മുംബൈ: ഏകദിന ലോകകപ്പിനായുള്ള കാത്തിരിപ്പിലേക്കുള്ള ദൂരം കുറഞ്ഞ് വരികയാണ്. ഒക്ടോബര്‍ 5നാണ് വിശ്വകിരീടത്തിനായുള്ള പോരാട്ടങ്ങള്‍ ആരംഭിക്കുന്നത്. അവസാന ലോകകപ്പ് ഫൈനലിനെ ഓര്‍മപ്പെടുത്തി ഇംഗ്ലണ്ട്-ന്യൂസീലന്‍ഡ് പോരാട്ടത്തോടെയാണ് ഇത്തവണത്തെ ഏകദിന ലോകകപ്പ് ആരംഭിക്കുന്നത്. ആതിഥേയരെന്ന നിലയില്‍ ഇന്ത്യക്ക് വ്യക്തമായ മുന്‍തൂക്കമുണ്ട്. തട്ടകത്തിന്റെ മുന്‍തൂക്കത്തോടൊപ്പം തകര്‍പ്പന്‍ താരനിരയും ഇന്ത്യയുടെ കിരീട മോഹങ്ങളെ സജീവമാക്കുന്നു.
എന്നാല്‍ പരിക്ക് ഇന്ത്യക്ക് മുകളില്‍ വില്ലനായുണ്ട്. രോഹിത് ശര്‍മയെന്ന നായകന് കീഴില്‍ ഇന്ത്യക്ക് ലോക ചാമ്പ്യന്മാരാവാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് എല്ലാവരും. എന്നാല്‍ ഇതൊട്ടും എളുപ്പമാവില്ലെന്നതാണ് വസ്തുത. ലോകകപ്പിനായുള്ള പടയൊരുക്കം സജീവമാകവെ ഇന്ത്യയുടെ പ്രധാന ദൗര്‍ബല്യത്തെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ. മധ്യനിരയിലെ പ്രശ്‌നമാണ് രോഹിത് പ്രധാന വെല്ലുവിളിയായി ഉയര്‍ത്തിക്കാട്ടിയത്.
'നാലാം നമ്പര്‍ ഏറെ നാളുകളായി ഇന്ത്യക്ക് മുന്നിലുള്ള പ്രധാന പ്രശ്‌നമാണ്. യുവരാജ് സിങ്ങിന് ശേഷം ഈ പൊസിഷനില്‍ നിലയുറപ്പിച്ച മറ്റൊരു താരവുമില്ല'- രോഹിത് ശര്‍മ പറഞ്ഞു. ഇത് ഇന്ത്യക്ക് മുന്നിലെ പ്രധാന പ്രശ്‌നം തന്നെയാണ്. നാലാം നമ്പറില്‍ ശ്രേയസ് അയ്യരും അഞ്ചാം നമ്പറില്‍ കെ എല്‍ രാഹുലുമാണ് പ്രതീക്ഷിക്കപ്പെടുന്നത്. രണ്ടുപേരുടെയും ഫിറ്റ്‌നസാണ് പ്രശ്‌നം. ഏറെ നാളുകളായി ഇവര്‍ ടീമിന് പുറത്താണ്.
ലോകകപ്പിന് മുമ്പ് ഇവര്‍ക്ക് ഫിറ്റ്‌നസ് വീണ്ടെടുക്കാനാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. എന്നാല്‍ ഫിറ്റ്‌നസ് വീണ്ടെടുത്താലും പ്രകടനം എങ്ങനെയാവുമെന്നതാണ് കണ്ടറിയേണ്ടത്. ഇത് ഇന്ത്യക്ക് മുന്നിലെ പ്രധാന ആശങ്കയാണ്. ഇരുവര്‍ക്കും കളിക്കാന്‍ സാധിക്കാതെ വന്നാല്‍ ആരാവും പകരമെന്നതും വലിയ ചോദ്യം. ഇന്ത്യക്ക് നാലാം നമ്പറിലേക്ക് ബാക്കപ്പായി പരിഗണിക്കാന്‍ സാധിക്കുന്നത് സഞ്ജു സാംസണ്‍, സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍ എന്നിവരെയാണ്.

ഇവരെയെല്ലാം ബാക്കപ്പായി നിലവില്‍ ഇന്ത്യ പിന്തുണക്കുന്നുണ്ട്. പക്ഷെ ഇവരെയൊന്നും വിശ്വസ്തരെന്ന് പറയാന്‍ സാധിക്കില്ല. ശ്രേയസ് അയ്യര്‍ നാലാം നമ്പറില്‍ മികച്ച പ്രകടനം നടത്തിയിട്ടുള്ള താരമാണ്. ലോകകപ്പിന് മുമ്പ് ശ്രേയസിന് ഫോം കണ്ടെത്താനായാല്‍ ഇന്ത്യക്കത് വലിയ ആശ്വാസമാവും. അല്ലാത്ത പക്ഷം കാര്യങ്ങള്‍ പ്രയാസകരമായിരിക്കും. റിഷഭ് പന്ത് ലോകകപ്പ് കളിക്കില്ലെന്ന് ഉറപ്പായിട്ടുണ്ട്. ഇതോടെ മധ്യനിരയില്‍ ഇടം കൈയന്‍ താരത്തിന്റെ അഭാവം ഇന്ത്യയെ ബാധിക്കും.
യുവതാരം തിലക് വര്‍മയെ നാലാം നമ്പറിലേക്ക് പരിഗണിക്കണമെന്ന ആവശ്യം ശക്തമാവുന്നുണ്ട്. നിലവില്‍ ഇന്ത്യക്കായി ടി20 അരങ്ങേറ്റം നടത്താന്‍ തിലകിന് സാധിച്ചിട്ടുണ്ട്. വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 മത്സരങ്ങളിലൂടെ അദ്ദേഹം കഴിവ് തെളിയിച്ചിട്ടുമുണ്ട്. പക്ഷെ ഇതുവരെ ഏകദിന ഫോര്‍മാറ്റില്‍ അരങ്ങേറാത്ത താരത്തെ പെട്ടെന്ന് ലോകകപ്പ് പദ്ധതികളുടെ ഭാഗമാക്കാന്‍ ഇന്ത്യ തയ്യാറാവുമോയെന്നതാണ് കണ്ടറിയേണ്ടത്. മികച്ച ഇടം കൈയന്‍ ബാറ്റ്‌സ്മാന്‍മാരുടെ അഭാവം ഇന്ത്യക്കുണ്ട്.
നിലവിലെ ഇന്ത്യന്‍ ടീമില്‍ ഇഷാന്‍ കിഷന്‍, തിലക് വര്‍മ എന്നിവരെ മാത്രമാണ് ഭേദപ്പെട്ട ഇടം കൈയന്‍മാരെന്ന് വിളിക്കാനാവുക. മറ്റാര്‍ക്കും പ്രതീക്ഷിച്ച മികവ് കാട്ടാനാവുന്നില്ല. തിലകിനെ നാലാം നമ്പറിലേക്ക് പരിഗണിക്കുന്നത് മികച്ച തീരുമാനിയിരിക്കും. എന്നാല്‍ ഇതുവരെ പദ്ധതികളില്ലാത്ത താരത്തെ പെട്ടെന്ന് പരിഗണിക്കുകയും ഫ്‌ളോപ്പാവുകയും ചെയ്താല്‍ ഇന്ത്യയുടെ എല്ലാ പദ്ധതികളും പാളും. വലിയ വിമര്‍ശനങ്ങള്‍ രോഹിത്തും ദ്രാവിഡും കേള്‍ക്കേണ്ടി വരും.
തിലക് മുംബൈ ഇന്ത്യന്‍സ് താരമായതിനാല്‍ രോഹിത്തിനത് കൂടുതല്‍ തലവേദനയായി മാറും. വലിയ സാഹസമാണെങ്കിലും ഈ ദൗത്യം ഏറ്റെടുക്കാന്‍ രോഹിത് തയ്യാറായേക്കും. രാഹുലിന്റേയും ശ്രേയസിന്റേയും ഫിറ്റ്‌നസും ഫോമും വിലയിരുത്തിയാവും തിലകിന്റെ കാര്യം തീരുമാനിക്കുക. ഇന്ത്യയുടെ ബൗളിങ് നിരയിലും പ്രശ്‌നമുണ്ട്. മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ജസ്പ്രീത് ബുംറ എന്നിവര്‍ പേസ് നിരയില്‍ ഇടം പിടിക്കാനാണ് സാധ്യത.
എന്നാല്‍ മികച്ചൊരു ഇടം കൈയന്‍ പേസറില്ലെന്നത് ഇന്ത്യക്ക് മുന്നില്‍ തലവേദനയായി തുടരുന്നു. അര്‍ഷദീപ് സിങ് ടീമിലുണ്ടെങ്കിലും വലിയ മികവ് അവകാശപ്പെടാനാവില്ല. ഇത് ടീമിനെ പ്രതികൂലമായി ബാധിക്കാനാണ് സാധ്യത.