ലോക ക്രിക്കറ്റില്‍ അവനേക്കാള്‍ അപകടകാരിയില്ല, കേമനും... അത് കോലിയല്ല, ചൂണ്ടിക്കാട്ടി ഗംഭീര്‍

ദില്ലി: നിശ്ചിത ഓവര്‍ ക്രിക്കറ്റിനു പിന്നാലെ ടെസ്റ്റിലും ഇന്ത്യയുടെ ഓപ്പണറായി പ്രൊമോഷന്‍ ലഭിച്ച വെടിക്കെട്ട് താരം രോഹിത് ശര്‍മയെ വാനോളം പ്രശംസിച്ച് മുന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍. ഒരു ദേശീയ മാധ്യമത്തിലെ തന്റെ കോളത്തിലാണ് ഹിറ്റ്മാനെ ഗംഭീര്‍ പ്രശംസ കൊണ്ടു മൂടിയത്.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റിലായിരുന്നു ഓപ്പണറായി രോഹിത്തിന്റെ അരങ്ങേറ്റം. രണ്ടിന്നിങ്‌സുകളിലും സെഞ്ച്വറിയുമായി അദ്ദേഹം തന്റെ തുടക്കം അവിസ്മരണീയമാക്കുകയും ചെയ്തിരുന്നു. പല റെക്കോര്‍ഡുകളും ഈ പ്രകടനത്തോടെ രോഹിത് തന്റെ പേരില്‍ കുറിച്ചിരുന്നു.

അയാളാണ് മാന്‍ ഓഫ് ദി മാച്ച്
ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയുള്ള ആദ്യ ടെസ്റ്റില്‍ രോഹിത്തിനോട് ആരാണോ തന്റെ സ്വതസിദ്ധമായ ശൈലയില്‍ തന്നെ ബാറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടത് അയാളാണ് തന്റെ മാന്‍ ഓഫ് ദി മാച്ചെന്നു ഗംഭീര്‍ വ്യക്തമാക്കി. ടെസ്റ്റ് ക്രിക്കറ്റായതു കൊണ്ടു തന്നെ രോഹിത്തിനെ ഡിഫന്‍സീവ് ശൈലിയിലേക്കു കൊണ്ടു വരിക എളുപ്പമാണ്. എന്നാല്‍ രോഹിത് ടെസ്റ്റിലെ സ്ഥിരം ശൈലിയില്‍ നിന്നും വ്യത്യസ്തമായി എന്താണോ തന്നെ സൂപ്പര്‍താരമാക്കിയ അതേ ശൈലിയില്‍ കളിച്ചതില്‍ ആഹ്ലാദമുണ്ടെന്നും ഗംഭീര്‍ കുറിച്ചു.

ഏറ്റവും അപകടകാരി
നിലവില്‍ ലോക ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ ബാറ്റ്‌സ്മാന്‍ ആരെന്നു ചോദിച്ചാല്‍ രോഹിത് എന്നായിരിക്കും തന്റെ ഉത്തരമെന്നു ഗംഭീര്‍ ചൂണ്ടിക്കാട്ടി.
മുന്‍ വെടിക്കെട്ട് ഓപ്പണര്‍ വീരേന്ദര്‍ സെവാഗിനോടാണ് രോഹിത്തിനെ ഗംഭീര്‍ ഉപമിച്ചത്. ടെസ്റ്റില്‍ ഇന്ത്യയെ റണ്‍ ചേസ് ചെയ്തു വിജയിപ്പിക്കാന്‍ സെവാഗിനെപ്പോലെ രോഹിത്തിനു കഴിയും. വളരെ ശ്രദ്ധയോടെ, സ്‌നേഹത്തോടെ കൈകാര്യം ചെയ്താല്‍ രോഹിത്തിന് തന്റെ കഴിവ് പുറത്തെടുക്കാന്‍ കഴിയുമെന്നും ഗംഭീര്‍ വിശദമാക്കി.

കോലിക്കും വലിയ പ്രതീക്ഷ
ടെസ്റ്റില്‍ ഓപ്പണിങിലെത്തിയ രോഹിത്തില്‍ വലിയ പ്രതീക്ഷയാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോലിക്കുമുള്ളത്. രോഹിത് മുന്‍നിരയില്‍ തന്റെ തനതു ശൈലിയില്‍ തുടരുകയാണെങ്കില്‍ ഭൂരിഭാഗം ടെസ്റ്റുകളിലും ഇന്ത്യക്കു ജയിക്കാന്‍ കളിയും. രോഹിത്തിന്റെ ഫോമില്‍ ടീമിലെ എല്ലാവരും ഹാപ്പിയാണ്. ഇനി ടെസ്റ്റിലും രോഹിത്തിനെ ബാറ്റിങ് ആസ്വദിക്കാന്‍ അനുവദിക്കേണ്ട സമയമാണെന്നും ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിനു മുമ്പ് കോലി പറഞ്ഞിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications