Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കോലിയുടെ കൈയെത്തുംദൂരത്ത് രോഹിത്, വ്യത്യാസം വെറും മൂന്നു പോയിന്റ്! കരിയര്‍ ബെസ്റ്റ്

1

ഐസിസി ടെസ്റ്റ് ബാറ്റ്‌സ്മാന്‍മാരുടെ റാങ്കിങില്‍ രോഹിത് ശര്‍മയുടെ കുതിപ്പ് തുടരുമ്പോള്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി കിതയ്ക്കുകയാണ്. പുതിയ റാങ്കിങില്‍ കോലിയുമായുള്ള അകലം ഒന്നു കൂടി കുറച്ചിരിക്കുകയാണ് ഹിറ്റ്മാന്‍. നിലവില്‍ വെറും മൂന്നു പോയിന്റിന്റെ വ്യത്യാസം മാത്രമേ ഇരുവരും തമ്മിലുള്ളൂ. കോലിക്കു 776 റേറ്റിങ് പോയിന്റാണുള്ളതെങ്കില്‍ രോഹിത്തിനു 773 പോയിന്റുമുണ്ട്. റാങ്കിങില്‍ കോലി അഞ്ചാംസ്ഥാനത്തും രോഹിത് ആറാംസ്ഥാനത്തതുമാണ്.

ഇംഗ്ലണ്ടിനെതിരേ ഇപ്പോള്‍ നടക്കുന്ന ടെസ്റ്റ് പരമ്പരയിലെ മികച്ച ചില ഇന്നിങ്‌സുകളാണ് റേറ്റിങ് പോയിന്റ് മെച്ചപ്പെടുത്താന്‍ രോഹിത്തിനെ സഹായിച്ചിരിക്കുന്നത്. എന്നാല്‍ കരിയറിലെ മോശം ഫോമിലൂടെ കടന്നുപോവുന്ന കോലിക്കു കഴിഞ്ഞ രണ്ടു ടെസ്റ്റുകളിലും കാര്യമായ ഇംപാക്ടുണ്ടാക്കാന്‍ സാധിച്ചിട്ടില്ല. ഇതാണ് രോഹിത്തിനെ കോലിക്ക് ഒരുപടി കൂടി അടുത്ത് എത്തിച്ചിരിക്കുന്നത്.

2

ടെസ്റ്റില്‍ ഓപ്പണിങിലേക്കു പ്രൊമോഷന്‍ ലഭിച്ചതോടെയാണ് രോഹിത്തിന്റെ കരിയര്‍ മാറിമറിഞ്ഞതെന്നു കാണാം. മധ്യനിര ബാറ്റ്‌സ്മാനായിരുന്ന ഹിറ്റ്മാന്‍ ടെസ്റ്റില്‍ ഓപ്പണിങ് സ്ഥാനത്തേക്കു വരുമ്പോള്‍ റാങ്കിങില്‍ 54ാം സ്ഥാനത്തായിരുന്നു. ഇപ്പോള്‍ രണ്ടു വര്‍ഷം പിന്നിടുമ്പോള്‍ മുന്നേറ്റം നടത്തിയാണ് അദ്ദേഹം ആറാം റാങ്കിലേക്കുയര്‍ന്നിരിക്കുന്നത്. കരിയറിലെ ഏറ്റവും മികച്ച റേറ്റിങ് പോയിന്റാണ് ഇപ്പോള്‍ രോഹിത്തിന്റേത്. മാത്രമല്ല ലോക ക്രിക്കറ്റില്‍ ഏറ്റവുമുയര്‍ന്ന റാങ്കുള്ള ടെസ്റ്റ് ഓപ്പണറും ഹിറ്റ്മാന്‍ തന്നെയാണ്.

ഇംഗ്ലണ്ടിനെതിരേ ഇപ്പോള്‍ നടക്കുന്ന ടെസ്റ്റ് പരമ്പരയില്‍ നാലു ഇന്നിങ്‌സുകളില്‍ നിന്നും 152 റണ്‍സാണ് രോഹിത് നേടിയത്. റണ്‍വേട്ടയില്‍ മൂന്നാംസ്ഥാനക്കാരന്‍ കൂടിയാണ് അദ്ദേഹം. 50.6 ശരാശരിയില്‍ 19 ബൗണ്ടറികളും രണ്ടു സിക്‌സറുമടക്കമാണ് രോഹിത് 150ന് മുകളില്‍ നേടിയത്. പരമ്പരയില്‍ കൂടുതല്‍ സിക്‌സറുകളടിച്ചതും അദ്ദേഹം തന്നെയാണ്. ലോര്‍ഡ്‌സിലെ രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ നേടിയ 83 റണ്‍സാണ് ഹിറ്റ്മാന്റെ ഉയര്‍ന്ന സ്‌കോര്‍. 145 ബോളില്‍ 11 ബൗണ്ടറികളും ഒരു സിക്‌സറുമടക്കമായിരുന്നു. വിദേശത്തു ടെസ്റ്റില്‍ രോഹിത്തിന്റെ ഏറ്റവുമുയര്‍ന്ന സ്‌കോറും ഇതു തന്നെയാണ്. 2015ല്‍ ശ്രീലങ്കയ്‌ക്കെതിരേ നേടിയ 79 റണ്‍സ് അദ്ദേഹം തിരുത്തുകയായിരുന്നു. വിദേശ മണ്ണിലെ ആദ്യ ടെസ്റ്റ് സെഞ്ച്വറി രോഹിത് ലോര്‍ഡ്‌സില്‍ കുറിക്കുമെന്ന് ഏവരും പ്രതീക്ഷിച്ചിരുന്നെങ്കിലും 17 റണ്‍സ് മാത്രമകലെ അദ്ദേഹത്തിനു കാലിടറുകയായിരുന്നു.

ലോര്‍ഡ്‌സ് ടെസ്റ്റിന്റെ രണ്ടാമിന്നിങ്‌സില്‍ പക്ഷെ രോഹിത് നിരാശപ്പെടുത്തി. 21 റണ്‍സിന് താരം പുറത്താവുകയായിരുന്നു. നേരത്തേ നോട്ടിങ്ഹാമിലെ ട്രെന്റ് ബ്രിഡ്ജില്‍ നടന്ന ആദ്യ ടെസ്റ്റിലും രോഹിത് മോശമല്ലാത്ത പ്രകടനം നടത്തിയിരുന്നു. ഒന്നാമിന്നിങ്‌സില്‍ 36 റണ്‍സായിരുന്നു അദ്ദേഹം നേടിയത്. 107 ബോളില്‍ നിന്നും ആറു ബൗണ്ടറികളടക്കമായിരുന്നു ഇത്. രണ്ടാമിന്നിങ്‌സില്‍ 12 റണ്‍സുമായി പുറത്താവാതെ നില്‍ക്കുകയും ചെയ്തിരുന്നു. ഈ മല്‍സരം സമനിലയില്‍ കലാശിക്കുകയായിരുന്നു. ഇന്ത്യ വിജയത്തിലേക്കു നീങ്ങവെ അഞ്ചാമത്തെയും അവസാനത്തെയും ദിനം റണ്‍ചേസ് മഴ തടസ്സപ്പെടുത്തുകയായിരുന്നു. മഴയെ തുടര്‍ന്നു ഒരോവര്‍ പോലും അവസാനദിനം കളി നടന്നില്ല. ഇതോടെ ടെസ്റ്റ് സമനിലയാവുകയും ചെയ്തു.

അതേസമയം, ടെസ്റ്റ് ബാറ്റ്‌സ്മാന്‍മാരുടെ റാങ്കിലേക്കു വരികയാണെങ്കില്‍ ന്യൂസിലാന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസണ്‍ ഒന്നാംസ്ഥാനം നിലനിര്‍ത്തിയിട്ടുണ്ട്. പക്ഷെ അദ്ദേഹത്തിനു തൊട്ടരികിലെത്തിയിരിക്കുകയാണ് ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ട്. വില്ല്യംസണിന് 901 പോയിന്റാണുള്ളതെങ്കില്‍ 893 പോയിന്റുമായി റൂട്ട് രണ്ടാംസ്ഥാനത്തുണ്ട്. ഓസ്‌ട്രേലിയന്‍ ജോടികളായ സ്റ്റീവ് സ്മിത്ത് (891), മാര്‍നസ് ലബ്യുഷെയ്ന്‍ (878) എന്നിവരാണ് മൂന്നും നാലും സ്ഥാനങ്ങളില്‍.

കോലി, രോഹിത് എന്നിവരെക്കൂടാതെ ബാറ്റ്‌സ്മാന്‍മാരുടെ ആദ്യ പത്തില്‍ മറ്റൊരു ഇന്ത്യന്‍ താരം കൂടിയുണ്ട്. അതു വിക്കറ്റ് കീപ്പര്‍ റിഷഭ് പന്താണ്. 736 പോയിന്റുമായി ഏഴാസ്ഥാനത്തു നില്‍ക്കുകയാണ്. തൊട്ടു മുന്നിലുള്ളത് രോഹിത്തും കോലിയുമാണ്.

Story first published: Wednesday, August 18, 2021, 14:22 [IST]
Other articles published on Aug 18, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+