ഈ വര്‍ഷം നടന്ന ഐസിസിയുടെ ടി20 ലോകകപ്പ് ഫൈനലില്‍ സൗത്താഫ്രിക്കയെ വീഴ്ത്തി ഇന്ത്യയെ ചാംപ്യന്‍മാരാക്കുന്നതില്‍ റിഷഭ് പന്തിനും നിര്‍ണായക റോളുണ്ടെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് മുന്‍ ടി20 ക്യാപ്റ്റന്‍ രോഹിത് ശര്‍മ. പരാജയത്തിന്റെ വക്കില്‍ നിന്നാണ് ത്രില്ലറില്‍ സൗത്താഫ്രിക്കയെ മറികടന്ന് രണ്ടാം ലോക കിരീടത്തില്‍ ഇന്ത്യന്‍ ടീം മുത്തമിട്ടത്.
ടി20 ലോകകപ്പില്‍ ഇന്ത്യന്‍ വിജയത്തില്‍ പങ്കാളിയായ ടീമംഗങ്ങളായ സൂര്യകുമാര്‍ യാദവ്, അക്ഷര്‍ പട്ടേല്‍, അര്‍ഷ്ദീപ് സിങ്, ശിവം ദുബെ എന്നിവര്‍ക്കൊപ്പം കപില്‍ ശര്‍മയുടെ ഷോയില്‍ അതിഥിയായി വന്നപ്പോഴാണ് രോഹിത് മനസ്സുതുറന്നത്. ഇന്ത്യന്‍ കുപ്പായത്തില്‍ അദ്ദേഹത്തിന്റെ അവസാനത്തെ ടി20 കൂടിയായിരുന്നു ലോകകപ്പ് ഫൈനല്‍. കിരീടവിജയത്തിനു പിന്നാലെ ടി20യില്‍ നിന്നും രോഹിത് വിരമിക്കലും പ്രഖ്യാപിച്ചിരുന്നു.

കാലിടറി സൗത്താഫ്രിക്ക
ബ്രിഡ്ജ്ടൗണില്‍ നടന്ന ആവേശകരമായ കലാശപ്പോരാട്ടത്തില്‍ ഇന്ത്യക്കെതിരേ സൗത്താഫ്രിക്കയ്ക്കു അവസാനത്തെ അഞ്ചോവറില്‍ ജയിക്കാന്‍ 30 റണ്‍സ് മാത്രമേ വേണ്ടിയിരുന്നുള്ളൂ. വിക്കറ്റുകളും കൈവശമുണ്ടായിരുന്നു.
ഈ സമയത്താണ് റിഷഭ് പന്ത് പേശീവലിവ് കാരണം ഗ്രൗണ്ടിലിരുന്നത്. തുടര്‍ന്നു ടീം ഫിസിയോ ഗ്രൗണ്ടിലേക്കു വരികയും മല്‍സരം അല്‍പ്പസമയം തടസ്സപ്പെടുകയും ചെയ്തു. കളി പുനരാരംഭിച്ച ശേഷം സൗത്താഫ്രിക്കയുടെ നേരത്തേയുള്ള താളം നഷ്ടമാവുകയും വിക്കറ്റുകള്‍ കൈവിട്ട് തോല്‍വിയിലേക്കു വീഴുകയും ചെയ്യുകയായിരുന്നു.
ഞങ്ങള്‍ ഭയപ്പെട്ടു
ഫൈനലില്‍ സൗത്താഫ്രിക്കന്‍ ടീം റണ്‍ചേസില്‍ വിജയത്തിലേക്കു മുന്നേറവെ തങ്ങള്‍ ശരിക്കും ഭയപ്പെട്ടിരുന്നതായും വലിയ ടെന്‍ഷനുണ്ടായിരുന്നുവെന്നും രോഹിത് ശര്‍മ വെളിപ്പെടുത്തി. സൗത്താഫ്രിക്കയ്ക്കു ഒരുപാട് വിക്കറ്റുകള്‍ ബാക്കിയുണ്ടായിരുന്നു. മാത്രമല്ല സെറ്റായ ബാറ്റര്‍മാരാണ് അപ്പോഴുണ്ടായിരുന്നത്. ഞങ്ങള്‍ക്കു ശരിക്കും ടെന്‍ഷന്‍ അനുഭവപ്പെടാനും തുടങ്ങി. മാത്രമല്ല നല്ല ഭയവും തോന്നിയിരുന്നു.
പക്ഷെ അത്തരമൊരു സന്ദര്‍ഭത്തില്‍ ക്യാപ്റ്റനു ശക്തമായ മുഖമുണ്ടായിരിക്കേണ്ടത് ആവശ്യമാണ്. ഇതു ആര്‍ക്കുമറിയില്ല. അവര്‍ക്കു ജയിക്കാന്‍ 30 റണ്‍സ് (24 ബോളില്‍ 26 റണ്‍സ്) വേണമെന്നിരിക്കെ കളിയില്‍ ചെറിയൊരു ബ്രേക്കുണ്ടായി. റിഷഭ് പന്ത് അവന്റെ തലച്ചോര്‍ ഉപയോഗിക്കുകയും കളി നിര്‍ത്തുകയും ചെയ്തു. കാല്‍മുട്ടിനു വേദനയനുഭവപ്പെടുന്നതായാണ് അവന്‍ പറഞ്ഞത്. തുടര്‍ന്നു ആ ഭാഗത്തു കെട്ടുകയും ചെയ്തതായി രോഹിത് വിശദമാക്കി.
സൗത്താഫ്രിക്കയുടെ താളം നഷ്ടമായി
ക്രീസിലുണ്ടായിരുന്ന സൗത്താഫ്രിക്കന്‍ ബാറ്റര്‍മാര്‍ അപ്പോള്‍ നല്ല താളത്തിലായിരുന്നു. അതുകൊണ്ടു തന്നെ വളരെ പെട്ടെന്നു ബാക്കിയുള്ള ബോളുകളെറിയാനും അവര്‍ ആഗ്രഹിക്കുകയും ചെയ്തു. കാരണം ബാറ്റിങിലെ ആ ഒഴുക്ക് തുടര്‍ന്നു കൊണ്ടുപോവേണ്ടത് അവര്‍ക്കു ആവശ്യവുമായിരുന്നു. ഞാന്‍ ഈ സമയത്തു ഫീല്‍ഡ് സെറ്റ് ചെയ്തു കൊണ്ടിരിക്കുകയായിരുന്നു.
ബൗളറുമായി സംസാരിക്കുന്നതിനിടെയാണ് റിഷഭ് ഗ്രൗണ്ടിലിക്കുന്നത് ഞാന്‍ കണ്ടത്. ഫിസിയോയും അപ്പോള്‍ അവിടേക്കു വന്നു. എത്രയും പെട്ടെന്നു കളി പുനരാരംഭിക്കാന്‍ കാത്തു നില്‍ക്കുകയായിരുന്നു ഹെന്‍ട്രിച്ച് ക്ലാസെന്‍. ഇതാണ് (കളിയിലെ ബ്രേക്ക്) ഇന്ത്യയുടെ വിജയത്തിനു കാരണമെന്നു ഞാന്‍ പറയില്ല. പക്ഷെ ചിലപ്പോള്‍ അതുമായിരിക്കാം. റിഷഭ് പന്ത് അവന്റെ തലച്ചോര്‍ ഉപയോഗിക്കുകയും തങ്ങള്‍ വിജയിക്കുകയും ചെയ്തയായും രോഹിത് ശര്‍മ കൂട്ടിച്ചേര്‍ത്തു.

അതേസമയം, ഹാര്‍ദിക് പാണ്ഡ്യയെറിഞ്ഞ 17ാം ഓവറിലെ ആദ്യ ബോളില്‍ ഹെന്‍ട്രിച്ച് ക്ലാസെന്‍ പുറത്തായതാണ് കളിയില്‍ വഴിത്തിരിവായത്. 27 ബോളില്‍ 52 റണ്‍സ് വാരിക്കൂട്ടിയ അദ്ദേഹം ക്രീസില്‍ നിന്നിരുന്നെങ്കില്‍ സൗത്താഫ്രിക്ക വളരെ അനായാസം ജയിക്കേണ്ടതായിരുന്നു.
എന്നാല്‍ ഓഫ്സ്റ്റംപിനു ഏറെ പുറത്തുകൂടി പോയ ബോളില്‍ വമ്പന്‍ ഷോട്ടിനു ശ്രമിച്ച ക്ലാസനു പിഴച്ചു. ബാറ്റില്‍ എഡ്ജായ ബോള്‍ റിഷഭ് അനായാസം പിടികൂടുകയായിരുന്നു. ഇതോടെ 177 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന സൗത്താഫ്രിക്ക എട്ടു വിക്കറ്റിനു 169 റണ്‍സുമായി മല്‍സരവും ലോകകപ്പും അടിയറവയ്ക്കുകയും ചെയ്തു.