Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

രോഹിത് ചാമ്പ്യന്‍, ഡബ്ല്യുഡബ്ല്യുഇ പട്ടം നല്‍കി ത്രിപിള്‍ എച്ച്! ചിത്രം ഏറ്റെടുത്ത് ആരാധകര്‍

ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകനായ രോഹിത് ശര്‍മക്ക് വലിയ ആരാധക പിന്തുണയാണുള്ളത്. ക്രിക്കറ്റിനെ സ്‌നേഹിക്കുന്നവര്‍ക്കെല്ലാം രോഹിത് പ്രിയപ്പെട്ടവനാണ്. അനായാസം സിക്‌സര്‍ പായിക്കുന്ന ഹിറ്റ്മാന്റെ ബാറ്റിങ് മികവ് ആരാധക ഹൃദയങ്ങള്‍ കീഴടക്കിയിട്ട് നാളുകളേറെയായി. മുംബൈ ഇന്ത്യന്‍സിലൂടെയാണ് രോഹിത് സൂപ്പര്‍ താരമായി വളര്‍ന്നതെന്ന് പറയാം. മുംബൈയെ അഞ്ച് തവണ ചാമ്പ്യന്മാരാക്കിയ നായകനാണ് രോഹിത്.

ഇന്ത്യയില്‍ മാത്രമല്ല വിദേശത്തും രോഹിത്തിന് ആരാധകരേറെയാണ്. ഇതില്‍ മറ്റ് കായിക മേഖലയിലെ പ്രമുഖരും ഉള്‍പ്പെടും. ഇക്കൂട്ടത്തില്‍ ഡബ്ല്യുഡബ്ല്യുഇ സൂപ്പര്‍ സ്റ്റാര്‍ ത്രിപിള്‍ എച്ചും ഉള്‍പ്പെടും. രോഹിത്തിന്റെ വലിയ ആരാധകനായ ത്രിപിള്‍ എച്ച് മുംബൈ ഇന്ത്യന്‍സ് ടീമിന്റെയും കടുത്ത ആരാധകനാണ്. ഒരു തവണ ത്രിപിള്‍ എച്ച് രോഹിത്തിന് ഡബ്ല്യുഡബ്ലുഇയിലെ ചാമ്പ്യന്‍ പട്ടം നല്‍കിയിരുന്നു. 2017ലായിരുന്നു ത്രിപിള്‍ എച്ച് രോഹിത്തിന് ഈ സമ്മാനം നല്‍കിയത്.

മുംബൈ ഇന്ത്യന്‍സിനെ മൂന്നാം തവണ ചാമ്പ്യന്മാരാക്കിയപ്പോഴായിരുന്നു തന്റെ ചാമ്പ്യന്‍പട്ടം നല്‍കി ത്രിപിള്‍ എച്ച് രോഹിത്തിനെ ആദരിച്ചത്. ചാമ്പ്യന്‍പട്ടവുമായുള്ള രോഹിത്തിന്റെ ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തു. ഇപ്പോഴിതാ ആറ് വര്‍ഷങ്ങള്‍ക്കിപ്പുറം ഹിറ്റ്മാന്റെ ഈ ചിത്രം ആരാധകര്‍ കുത്തിപ്പൊക്കിയിരിക്കുകയാണ്. ഹിറ്റ്മാന്റെ ആരാധകര്‍ രോഹിത്തിന്റെ ഫാന്‍ പവര്‍ കാട്ടുന്നതിനായാണ് ഈ ചിത്രങ്ങള്‍ വീണ്ടും കുത്തിപ്പൊക്കിയിരിക്കുന്നത്.

ട്രിപിള്‍ എച്ച് ലോകത്തില്‍ എല്ലായിടത്തും ആരാധകരുള്ള ഡബ്ല്യുഡബ്ല്യുഇ താരമാണ്. നിരവധി തവണ സ്മാക് ഡൗണിലും റോയിലുമെല്ലാം അദ്ദേഹം ചാമ്പ്യനായിട്ടുണ്ട്. ചെറിയ നീളന്‍ മുടിയും സിക്‌സ് പാക്ക് ബോഡിയുമായുള്ള ട്രിപിള്‍ എച്ചിന്റെ ആരാധകരല്ലാത്തവര്‍ ചുരുക്കമാണെന്ന് പറയാം. ത്രിപിള്‍ എച്ച് പോലും രോഹിത്തിന്റെ ആരാധകനാണെന്നത് വലിയ സംഭവമാക്കി ഉയര്‍ത്തിക്കാട്ടുകയാണ് ആരാധകര്‍.

rohit sharma

2017ലെ ഐപിഎല്ലില്‍ റൈസിങ് പൂനെ സൂപ്പര്‍ ജയ്ന്റ്‌സിനെ തോല്‍പ്പിച്ചാണ് മുംബൈ ഇന്ത്യന്‍സ് ചാമ്പ്യന്മാരായത്. ഇതിന് ശേഷം രണ്ട് തവണ കൂടി മുംബൈ ഇന്ത്യന്‍സ് കിരീടം നേടി. മുംബൈ ഇന്ത്യന്‍സിന്റെ നായകനായി രോഹിത് നടത്തിയ പ്രകടനമാണ് അദ്ദേഹത്തെ ഇന്ന് ഇന്ത്യന്‍ ടീമിന്റെ നായകസ്ഥാനത്തേക്കെത്തിച്ചത്. ഇപ്പോള്‍ മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയുടെ നായകനാണ് രോഹിത്. വരാനിരിക്കുന്ന ഏകദിന ലോകകപ്പില്‍ ഇന്ത്യയെ നയിക്കുന്നത് രോഹിത്താണ്.

ഏഷ്യാ കപ്പ്, ഏകദിന ലോകകപ്പ് എന്നീ രണ്ട് നിര്‍ണ്ണായക ടൂര്‍ണമെന്റുകള്‍ രോഹിത്തിന് മുന്നിലുണ്ട്. ഇതില്‍ രണ്ടിലും ടീമിനെ കിരീടത്തിലേക്കെത്തിക്കുകയെന്ന വലിയ തലവേദനയെയാണ് അദ്ദേഹം മറികടക്കേണ്ടത്. ഇതിന് സാധിക്കാതെ പോയാല്‍ രോഹിത്തിന് ടീമിലെ സ്ഥാനം പോലും നഷ്ടമായേക്കും. ഇടവേളക്ക് ശേഷമാണ് ഇന്ത്യന്‍ മണ്ണിലേക്ക് ഏകദിന ലോകകപ്പ് എത്തുന്നത്. 2011ല്‍ ആതിഥേയരായപ്പോള്‍ കിരീടം ചൂടാന്‍ ഇന്ത്യക്കായിരുന്നു.

അതുകൊണ്ടുതന്നെ ഇത്തവണ കിരീടം നേടാനാവാതെ പോയാല്‍ രോഹിത്തിനത് വലിയ നാണക്കേടായി മാറുമെന്ന കാര്യം ഉറപ്പാണ്. ഇതിനോടകം ടി20 ടീമില്‍ നിന്ന് രോഹിത് പുറത്തായിക്കഴിഞ്ഞു. മറ്റ് രണ്ട് ഫോര്‍മാറ്റിലേയും രോഹിത്തിന്റെ ഭാവി തീരുമാനിക്കുന്നത് ഏഷ്യാ കപ്പ്, ഏകദിന ലോകകപ്പ് എന്നീ ടൂര്‍ണമെന്റുകളിലൂടെയാവും. ഇന്ത്യയെ കിരീടത്തിലേക്കെത്തിക്കാന്‍ രോഹിത്തിന് സാധിക്കുമോയെന്നത് കാത്തിരുന്ന് കണ്ടറിയാം.

അതേ സമയം രോഹിത്തിന്റെ ഈ ചിത്രങ്ങള്‍ക്ക് ട്രോളുകളും എത്തുന്നുണ്ട്. ഡബ്ല്യുഡബ്ല്യുഇയില്‍ പങ്കെടുക്കുന്നവരെല്ലാം ഉയര്‍ന്ന ഫിറ്റ്‌നസുള്ളവരാണ്. എന്നാല്‍ രോഹിത്തിന്റെ ഫിറ്റ്‌നസ് വളരെ മോശമാണ്. അമിത വണ്ണം രോഹിത്തിനുണ്ട്. അതുകൊണ്ടുതന്നെ രോഹിത്തിന്റെ ഫിറ്റ്‌നസിനെ പരിഹസിച്ചുകൊണ്ടാണ് കൂടുതല്‍ ട്രോളുകളുയരുന്നത്.

ത്രിപിള്‍ എച്ച് രോഹിത്തിന് മാത്രമല്ല ചാമ്പ്യന്‍ പട്ടം നല്‍കിയിട്ടുള്ളത്. മുന്‍ ഫുട്‌ബോള്‍ താരം ജോണ്‍ ടെറി, ബാസ്‌കറ്റ്‌ബോള്‍ താരം ലിബ്രോണ്‍ ജെയിംസ് എന്നിവര്‍ക്കെല്ലാം അദ്ദേഹം തന്റെ ചാമ്പ്യന്‍പട്ടം നല്‍കിയിട്ടുണ്ട്.

Story first published: Thursday, August 10, 2023, 13:00 [IST]
Other articles published on Aug 10, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+