ഇന്ത്യയുടെ ടി20 ഫോര്‍മാറ്റിലെ പദ്ധതികളിലേക്ക് വരുമ്പോള്‍ നിലവില്‍ വിരാട് കോലിയും രോഹിത് ശര്‍മയും ടീമിന് പുറത്താണ്. സീനിയേഴ്‌സിനെ മാറ്റിനിര്‍ത്തി മികച്ച യുവതാരങ്ങളെ വളര്‍ത്തിക്കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് നിലവിലെ ഇന്ത്യന്‍ ടി20 ടീമിന്റെ പ്രവര്‍ത്തനം. ഹാര്‍ദിക് പാണ്ഡ്യയെ ക്യാപ്റ്റനാക്കിയാണ് ഇന്ത്യയുടെ ടി20 ടീം മുന്നോട്ട് പോകുന്നത്. അടുത്ത വര്‍ഷം ടി20 ലോകകപ്പ് നടക്കാനിരിക്കെ ഇപ്പോഴേ ഇന്ത്യ തയ്യാറെടുക്കുകയാണ്.
അടുത്ത വര്‍ഷത്തെ ടി20 ലോകകപ്പ് കളിക്കാന്‍ രോഹിത് ശര്‍മയും വിരാട് കോലിയും രവീന്ദ്ര ജഡേജയും ഉണ്ടാകില്ലെന്ന റിപ്പോര്‍ട്ടുകള്‍ സജീവമാകവെ ടി20യിലെ തന്റെയും കോലിയുടെയും ഭാവി സംബന്ധിച്ച് നിര്‍ണ്ണായക വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് രോഹിത് ശര്‍മ. 'അവസാന വര്‍ഷം ടി20 ലോകകപ്പ് നടക്കുന്നുണ്ടായിരുന്നു. ആ സമയത്ത് ഞങ്ങള്‍ ഏകദിന ക്രിക്കറ്റില്‍ നിന്ന് പരമാവധി വിട്ടുനിന്നിരുന്നു.
ഇത്തവണ ഏകദിന ലോകകപ്പ് നടക്കാനുള്ളതിനാല്‍ താല്‍ക്കാലികമായി ടി20 ഫോര്‍മാറ്റില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്. ലോകകപ്പിനൊരുങ്ങുമ്പോള്‍ എല്ലാ മത്സരവും കളിച്ച് മുന്നോട്ട് പോകാനാവില്ല. ഇക്കാര്യം നേരത്തെ തന്നെ തീരുമാനിച്ചതാണ്. രവീന്ദ്ര ജഡേജയും ടി20 കളിക്കുന്നില്ല. എന്നാല്‍ ഇക്കാര്യം ജഡേജയോട് ആരും ചോദിക്കില്ല.'- രോഹിത് ശര്‍മ പറഞ്ഞു.
ഇന്ത്യയുടെ ടി20 ഫോര്‍മാറ്റില്‍ നിന്ന് രോഹിത്തിനേയും കോലിയേയും മാറ്റിനിര്‍ത്തുമെന്ന് പറയുമ്പോഴും അടുത്ത വര്‍ഷം ടി20 ലോകകപ്പ് കളിക്കാനാവുമെന്ന പ്രതീക്ഷയും രോഹിത് പങ്കുവെക്കുന്നു. ടി20 ലോകകപ്പ് കളിക്കാനുള്ള തയ്യാറെടുപ്പിലാണെന്ന് അമേരിക്കയിലെ ഒരു പരിപാടിയില്‍ സംസാരിക്കവെയാണ് രോഹിത് വെളിപ്പെടുത്തിയത്. ഇതിന് പിന്നാലെ രോഹിത്തിനെതിരേ നിരവധി ട്രോളുകളും ഉയര്‍ന്നിരുന്നു. ഇന്ത്യക്കായി നാല് ടി20 സെഞ്ച്വറികള്‍ നേടിയിട്ടുള്ള താരമാണ് രോഹിത് ശര്‍മ.

മുംബൈ ഇന്ത്യന്‍സിനെ അഞ്ച് തവണ കിരീടത്തിലേക്കെത്തിച്ച ക്യാപ്റ്റനാണ് രോഹിത്. എന്നാല്‍ സമീപകാലത്തായി രോഹിത്തിന്റെ ടി20യിലെ പ്രകടനം വളരെ മോശമാണ്. പ്രതീക്ഷക്കൊത്ത പ്രകടനം അദ്ദേഹത്തിന് കാഴ്ചവെക്കാന്‍ സാധിക്കുന്നില്ല. അതുകൊണ്ട് തന്നെ രോഹിത് ടി20 ഫോര്‍മാറ്റില്‍ നിന്ന് വഴിമാറിക്കൊടുക്കുന്നതാണ് ടീമിന് നല്ലത്. മൂന്ന് ഫോര്‍മാറ്റിലും കളിക്കുന്നത് രോഹിത്തിന്റെ ഫിറ്റ്‌നസിനെ മോശമായി ബാധിക്കാനും സാധ്യതയുണ്ട്.
അതുകൊണ്ടുതന്നെ ടി20 ഫോര്‍മാറ്റില്‍ നിന്ന് രോഹിത് വിട്ടുനില്‍ക്കുന്നതാണ് ടീമിന് എന്തുകൊണ്ടും നല്ലത്. അതേ സമയം വിരാട് കോലി ടി20 ഫോര്‍മാറ്റില്‍ തുടരണം. വമ്പനടിക്കാരനെന്ന് വിളിക്കാനാവില്ലെങ്കിലും ടീമിനെ മുന്നോട്ട് കൊണ്ടുപോകാന്‍ കോലിയെപ്പോലൊരു താരം ടീമില്‍ വേണ്ടത് അത്യാവശ്യമാണ്. അവസാന ടി20 ലോകകപ്പില്‍ പാകിസ്താനെതിരേ കോലി ഇന്ത്യയെ വിജയത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയത് എല്ലാവരും കണ്ടതാണ്.
ഏകദിന ലോകകപ്പ് വരാനിരിക്കെ പരിക്ക് തലവേദനയാണെന്നും രോഹിത് ശര്‍മ തുറന്ന് പറഞ്ഞു. 'ലോകകപ്പ് നടക്കാന്‍ പോവുകയാണ്. എല്ലാവര്‍ക്കും പുതുമയോടെ ഇറങ്ങാനുള്ള അവസരമൊരുക്കണമെന്നാണ് കരുതുന്നത്. ഇതിനോടകം ഇന്ത്യന്‍ ടീമില്‍ നിരവധി താരങ്ങളെ പരിക്ക് വലക്കുന്നുണ്ട്. സത്യസന്ധമായി പറഞ്ഞാല്‍ ഇപ്പോള്‍ പരിക്ക് വലിയ തലവേദനയായി മാറിയിട്ടുണ്ട്. ഇപ്പോള്‍ പരിക്കെന്ന് കേട്ടാല്‍ ഭയമുണ്ട്. താരങ്ങളുടെ ഫിറ്റ്‌നസിന് അതീവ പ്രാധാന്യം നല്‍കുന്നു.
താരങ്ങളെ പരമാവധി റൊട്ടേറ്റ് ചെയ്ത് വിശ്രമം അനുവദിക്കാനാണ് ശ്രമിക്കുന്നത്. പ്രധാന താരങ്ങള്‍ക്ക് പ്രധാന മത്സരങ്ങള്‍ നഷ്ടമാകുന്ന സാഹചര്യം ഉണ്ടാകരുത്. അവസാന രണ്ട് വര്‍ഷത്തിനിടെ പല പ്രധാന മത്സരങ്ങളും നമ്മുടെ ചില സുപ്രധാന താരങ്ങള്‍ക്ക് നഷ്ടമായിരുന്നു. ഇത് ആവര്‍ത്തിക്കാന്‍ ടീം ആഗ്രഹിക്കുന്നില്ല'-രോഹിത് ശര്‍മ കൂട്ടിച്ചേര്‍ത്തു.
കെ എല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍, ജസ്പ്രീത് ബുംറ എന്നിവരുടെ ഫിറ്റ്‌നസാണ് ഇന്ത്യക്ക് വലിയ തലവേദനയായിരിക്കുന്നത്. മൂന്ന് പേരും ലോകകപ്പിന് മുമ്പായി തിരിച്ചെത്തുമെങ്കിലും ഫിറ്റ്‌നസും ഫോമും എത്രത്തോളമെന്നത് കണ്ടറിയണം. ഇവര്‍ക്ക് കളിക്കാന്‍ സാധിക്കാതെ പോയാല്‍ ഇന്ത്യക്കത് വലിയ തിരിച്ചടിയായി മാറുമെന്നുറപ്പ്.