സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരേ നടക്കാനിരിക്കുന്ന ശേഷിച്ച രണ്ടു ടെസ്റ്റുകള്‍ക്കുള്ള ഇന്ത്യന്‍ ടീമിന്റെ വൈസ് ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നും ചേതേശ്വര്‍ പുജാരയെ മാറ്റി. പകരം നിശ്ചിത ഓവര്‍ ടീമിന്റെ വൈസ് ക്യാപ്റ്റനും സൂപ്പര്‍ താരവുമായ രോഹിത് ശര്‍മയെ ദൗത്യമേല്‍പ്പിച്ചു. തീര്‍ത്തും അപ്രതീക്ഷിതമായാണ് ബിസിസിഐയുടെ ഈ നീക്കം. പരിക്കില്‍ നിന്നും മോചിതനായി രോഹിത് ഇന്ത്യന്‍ ടീമിനൊപ്പം കഴിഞ്ഞ ദിവസം ചേര്‍ന്നിരുന്നു. ഏഴു മുതല്‍ സിഡ്‌നിയില്‍ നടക്കാനിരിക്കുന്ന മൂന്നാം ടെസ്റ്റില്‍ രോഹിത് തീര്‍ച്ചയായും ടീമിലുണ്ടാവുമെന്ന സൂചന നല്‍കിയാണ് അദ്ദേഹത്തിനു സഹ നായകസ്ഥാനവും നല്‍കിയിരിക്കുന്നത്.

മെല്‍ബണില്‍ അജിങ്ക്യ രഹാനെയ്ക്കു കീഴില്‍ ഇന്ത്യ എട്ടു വിക്കറ്റിന്റെ വിജയം കൊയ്ത രണ്ടാം ടെസ്റ്റില്‍ പുജാരയായിരുന്നു വൈസ് ക്യാപ്റ്റന്‍. സ്ഥിരം ക്യാപ്റ്റന്‍ വിരാട് കോലി ഭാര്യയുടെ പ്രസവവുമായി ബന്ധപ്പെട്ടു ആദ്യ ടെസ്റ്റിനു ശേഷം നാട്ടിലേക്കു മടങ്ങിയിരുന്നു. ഇതേ തുടര്‍ന്നാണ് വൈസ് ക്യാപ്റ്റനായിരുന്ന രഹാനെ നായകസ്ഥാനത്തേക്കു വന്നത്. പുജാരയ്ക്കു വൈസ് ക്യാപ്റ്റന്‍സിയും നല്‍കുകയായിരുന്നു.
നേരത്തേ തന്നെ നിശ്ചിത ഓവര്‍ ടീമിന്റെ വൈസ് ക്യാപ്റ്റനാണെങ്കിലു രോഹിത് ടെസ്റ്റ് ടീമില്‍ സ്ഥാനമുറപ്പിച്ചിട്ട് അധികമായിട്ടില്ല. അതുകൊണ്ടു തന്നെ ദീര്‍ഘകാലമായി ടെസ്റ്റ് സംഘത്തിലെ അവിഭാജ്യഘടകമായ പുജാരയ്ക്കു പകരം രോഹിത്തിനെ ശേഷിച്ച ടെസ്റ്റുകളില്‍ വൈസ് ക്യാപ്റ്റനാക്കിയത് പലരെയും അദ്ഭുതപ്പെടുത്തിയിട്ടുണ്ട്. 2017 മുതല്‍ ഏകദിനം, ടി20 എന്നിവയില്‍ ഇന്ത്യയുടെ വൈസ് ക്യാപ്റ്റനാണ് രോഹിത്. ഇതാദ്യമാണ് ടെസ്റ്റിലും നേതൃസംഘത്തില്‍ അദ്ദേഹം അംഗമാവുന്നത്.

2013ലായിരുന്നു രോഹിത്തിന്റെ ടെസ്റ്റിലെ അരങ്ങേറ്റം. 32 ടെസ്റ്റുകൡ ഇതുവരെ കളിച്ച അദ്ദേഹം 2141 റണ്‍സും നേടിയിട്ടുണ്ട്. ആറു സെഞ്ച്വറികള്‍ ഇതിലുള്‍പ്പെടുന്നു. കഴിഞ്ഞ ആറു വര്‍ഷമായി ഹിറ്റ്മാന്‍ ടെസ്റ്റ് ടീമില്‍ അകത്തും പുറത്തുമായി തുടരുകയായിരുന്നു.
2019ല്‍ ഓപ്പണിങിലേക്കു വന്ന ശേഷമാണ് അദ്ദേഹം ടെസ്റ്റിലും സ്ഥാനമുറപ്പാക്കിയത്. 19ലെ ഇന്ത്യയുടെ ഹോം സീസണിനു മുമ്പാണ് രോഹിത്തിന് ടെസ്റ്റില്‍ ഓപ്പണറായി അവസരം ലഭിക്കുന്നത്. മികച്ച പ്രകടനങ്ങളിലൂടെ ഈ റോളില്‍ അദ്ദേഹം കസറുകയും ചെയ്തു. എന്നാല്‍ അപ്രതീക്ഷിതമായി പരിക്ക് വില്ലനായതോടെ 2019 നവംബറിനു ശേഷം രോഹിത് ടെസ്റ്റില്‍ കളിച്ചിട്ടില്ല. 2020ല്‍ ഒരു ടെസ്റ്റില്‍ പോലും അദ്ദേഹത്തിനു കളിക്കാനായിരുന്നില്ല.
ഫിറ്റ്‌നസ് ടെസ്റ്റില്‍ വിജയിച്ച ശേഷം ഓസ്‌ട്രേലിയയിലെത്തിയ രോഹിത് 14 ദിവസത്തെ ക്വാറന്റീനു ശേഷം കഴിഞ്ഞ ദിവസം മെല്‍ബണില്‍ ടീമംംഗങ്ങള്‍ക്കൊപ്പം ചേര്‍ന്നിരുന്നു. ബാറ്റിങ് കോച്ച് ഭരത് അരുണിനു കീഴില്‍ അദ്ദേഹം പരിശീലനം നടത്തുകയും ചെയ്തിരുന്നു. ഇനി ടീമംഗങ്ങള്‍ക്കൊപ്പം രോഹിത് മൂന്നാം ടെസ്റ്റിനായി സിഡ്‌നിയിലേക്കു തിരിക്കും. മൂന്നാം ടെസ്റ്റില്‍ അദ്ദേഹം പ്ലെയിങ് ഇലവനിലെത്തുന്നതോടെ മായങ്ക് അഗര്‍വാള്‍, ഹനുമാ വിഹാരി എന്നിവരിലൊരാള്‍ക്കായിരിക്കും സ്ഥാനം നഷ്ടമാവുക.