ആധുനിക ക്രിക്കറ്റിലെ ബാറ്റിങ് ഇതിഹാസങ്ങളെന്നു വിശേഷിപ്പിക്കപ്പെടുന്നവരാണ് വിരാട് കോലിയും നിലവിലെ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും. ദീര്‍ഘകാലമായി ഇന്ത്യന്‍ ബാറ്റിങിന്റെ നെടുതൂണുകളാണ് ഇരുവരുമെന്നു നിസംശയം പറയാം. കോലി റണ്‍മെഷീനാണെങ്കില്‍ റണ്‍വേട്ടക്കാരനാണ് ഹിറ്റ്മാന്‍. ഇവരില്‍ ആരാണ് ബെസ്‌റ്റെന്നു ചോദിച്ചാല്‍ ആരുമൊന്നു കുഴങ്ങും. എന്നാല്‍ രണ്ടു പേരില്‍ ഏറ്റവും കേമന്‍ രോഹിത്താണെന്നു ചൂണ്ടിക്കാണിച്ചിരിക്കുകയാണ് പാകിസ്താന്റെ മുന്‍ ഫാസ്റ്റ് ബൗളര്‍ സൊഹെയ്ല്‍ ഖാന്‍.
പാക് ടീമിനു വേണ്ടി 13 ഏകദിനങ്ങളിലും അഞ്ചു ടി20കളിലും കളിച്ചിട്ടുള്ള താരമാണ് അദ്ദേഹം. 2015ല്‍ ഓസ്‌ട്രേലിയ, ന്യസിലാന്‍ഡ് എന്നീവിടങ്ങളിലായി നടന്ന ഐസിസിയുടെ ഏകദിന ലോകകപ്പില്‍ പാകിസ്താന്‍ ടീമിനു വേണ്ടി സൊഹെയ്ല്‍ കളിക്കുകയും ചെയ്തിരുന്നു. നാദിര്‍ അലിയുടെ പോഡ്കാസ്റ്റില്‍ സംസാരിക്കവെയാണ് കോലിയേക്കാള്‍ മികച്ച ബാറ്റര്‍ രോഹിത്താണെന്നും ഇതിന്റെ കാരണങ്ങള്‍ എന്തൊക്കെയാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചത്.

രോഹിത്താണ് കൂടുതല്‍ കേമന്‍
വിരാട് കോലിയോടു എനിക്കു ബഹുമാനമാണുള്ളത്. കാരണം അദ്ദേഹം വളരെ വലിയ ബാറ്ററാണ്. പക്ഷെ ഒരു ബൗളറെന്ന നിലയില്‍ എനിക്കു തോന്നിയിട്ടുള്ളത് കോലിയേക്കാള്‍ മികച്ച ബാറ്റര്‍ രോഹിത് ശര്‍മയാണെന്നാണ്.
അദ്ദേഹത്തിന്റെ ബാറ്റിങ് ടെക്‌നിക്ക് ഗംഭീരമാണ്. വളരെ വൈകി ഷോട്ടുകള്‍ കളിക്കുന്നയാളാണ് രോഹിത്. ലോകത്തിലെ മുഴുവന്‍ സമയവും തനിക്കുള്ളതു പോലെയാണ് അദ്ദേഹത്തിന്റെ ബാറ്റിങെന്നു സൊഹെയ്ല്‍ ഖാന്‍ വിലയിരുത്തി.
ഫിറ്റ്‌നസിലൂടെ റണ്ണെടുക്കുന്ന ബാറ്റര്‍
സ്വന്തം ഫിറ്റ്‌നസ് മികവ് കൊണ്ട് റണ്‍സ് നേടുന്ന ബാറ്ററാണ് വിരാട് കോലി. അദ്ദേഹം ഒരു റണ്‍സ് നേടിക്കഴിഞ്ഞാല്‍ ഉടന്‍ തന്നെ അടുത്ത റണ്‍സിലും തയ്യാറായി ഇരിക്കുകയും ചെയ്യും. പക്ഷെ രോഹിത് ശര്‍മ അതു ചെയ്യാറില്ല. അദ്ദേഹം ഒരു റണ്‍സ് നേടിക്കഴിഞ്ഞാല്‍ അടുത്തതിന് ശ്രമിക്കുക പോലും ചെയ്യാറില്ല.
ബാറ്റ് കൊണ്ട് സ്‌കോര്‍ ചെയ്യാന്‍ ശ്രമിക്കുന്നയാളാണ് രോഹിത്. പക്ഷെ കോലി ബാറ്റ് കൊണ്ട് സ്‌കോര്‍ ചെയ്യുന്നതിനൊപ്പം വിക്കറ്റുകള്‍ക്കിടയിലുള്ള ഓട്ടത്തിലൂടെയും റണ്ണെടുക്കുന്നു. അതു നല്ല കാര്യം തന്നെയാണ്. കാരണം നിങ്ങള്‍ ഫിറ്റാണെങ്കില്‍ അതു നിങ്ങളില്‍ സ്വയം പ്രതിഫലിക്കുമെന്നും സൊഹെയ്ല്‍ ഖാന്‍ ചൂണ്ടിക്കാട്ടി.

ഇന്ത്യക്കെതിരേ അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഒരേയൊരു മല്‍സരത്തില്‍ മാത്രമേ അദ്ദേഹം കളിച്ചിട്ടുള്ളൂ. 2015ലെ ഏകദിന ലോകകപ്പില്‍ ഓസ്‌ട്രേലിയയിലെ അഡ്‌ലെയ്ഡില്‍ നടന്ന പോരാട്ടത്തിലാണ് അദ്ദേഹം പാക് സംഘത്തിലുണ്ടായിരുന്നത്. ഈ മല്‍സരത്തില്‍ മിന്നുന്ന പ്രകടനവും സൊഹെയ്ല്‍ കാഴ്ചവച്ചിരുന്നു. പാക് ബൗളിങിന്റെ കുന്തമുനയായി മാറിയ അദ്ദേഹം 10 ഓവറില്‍ അഞ്ചു വിക്കറ്റുകളാണ് പിഴുതത്.
ടെസ്റ്റിനുള്ള തയ്യാറെടുപ്പില്‍
രോഹിത് ശര്‍മയെയും വിരാട് കോലിയെയും ഇന്ത്യന്‍ ജഴ്‌സിയില്‍ ഇനി കാണുക അടുത്തയാഴ്ച ബംഗ്ലാദേശുമായി ചെന്നൈയില്‍ നടക്കാനിരിക്കുന്ന ഒന്നാം ക്രിക്കറ്റ് ടെസ്റ്റിലായിരിക്കും. തിങ്കളാഴ്ച പ്രഖ്യാപിച്ച ഇന്ത്യയുടെ 16 അംഗ സ്‌ക്വാഡില്‍ ഇരുവരും ഉള്‍പ്പെട്ടിട്ടുണ്ട്. ഈ വര്‍ഷം കോലി കളിക്കുന്ന ആദ്യത്തെ ടെസ്റ്റ് പരമ്പര കൂടിയായിരിക്കും ഇത്. ഈ വര്‍ഷമാദ്യം ഇംഗ്ലണ്ടുമായി നാട്ടില്‍ നടന്ന അഞ്ചു ടെസ്റ്റുകളുടെ പരമ്പരയില്‍ നിന്നും അദ്ദേഹം വിട്ടുനില്‍ക്കുകയായിരുന്നു.
ശ്രീലങ്കയുമായുള്ള ഏകദിന പരമ്പരയിലേറ്റ ഞെട്ടിക്കുന്ന പരാജയത്തിനു ശേഷം ഇന്ത്യയ കളിക്കുന്ന ആദ്യ പരമ്പരയാണ് ബംഗ്ലാദേശുമായിട്ടുള്ളത്. അതേസമയം, ബംഗ്ലാദേശ് ടീമാവട്ടെ പാകിസ്താനെ അവരുടെ നാട്ടില്‍ വച്ച് ടെസ്റ്റ് പരമ്പരയില്‍ 2-0നു തൂത്തുവാരിയതിനു ശേഷമാണ് ഇന്ത്യയിലേക്കു വരുന്നത്.