തില്‍ നിന്ന് 9837 റണ്‍സും 148 ടി20യില്‍ നിന്നായി 3853 റണ്‍സും അദ്ദേഹം നേടിയിട്ടുണ്ട്. 243 ഐപിഎല്ലില്‍ നിന്നായി 6211 റണ്‍സും രോഹിത്തിന്റെ പേരിലുണ്ട്. ഈ വര്‍ഷം നടക്കുന്ന ഏകദിന ലോകകപ്പില്‍ രോഹിത്തിന് കീഴിലാവും ഇന്ത്യ കളിക്കുക. ഇന്ത്യയെ വിശ്വകിരീടം ചൂടിക്കാന്‍ രോഹിത്തിന് സാധിക്കുമോയെന്നത് കാത്തിരുന്ന് കണ്ടറിയാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications